മുൻ കേന്ദ്ര നിയമമന്ത്രിയും അഭിഭാഷകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു

By Web TeamFirst Published Jan 31, 2023, 8:48 PM IST
Highlights

1977 മുതൽ 1979 വരെ മൊറാർജി ദേശായി മന്ത്രിസഭയിൽ നിയമമന്ത്രിയായിരുന്നു ശാന്തി ഭൂഷൺ. പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ മകനാണ്. 

ദില്ലി: മുൻ കേന്ദ്ര നിയമമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു.  97 വയസായിരുന്നു. വാർധ്യകസഹജമായ അസുഖത്തെ തുടർന്ന് ദില്ലിയിലായിരുന്നു അന്ത്യം. 1977 മുതൽ 1979 വരെ മൊറാർജി ദേശായി മന്ത്രിസഭയിൽ നിയമമന്ത്രിയായിരുന്നു ശാന്തി ഭൂഷൺ. സംസ്കാരച്ചടങ്ങുകൾ നാളെ ഉച്ചയ്ക്ക് 12 മണിക്ക് ലോധി ശ്മാനത്തിൽ നടക്കും.

അഭിഭാഷകൻ , വാഗ്മി , രാഷ്ട്രീയ പ്രവർത്തകൻ പൊതുവിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകൾ, സാധാരണക്കാരിലേക്ക് നിയമസഹായം എത്തിക്കാൻ അവസാനനാളുകൾ വരെ പ്രയത്നിച്ച വ്യക്തി, അങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ശാന്തി ഭൂഷണ്. 1975 ജൂണിൽ അലഹബാദ് ഹൈക്കോടതി ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിയിൽ എതിർവിഭാഗമായ രാജ് നാരായണിന് വേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു. രാജ്യത്ത് ഏറ്റവും പ്രശസ്തമായ നിയമപോരാട്ടത്തിൽ വിജയം നേടിയതോടെയാണ് അഭിഭാഷകനായ ശാന്തി ഭൂഷണും ശ്രദ്ധേയനായത്. പൗരാവകാശങ്ങൾക്ക് വേണ്ടി ശക്തമായി വാദിക്കുകയും അഴിമതിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്ത വ്യക്തിയാണ് ശാന്തി ഭൂഷൺ.

Also Read : ഇന്ദിരയുടെ 'വിധി' കുറിപ്പിച്ച അഭിഭാഷകൻ, പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ! ശേഷം നിയമമന്ത്രി; 'ഒരു യുഗാന്ത്യം'

പൊതുതാൽപര്യം മുൻനിർത്തി നിരവധി കേസുകളിൽ ഹാജരായിട്ടുണ്ട്. 1980 ൽ പ്രമുഖ എൻ ജി ഒയായ ‘സെന്‍റർ ഫോർ പബ്ലിക് ഇന്‍ററസ്റ്റ് ലിറ്റിഗേഷൻ’ സ്ഥാപിച്ചു. സുപ്രീംകോടതിയിൽ സംഘടന നിരവധി പൊതുതാൽപര്യ ഹർജികൾ നൽകിയിട്ടുണ്ട്. ദില്ലിയിൽ അധികാരത്തിന്‍റെ പുതുവഴികൾ കണ്ടെത്തിയ ആം ആദ്മി പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയാണ് ശാന്തിഭൂഷൺ. പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ മകനാണ്. ഒരു യുഗത്തിന്‍റെ അന്ത്യമെന്ന് പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖരെല്ലാം ശാന്തി ഭൂഷണിന് ആദരാഞ്ജലി അർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. 

click me!