ഇന്ദിരയുടെ 'വിധി' കുറിപ്പിച്ച അഭിഭാഷകൻ, പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ! ശേഷം നിയമമന്ത്രി; 'ഒരു യുഗാന്ത്യം'
1975 ജൂണിൽ അലഹബാദ് ഹൈകോടതി ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി വിധി പുറപ്പെടുവിക്കുമ്പോൾ അത് ശാന്തിഭൂഷണിന്‍റെ കൂടി വിജയമായിരുന്നു

ദില്ലി: 'ഒരു യുഗത്തിന്‍റെ അന്ത്യം' എന്നായിരുന്നു ശാന്തി ഭൂഷൺ വിടവാങ്ങിയതിനെക്കുറിച്ച് മകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞത്. ഇന്ത്യൻ രാഷ്ട്രീയത്തെ നോക്കിക്കാണുന്നവരും അങ്ങനെ തന്നെയാകും ശാന്തി ഭൂഷണിന്‍റെ മരണത്തെ വിലയിരുത്തുക. അത്രമേൽ സംഭവ ബഹുലമായിരുന്നു ആ ജീവിതം. അഭിഭാഷകൻ , വാഗ്മി , രാഷ്ട്രീയ പ്രവർത്തകൻ പൊതുവിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകൾ, സാധാരണക്കാരിലേക്ക് നിയമസഹായം എത്തിക്കാൻ അവസാനനാളുകൾ വരെ പ്രയത്നിച്ച വ്യക്തി, അങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ശാന്തി ഭൂഷണ്. 1948 ൽ അഭിഭാഷകനായി സേവനം ആരംഭിച്ച ശാന്തി ഭൂഷൺ രാജ്യ ശ്രദ്ധയിലേക്ക് എത്തുന്നത് 1975 ലാണ്. രാജ്യത്ത് ഏറ്റവും പ്രശസ്തമായ നിയമപോരാട്ടത്തിൽ വിജയം നേടിയതോടെയാണ് അഭിഭാഷകനായ ശാന്തി ഭൂഷണും ശ്രദ്ധേയനായത്.
അന്ന് സാക്ഷാൽ ഇന്ദിരാ ഗാന്ധിയെ ആണ് അദ്ദേഹത്തിന്‍റെ വാദമുഖങ്ങൾ പരാജയപ്പെടുത്തിയത്. 1975 ജൂണിൽ അലഹബാദ് ഹൈകോടതി ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി വിധി പുറപ്പെടുവിക്കുമ്പോൾ അത് ശാന്തിഭൂഷണിന്‍റെ കൂടി വിജയമായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ എതിർ കക്ഷിക്കാരനായിരുന്ന രാജ് നാരായണന്‍റെ അഭിഭാഷകനായിരുന്നു ശാന്തി ഭൂഷൺ. തെരഞ്ഞെടുപ്പ് അസാധുവാക്കിയതിന് പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അടിയന്താരാവസ്ഥക്ക് പിന്നാലെ ജനതാ പാർട്ടി അധികാരത്തിൽ എത്തിയപ്പോൾ നിയമ മന്ത്രി സ്ഥാനം മറ്റാർക്കുമായിരുന്നില്ല മൊറാർജി ദേശായി നൽകിയത്. രാജ്യസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ശാന്തി ഭൂഷൺ 1977 മുതൽ 1979 വരെ മൊറാർജി ദേശായി സർക്കാറിൽ നിയമമന്ത്രിയായി സേവനം അനുഷ്ഠിച്ചു. പൗരാവകാശങ്ങൾക്കു വേണ്ടി ശക്തമായി വാദിക്കുകയും അഴിമതിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്ത വ്യക്തി കൂടിയാണ് ശാന്തിഭൂഷൺ. പൊതുതാൽപര്യം മുൻനിർത്തി നിരവധി കേസുകളിൽ ഹാജരായിട്ടുണ്ട്. സുപ്രീംകോടതിയിൽ സംഘടന നിരവധി പൊതുതാൽപര്യ ഹർജികൾ ഇദ്ദേഹം നൽകിയിട്ടുണ്ട്. 1980 ൽ പ്രമുഖ സന്നദ്ധസംഘടനയായ 'സെന്‍റർ ഫോർ പബ്ലിക് ഇന്‍ററസ്റ്റ് ലിറ്റിഗേഷൻ' സ്ഥാപിച്ചതിന് പിന്നിലും മറ്റാരുമല്ല. ദില്ലിയിൽ അധികാരത്തിന്‍റെ പുതുവഴികൾ കണ്ടെത്തിയ ആം ആദ്മി പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയാണ് ശാന്തിഭൂഷൺ.
97 ാം വയസിൽ വാർധ്യകസഹജമായ അസുഖത്തെ തുടർന്നാണ് ശാന്തി ഭൂഷൺ അന്തരിച്ചത്. ദില്ലിയിൽ ഇന്ന് രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖരെല്ലാം ശാന്തി ഭൂഷണിന് ആദരാഞ്ജലി അർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ശാന്തി ഭൂഷണിന്‍റെ നിയമ പോരാട്ടങ്ങളും പൊതുതാൽപര്യം മുൻനിർത്തിയുള്ള പോരാട്ടങ്ങളുമാണ് ഏവരും അനുസ്മരിക്കുന്നത്.