
ദില്ലി: കോൺഗസ് (Congress) ദേശീയ നേതൃത്വത്തിലെ പൊട്ടിത്തെറി തുടരുന്നു. അടുത്തയാഴ്ച ചേരുന്ന പ്രവർത്തകസമിതി യോഗത്തിലേക്ക് സ്ഥിര അംഗങ്ങളെ മാത്രം ക്ഷണിച്ചാൽ മതിയെന്ന് ആവശ്യപ്പെട്ട് ഗുലാംനബി ആസാദ് കത്ത് നല്‍കി. അതേസമയം, മേഘാലയയിൽ പ്രതിപക്ഷ നേതാവ് മുകുൾ സാംഗ്മ (mukul sangma) കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേരും. മുകുൾ സാംഗ്മയുടെ നേതൃത്വത്തിലെ 13 കോൺഗ്രസ് എംഎൽമാരാണ് തൃണമൂൽ കോൺഗ്രസിലേക്ക് പോകുന്നത്. ഗോവയിൽ ലൂസിഞ്ഞോ ഫെലോറിയോ പാർട്ടി വിട്ടതിന് പിന്നാലെയാണ് ഈ നീക്കം.
കപിൽ സിബലിൻ്റെ വീട്ടിലേക്ക് നടന്ന ഈ പ്രതിഷേധ മാർച്ച് കോൺഗ്രസിലെ വിമതഗ്രൂപ്പിൽ വലിയ ഐക്യത്തിനാണ് ഇടയാക്കിയിരിക്കുന്നത്. രാഹുൽ ഗാന്ധിയേയും ചൂറ്റും നില്‍ക്കുന്നവരെയും പരസ്യമായി ലക്ഷ്യം വച്ചാണ് എതിർപ്പുയർത്തുന്നവരുടെ നീക്കം. അടുത്തയാഴ്ച ചേരുന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗം സ്ഥിരം അംഗങ്ങളുടേത് മാത്രമായി ചുരുക്കണമെന്ന് ഗുലാംനബി ആസാദ് കത്ത് നല്‍കി. നേരത്തെ വിളിച്ച യോഗം വിപുല യോഗം എന്ന പേരിലാണ് നടന്നത്. യോഗത്തിലേക്ക് 20 സ്ഥിരം അംഗങ്ങൾക്ക് പുറമെ ക്ഷണിതാക്കളെയും പോഷക സംഘടന നേതാക്കളെയും വിളിച്ചിരുന്നു. വലിയ യോഗം വിളിച്ച് ഭൂരിപക്ഷം ഉപയോഗിച്ച് എതിർപ്പുയർത്തുന്നവരെ അടിച്ചിരുത്തുന്ന നയത്തിലേക്ക് നേതാക്കൾ പോകുന്നു എന്നാണ് ആരോപണം.
ഗുലാംനബി ആസാദ്, ആനന്ദ് ശർമ്മ, മുകുൾ വാസ്നിക് എന്നീ എതിർപ്പുയർത്തുന്ന നേതാക്കൾ പ്രവർത്തകസമിതിയിലെ സ്ഥിരം അംഗങ്ങളാണ്. കഴിഞ്ഞ യോഗത്തിൽ ചില യുവ നേതാക്കൾ ഇവർക്കെതിരെ ആഞ്ഞടിച്ചിരുന്നു. മൗനമാണ് നല്ലത് എന്ന പി ചിദംബരത്തിൻറെ ഇന്നലത്തെ പ്രസ്താവനയും അതൃപ്തിയുടെ സൂചനയായി. പഞ്ചാബിലെ അസ്ഥിരതയ്ക്ക് എഐസിസിക്കാണ് ഉത്തരവാദിത്തം എന്ന് മനീഷ് തിവാരി ആഞ്ഞടിച്ചു. നേതൃത്വത്തെ ചില നിക്ഷിപ്ത താല്പര്യക്കാർ തെറ്റിദ്ധരിപ്പിക്കുന്നു. ഇവർ എതിർപ്പുയർത്തുന്നവരെ കലാപകാരികളെന്ന് ചിത്രീകരിക്കുന്നു എന്നും മനീഷ് തിവാരി ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam