
ഭുവനേശ്വർ: മുൻ ഐഎഎസ് ഉദ്യോഗസ്ഥയും വി കെ പാണ്ഡ്യന്റെ ഭാര്യയുമായ സുജാത റാവുത്ത് കാർത്തികേയൻ ബിജു ജനതാദളിൽ (ബിജെഡി) ചേർന്നു. വ്യാഴാഴ്ച ഭുവനേശ്വറിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബിജെഡി അധ്യക്ഷൻ നവീൻ പട്നായിക് സുജാതയെ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു.
ഒരു സാധാരണ അംഗമായാണ് സുജാത ബിജെഡിയിൽ ചേരുന്നതെന്ന് സുജാതയെ പാർട്ടിയിലേക്ക് സ്വാഗതംചെയ്ത് നവീൻ പട്നായിക് വ്യക്തമാക്കി. '' അവർ ഐഎഎസ് ഉദ്യോഗസ്ഥയായിരുന്നു, ഒട്ടേറെ പ്രധാനപ്പെട്ട പദവികളും വഹിച്ചിട്ടുണ്ട്. ഇനി അവർ ജനങ്ങളെയും പ്രത്യേകിച്ച് സ്ത്രീകളെയും നയിക്കാൻ പഠിക്കും. കാലം കഴിയുംതോറും അവർ പുതിയ പദവികൾ വഹിക്കാൻ പ്രാപ്തയാകുമെന്ന് എനിക്കുറപ്പുണ്ട്''- അദ്ദേഹം പറഞ്ഞു.
പുതുതായി പാർട്ടിയിലെത്തിയ സുജാത ബിജെഡിയുടെ നേതൃത്വത്തിലെത്തുമെന്നും അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുമെന്നുമുള്ള അഭ്യൂഹങ്ങളുമായി ബന്ധപ്പെട്ടും നവീൻ പട്നായിക്ക് മറുപടി നൽകി. അടുത്ത തെരഞ്ഞെടുപ്പിലും ബിജെഡിയെ നയിക്കുന്നത് താൻ തന്നെയായിരിക്കുമെന്ന് അദ്ദേഹം വ്യാഴാഴ്ച മാധ്യമങ്ങളോട് വ്യക്തമാക്കി.
ഒഡീഷയിലെ ജനങ്ങൾക്കുവേണ്ടി ആത്മാർഥമായി പ്രവർത്തിക്കുമെന്നായിരുന്നു ബിജെഡി അംഗത്വം സ്വീകരിച്ചശേഷം സുജാതയുടെ പ്രതികരണം. 24 വർഷം നവീൻ പട്നായിക്കിന്റെ നേതൃത്വത്തിൽ ഒഡീഷയിലെ ജനങ്ങളെ സേവിച്ചു. ഇന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വീണ്ടും ജനങ്ങളെ സേവിക്കാനുള്ള അവസരം ലഭിച്ചിരിക്കുകയാണെന്നും സുജാത പറഞ്ഞു.
നവീൻ പട്നായിക്കിന്റെ അടുത്ത അനുയായിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ വി കെ പാണ്ഡ്യന്റെ ഭാര്യയാണ് സുജാത. നേരത്തേ സിവിൽ സർവീസ് ഉപേക്ഷിച്ച് നവീൻ പട്നായിക്കിനൊപ്പം ചേർന്ന വി കെ പാണ്ഡ്യൻ 2024-ലെ തെരഞ്ഞെടുപ്പിൽ ബിജെഡിക്ക് തിരിച്ചടിയുണ്ടായതോടെ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചിരുന്നു.
വി കെ പാണ്ഡ്യൻ ബിജെഡിയിൽ നവീൻ പട്നായിക്കിന്റെ പിൻഗാമിയാകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ, 2024-ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കനത്ത തോൽവിയുണ്ടായതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ വി കെ പാണ്ഡ്യൻ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഷ്ട്രീയം വിടുകയായിരുന്നു.
ഒഡീഷ സ്വദേശിയായ സുജാത 2000 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. ബിജെഡി സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയായ മിഷൻ ശക്തി അടക്കം ഒട്ടേറെ സർക്കാർ പദ്ധതികളിൽ അവർ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വ്യക്തിയാണെന്നതായിരുന്നു 2024-ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തമിഴ്നാട് സ്വദേശിയായ വി കെ പാണ്ഡ്യനെതിരെ ഉയർന്നിരുന്ന പ്രധാന വിമർശനം.
അതേസമയം, സുജാതയ്ക്ക് പാർട്ടി അംഗത്വം നൽകുന്നതിൽ ബിജെഡിയിലെ ചില മുതിർന്ന അംഗങ്ങളടക്കം എതിർപ്പുയർത്തിയിരുന്നു. ഈ എതിർപ്പുകളെല്ലാം മറികടന്നാണ് നവീൻ പട്നായിക് തന്റെ വിശ്വസ്തന്റെ ഭാര്യയെ പാർട്ടിയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam