
തെലങ്കാന: ഹൈദരാബാദില്‍ പൊലീസ് വെടിവെച്ച് കൊന്ന ദിശ കൊലപാതക കേസ് പ്രതികളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നാല് പ്രതികളും കൊല്ലപ്പെട്ടത് നെഞ്ചിൽ വെടിയേറ്റെന്നാണ് റിപ്പോർട്ട്. മുഹമ്മദ് ആരിഫ് (26), ജൊല്ലു ശിവ (20), ജൊല്ലു നവീൻ (20), ചിന്തകുൺട ചെന്നകേശവലു (20) എന്നിവരാണ് കൊല്ലപ്പെട്ടത്. മുഖ്യപ്രതി ആരിഫിന് വാരിയെല്ലിലും നവീന് കഴുത്തിലും വെടിയേറ്റതായാണ് റിപ്പോര്‍ട്ടിലുള്ളത്.
തെളിവെടുപ്പിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഇവരുടെ തോക്ക് തട്ടിപ്പറിച്ച് ഓടാൻ ശ്രമിക്കുകയും ചെയ്തപ്പോൾ പരസ്പരമുണ്ടായ വെടിവെപ്പിനിടെ പ്രതികള്‍ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് വാദം. ഇതിൽ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഒരു തെറ്റുമുണ്ടായിട്ടില്ലെന്നുമായിരുന്നു സൈബരാബാദ് കമ്മീഷണർ വി സി സജ്ജനാർ പറഞ്ഞത്.
അതേസമയം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹങ്ങൾ വെളളിയാഴ്ച വരെ സംസ്കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. നാല് പ്രതികളുടെയും മൃതദേഹങ്ങൾ മഹബൂബനഗർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കേസിൽ കൂടുതൽ രേഖകൾ സമർപ്പിക്കാൻ സർക്കാർ വ്യാഴാഴ്ച വരെ സമയം തേടിയിട്ടുണ്ട്.
ഏറ്റുമുട്ടൽ കൊലയിൽ കോടതി മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കും. അതിനിടെ ഏറ്റുമുട്ടൽ കൊലയിൽ അന്വേഷണം നടത്താന്‍ പൊലീസ് കമ്മീഷണർ മഹേഷ് ഭഗവത് തലവനായി എട്ടംഗ പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചു. ഏറ്റുമുട്ടൽ സാഹചര്യം അന്വേഷിച്ച് സംഘം സർക്കാരിനും കോടതിക്കും റിപ്പോർട്ട് നൽകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam