
ദില്ലി: ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു. 79 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ദില്ലിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
2018 ഓഗസ്റ്റ് മുതൽ 2019 ഒക്ടോബർ വരെ ജമ്മു കശ്മീരിന്റെ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്നു. 2019 ഓഗസ്റ്റ് 5ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്. പിന്നീട് ഗോവ ഗവർണറായി നിയമിതനായിരുന്നു. 2022 ഒക്ടോബർ വരെ മേഘാലയ ഗവർണറായും സേവനമനുഷ്ഠിച്ചു.
1946 ജൂലൈ 24ന് ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ഹിസൗലിയിലാണ് സത്യപാൽ മാലിക് ജനിച്ചത്. 1974ൽ ബാഗ്പത് നിയോജകമണ്ഡലത്തിൽ നിന്ന് ഉത്തർപ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഭാരതീയ ക്രാന്തി ദളിൽ തുടങ്ങി ലോക് ദളിലേക്കും ജനതാദളിലേക്കും പിന്നീട് ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടും നിരവധി രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ വലിയ വിവാദങ്ങൾ സത്യപാൽ മാലിക് സൃഷ്ടിച്ചിരുന്നു. പ്രത്യേകിച്ച്, ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾ കേന്ദ്ര സർക്കാരിനെ ഏറെ സമ്മർദത്തിലാക്കിയിരുന്നു.