കണ്ണൻ ഗോപിനാഥനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു

By Web TeamFirst Published Dec 13, 2019, 8:26 PM IST
Highlights
  • ഇവിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം
  • പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുംബൈയിൽ ലോങ്ങ് മാർച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്

മുംബൈ: മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിൽ വച്ചാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പ്രതിഷേധം തുടങ്ങും മുൻപേ കണ്ണൻ ഗോപിനാഥനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. നിയമത്തിനെതിരെ മുംബൈയിൽ നിശ്ചയിച്ചിരുന്ന ലോങ്ങ് മാർച്ചിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. 

കശ്മീരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് ഇദ്ദേഹം ഐഎഎസ് ജോലി രാജിവച്ചത്. രാജ്യത്ത് നടക്കുന്നത് തെറ്റാണെന്ന് തോന്നിയിട്ടും മൗനം പാലിക്കാത്തവർ രാജ്യദ്രോഹികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം സർക്കാരിനുണ്ടെന്നും എന്നാൽ അവയ്ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കാൻ സർക്കാരിനാകില്ലെന്നും കണ്ണൻ ഗോപിനാഥൻ അന്ന് പറഞ്ഞിരുന്നു.

അതേസമയം പൗരത്വ ബില്ലിനെതിരെ രാജ്യത്തെമ്പാടും ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധസമരം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ദില്ലിയിൽ തെരുവ് യുദ്ധമാണ് ഇന്ന് അരങ്ങേറിയത്. പാർലമെൻറ് മാർച്ച് നടത്താനുള്ള വിദ്യാർത്ഥികളുടെ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്.

ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ സംഘർഷമായി വിദ്യാർത്ഥികളും പൊലീസും തമ്മിൽ കല്ലേറ് തുടങ്ങി. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു ഒരു മണിക്കൂറോളം സംഘർഷം നീണ്ടു നിന്നു. നിരവധി വാഹനങ്ങൾ തകർത്തു. വിദ്യാർത്ഥികൾക്കും പൊലീസുകാർക്കും പരിക്കേറ്റു.

വിഷയത്തിൽ സംസ്ഥാനത്ത് സംയുക്ത പ്രതിഷേധം നടത്താൻ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ തീരുമാനമായി. എൽഡിഎഫും യുഡിഎഫും തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധത്തിൽ മന്ത്രിമാരും യുഡിഎഫ് കക്ഷി നേതാക്കളും പങ്കെടുക്കും. 

click me!