'തെരഞ്ഞെടുപ്പിൽ കയ്പേറിയ അനുഭവങ്ങൾ നേരിട്ടു'; ഡിഎംകെയിൽനിന്ന് രാജിവെച്ച് മുൻ മന്ത്രി; പാർട്ടി വിട്ടത് മുതിർന്ന നേതാവ് തോപ്പു വെങ്കടാചലം

Published : Aug 31, 2026, 02:43 PM IST
Thoppu Venkatachalam Quits DMK

Synopsis

തമിഴ്‌നാട് മുൻ മന്ത്രിയും ഡിഎംകെ നേതാവുമായ തോപ്പു എൻ ഡി വെങ്കടാചലം പാർട്ടി വിട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കയ്പേറിയ അനുഭവങ്ങളാണ് രാജിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ ഗ്രൂപ്പ് വഴക്കുകളാണ് തൻ്റെ തോൽവിക്ക് കാരണമായതെന്ന സൂചനയും അദ്ദേഹം നൽകി.

ഈറോഡ്: തമിഴ്‌നാട് മുൻ മന്ത്രിയും ഡിഎംകെ ഈറോഡ് സെൻട്രൽ ജില്ലാ മുൻ സെക്രട്ടറിയുമായ തോപ്പു എൻ ഡി വെങ്കടാചലം പാർട്ടിയിൽനിന്ന് രാജിവെച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കയ്പേറിയ അനുഭവങ്ങൾ കാരണം പാർട്ടിയിൽ തുടരാൻ കഴിയില്ലെന്നും അതിനാലാണ് രാജിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നു എന്ന വാർത്തകൾ ശരിയല്ലെന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളും രാജിവെക്കുകയാണെന്നും വെങ്കടാചലം വ്യക്തമാക്കി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പെരുന്തുറൈ മണ്ഡലത്തിൽ ഡിഎംകെ സ്ഥാനാർത്ഥിയായി മത്സരിച്ച വെങ്കടാചലം നേരിയ ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടത്.

"കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിലുണ്ടായ ചില കയ്പേറിയ അനുഭവങ്ങൾ കാരണം എനിക്ക് ഡിഎംകെയിൽ തുടരാൻ കഴിയാത്ത സാഹചര്യമാണ്. അതിനാൽ, പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും ഞാൻ രാജിവെക്കുന്നു. എല്ലാ പാർട്ടികളിലും ഗ്രൂപ്പ് വഴക്കുകളുണ്ട്, അതിൽ രണ്ടഭിപ്രായമില്ല. എന്നാൽ അതിനൊരു പരിധിയുണ്ട്. ചില പാർട്ടികളിൽ ഇത് പരിധി വിടുന്നുണ്ടെന്നതും നിഷേധിക്കാനാവില്ല"- വെങ്കടാചലം പറഞ്ഞു.

വരാനിരിക്കുന്ന പെരുന്തുറൈ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന്, താൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും തൻ്റെ സേവനം ആവശ്യമാണെന്ന് ജനങ്ങൾക്ക് തോന്നുന്നുവെങ്കിൽ മത്സരിക്കുന്നത് പരിഗണിക്കുമെന്നും വെങ്കടാചലം മറുപടി നൽകി. തൽക്കാലം മറ്റൊരു പാർട്ടിയിലേക്ക് ചേക്കേറുന്നില്ലെന്നും എന്നാൽ പിന്നീട് ഒരു തീരുമാനമെടുക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

"ഇപ്പോൾ ഒരു പാർട്ടിയിലും ചേരാൻ എനിക്ക് ഉദ്ദേശ്യമില്ല. ഞാനത് പിന്നീട് തീരുമാനിക്കും. ഒതുക്കിക്കളയാൻ മാത്രം സ്വാധീനമില്ലാത്ത ആളോ, അവഗണിക്കാൻ മാത്രം ശക്തിയില്ലാത്ത ആളോ അല്ല ഞാൻ. ഞാൻ രാഷ്ട്രീയം വിടുന്നു എന്ന് പറയുന്നത് തെറ്റായ വിവരമാണ്. ഇപ്പോൾ എഐഎഡിഎംകെയിലോ ബിജെപിയിലോ ചേരാൻ ഉദ്ദേശിക്കുന്നില്ല" - വെങ്കടാചലം വ്യക്തമാക്കി.

മുൻ മന്ത്രിയും ഡിഎംകെ ഈറോഡ് സൗത്ത് ജില്ലാ സെക്രട്ടറിയുമായ എസ് മുത്തുസ്വാമിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പെരുന്തുറൈയിലെ വെങ്കടാചലത്തിൻ്റെ തോൽവിക്ക് കാരണമായതെന്ന് അണികൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വെങ്കടാചലത്തെ ഈറോഡ് സെൻട്രൽ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. അതേസമയം പെരുന്തുറൈയിൽനിന്ന് വിജയിച്ച അണ്ണാ ഡിഎംകെയുടെ ജയകുമാർ രാജിവെച്ച് ടിവികെയിൽ ചേർന്നതോടെ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയിട്ടുണ്ട്. പെരുന്തുറൈ ഉൾപ്പെടെ തമിഴ്‌നാട്ടിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുന്നതിനുള്ള ഇടക്കാല സ്റ്റേ മദ്രാസ് ഹൈക്കോടതി സെപ്റ്റംബർ എട്ട് വരെ നീട്ടിയിട്ടുണ്ട്. ഈ സീറ്റുകളുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഹർജികളിൽ തീരുമാനമാകും വരെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക് ആശ്വാസം, എഫ്ഐആറിലെ തുടർനടപടികൾ തടഞ്ഞ് സുപ്രീം കോടതി
രാജ്യത്തെ പരീക്ഷാ ക്രമക്കേട് കേസുകളിൽ സാമ്പത്തിക ഇടപാടുകൾ തേടി ഇഡി; കള്ളപ്പണ ഇടപാടുകൾ കണ്ടെത്താൻ ലക്ഷ്യം