ജാർഖണ്ഡിലെ പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ മൂന്ന് ജെപിഎസ്‍സി അംഗങ്ങൾ രാജിവെച്ചു. സിഐഡി നോട്ടീസ് ലഭിച്ചതിന് പിന്നാലെയുള്ള രാജി ഗവർണർ അംഗീകരിച്ചു

റാഞ്ചി: ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷനിലെ (ജെ പി എസ് സി) പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം മുറുകുന്നതിനിടെ കമ്മീഷനിലെ മൂന്ന് അംഗങ്ങൾ രാജിവെച്ചു. അജിത ഭട്ടാചാര്യ, അനിമ ഹൻസ്ദ, ജമാൽ അഹ്മദ് എന്നിവരാണ് രാജിക്കത്ത് സമർപ്പിച്ചത്. ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ സി ഐ ഡി നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ഇവരുടെ രാജി. കമ്മീഷൻ അംഗങ്ങളുടെ രാജി ജാർഖണ്ഡ് ഗവർണർ അംഗീകരിച്ചിട്ടുണ്ട്. കേസിൽ അന്വേഷണം ശക്തമായതോടെ കഴിഞ്ഞ ജൂലൈ 22 ന് ജെ പി എസ് സി ചെയർമാൻ എൽ ഖിയാങ്‌ടെയും രാജിവെച്ചിരുന്നു. അതേസമയം പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി സമരം സംസ്ഥാനത്ത് കൂടുതൽ ശക്തമാകുകയാണ്. സർക്കാരുമായി നടത്തിയ മൂന്നാം വട്ട ചർച്ചയും ഇന്ന് പരാജയപ്പെട്ടതോടെ സമരക്കാർ നാളെ നിയമസഭാ മാർച്ചടക്കം പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്നാം വട്ട ചർച്ചയും പരാജയം

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജാർഖണ്ഡിൽ വിദ്യാർത്ഥികൾ നടത്തിവരുന്ന സമരത്തിന് പിന്നാലെ സർക്കാരും വിദ്യാർത്ഥികളും നടത്തിയ മൂന്നാം വട്ട ചർച്ചയും പരാജയമായിരുന്നു. അഞ്ച് മണിക്കൂറോളം നീണ്ടു നിന്ന ചർച്ചയാണ് ഇന്ന് പരാജയപ്പെട്ടത്. വിദ്യാർഥികളുടെ ചില ആവശ്യങ്ങൾ അംഗീകരിക്കാൻ ആകില്ല എന്ന നിലപാട് സർക്കാർ എടുത്തതോടയാണ് ചർച്ച പരാജയപ്പെട്ടത്. പരീക്ഷ ക്രമക്കേടുകൾ സി ബി ഐ അന്വേഷിക്കണമെന്നാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം ഇത് അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ല എന്നാണ് വിദ്യാർത്ഥി നിലപാട്. പരീക്ഷാ ക്രമക്കേടുകൾ കൈകാര്യം ചെയ്യാൻ ഒരു ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുമെന്നും 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്നും ചർച്ചകൾക്ക് ശേഷം ജാർഖണ്ഡ് മന്ത്രി സുദിവ്യ കുമാർ പറഞ്ഞു. എന്നാൽ സമരം തുടരുമെന്ന് പറഞ്ഞ വിദ്യാർത്ഥികൾ നാളെ ജാർഖണ്ഡ് നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്നും വ്യക്തമാക്കി. അതേസമയം സമരത്തിൻ്റെ ഭാഗമായി നിരാഹാര സമരം നടത്തുന്ന വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയുടെ ആരോഗ്യനില വഷളാകുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.