അല്‍പേഷ് ഠാക്കൂര്‍ ബിജെപിയിലേക്കെന്ന് സൂചന; ഗുജറാത്ത് ഉപമുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

By Web TeamFirst Published May 28, 2019, 10:43 AM IST
Highlights

ഏപ്രിലില്‍ ആണ് രഥന്‍പൂര്‍ എംഎല്‍എ അല്‍പേഷ് ഠാക്കൂറും അദ്ദേഹത്തിന്‍റെ രണ്ട് അനുയായികളും കോണ്‍ഗ്രസ് വിട്ടത്

അഹമ്മദാബാദ്: ഗുജറാത്തിലെ പ്രമുഖ ഒബിസി വിഭാഗം നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ അല്‍പേഷ് ഠാക്കൂര്‍ ബിജെപിയിലേക്കെന്ന് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് വിട്ട അല്‍പേഷ് ബിജെപിയിലേക്ക് ചേക്കേറാനൊരുങ്ങുന്നുവെന്ന് നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോക്സഭാതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇന്നലെ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ഒരു മണിക്കൂറോളം നീണ്ടു നിന്ന ചര്‍ച്ച അല്‍പേഷ് ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ചായിരുന്നുവെന്നാണ് സൂചന. 2017 ലാണ് അല്‍പേഷ് കോണ്‍ഗ്രസിലെത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് എംഎൽഎയുമായി. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ അല്‍പേഷ് ഠാക്കൂറും അദ്ദേഹത്തിന്‍റെ രണ്ട് അനുയായികളും കോണ്‍ഗ്രസ് വിടുകയായിരുന്നു. ലോക്സഭാതെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച അല്‍പേഷിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു.

ഇതാണ് അദ്ദേഹം പാര്‍ട്ടിവിടാനിടയാക്കിയത്. കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ അല്‍പേഷ് ജിഗ്നേഷ് മേവാനി, ഹര്‍ദ്ദിക് പാട്ടീല്‍ എന്നിവര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നായിരുന്നു മത്സരിച്ചത്. ഇത് നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സഹായമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ടാം വട്ടവും സീറ്റുകളൊന്നും നേടാതെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞടിഞ്ഞ സാഹചര്യത്തില്‍ അല്‍പേഷ് ബിജെപിയില്‍ ചേരുന്നത് കൂടിയാകുമ്പോള്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും. 

click me!