
ഈറോഡ് (തമിഴ്‌നാട്): തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിൽ കാണാതായ 35 വയസുള്ള യുവതിയടെ മൃതദേഹം സ്വകാര്യ വാഴത്തോട്ടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. യുവതിയുമായി ബന്ധമുണ്ടായിരുന്ന 27 വയസുള്ള യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗോബിചെട്ടിപ്പാളയം പട്ടണത്തിന് സമീപമുള്ള കൃഷിയിടത്തിൽ നിന്നാണ് പൊലീസ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. മഴയെത്തുടർന്ന് കൂൺ ശേഖരിക്കാൻ പാടത്ത് എത്തിയ പ്രദേശവാസികളാണ് മണ്ണിൽ നിന്ന് രക്തക്കറയുള്ള കത്തിയും മുടിയുടെ കുറച്ച് ഇഴകളും പുറത്തേക്ക് തള്ളിനിൽക്കുന്നത് ശ്രദ്ധിച്ചത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
അപ്പാക്കുടൽ സ്വദേശിനിയും ബ്യൂട്ടീഷ്യനുമായ സോണിയ ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. നവംബർ രണ്ട് മുതൽ സോണിയയെ കാണാനില്ലായിരുന്നു. ജോലി സ്ഥലത്ത് നിന്ന് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി വിധവയായി കഴിയുന്ന സോണിയ മകൻ, മകൾ, അമ്മ എന്നിവർക്കൊപ്പമാണ് താമസിച്ചിരുന്നത്.
അന്വേഷണത്തിൽ, കൊല്ലപ്പെട്ട സോണിയയും പ്രതിയായ മോഹൻ കുമാറും തമ്മിലുള്ള കോൾ രേഖകൾ പൊലീസിന് ലഭിച്ചു. മൃതദേഹം കണ്ടെത്തിയ വാഴത്തോട്ടത്തിന്‍റെ ഉടമയും ബി കോം ബിരുദധാരിയുമാണ് മോഹൻ കുമാർ. ഇയാളെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ യുവതി നിരന്തരം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നും പൊലീസ് പറഞ്ഞു.
ഗോബിചെട്ടിപ്പാളയത്തിനടുത്ത് ഒരു വസ്ത്ര നിർമ്മാണശാലയിൽ ജോലി ചെയ്യുമ്പോളാണ് സോണിയയും മോഹൻ കുമാറും രണ്ട് വർഷം മുമ്പ് പരിചയത്തിലായത്. പിന്നീട് ഇവർ പ്രണയത്തിലാവുകയും മോഹൻ കുമാറിന്‍റെ കൃഷിയിടത്തിൽ വെച്ച് സ്ഥിരമായി കാണാറുമുണ്ടായിരുന്നു. കുറ്റകൃത്യം നടന്ന ദിവസം മോഹൻ കുമാർ തോട്ടത്തിൽ ഒരു കുഴി കുഴിക്കുകയും രാത്രി എട്ട് മണിയോടെ സോണിയയെ അവിടേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. ഒരുമിച്ച് സമയം ചെലവഴിച്ച ശേഷം, മോഹൻ കുമാർ ഒരു കല്ല് ഉപയോഗിച്ച് ആക്രമിക്കുകയും തുടർന്ന് കഴുത്തിൽ ചെറിയ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം മൃതദേഹം കുഴിച്ചിട്ട ഇയാൾ സോണിയയുടെ ഫോണും വസ്ത്രങ്ങളും ഭവാനി കനാലിന് സമീപം ഉപേക്ഷിച്ചു.
കൂടാതെ, അടുത്ത ദിവസം രാവിലെ ഇയാൾ സംഭവസ്ഥലത്ത് തിരികെയെത്തുകയും പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ ഒന്നും അറിയാത്ത മട്ടിൽ അഭിനയിക്കുകയും ചെയ്തതായും പറയപ്പെടുന്നു. സിരുവലൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ, പെരുന്തുറൈ സർക്കാർ മെഡിക്കൽ കോളേജിലെ മെഡിക്കൽ സംഘം എന്നിവർ ചേർന്ന് സ്ഥല പരിശോധനയും പോസ്റ്റ്‌മോർട്ടവും നടത്തി. കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മോഹൻ കുമാറിനെ ഇപ്പോൾ റിമാൻഡ് ചെയ്തിരിക്കുകയാണ്. കൂടുതൽ അന്വേഷണം നടന്നുവരുന്നു.