
ബെംഗളൂരു: കര്‍ണാടകയില്‍ആംബുലന്‍സ് നിയന്ത്രണം വിട്ട് ടോള്‍ ബൂത്തിലേക്ക് പാഞ്ഞുകയറി നാല് പേര്‍ മരിച്ചു. ഉഡുപ്പിയിലെ ഒരു ടോള്‍ഗേറ്റിലാണ് ദാരുണമായ അപകടം സംഭവിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന മൂന്ന് പേരും ടോൾ ബൂത്തിലെ ഒരു ജീവനക്കാരനുമാണ് മരിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയും നഴ്സും സഹായിയും അപകടത്തില്‍പ്പെട്ട് ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
ഉഡുപ്പിയിലെ ബൈന്ദൂര്‍ ഷിരൂര്‍ ടോള്‍ ബൂത്തിലാണ് അപകടമുണ്ടായത്. ഉഡുപ്പിയിലെ ശ്രീദേവി ആശുപത്രിയില്‍ നിന്ന് രോഗിയുമായി പോവുകയായിരുന്നു ആംബുലന്‍സ്. കനത്ത മഴയില്‍ റോഡ് തെന്നി കിടക്കുകയായിരുന്നു. വഴിയിൽ കിടന്ന പശുക്കളെ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റുന്നതിനിടെയാണ് ആംബുലന്‍സിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു.
ആംബുലന്‍സ് അപകടത്തില്‍പ്പെടുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കനത്ത മഴയില്‍ റോഡില്‍ വെള്ളം കെട്ടിക്കിടന്നതുമൂലം ആംബുലന്‍സിന്‍റെ നിയന്ത്രണം വിട്ടതാണെന്നാണ് ടോള്‍ബൂത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മനസിലാകുന്നത്. അതിവേഗത്തിലെത്തുന്ന ആംബുലന്‍സിന് തടസമുണ്ടാകാതിരിക്കാന്‍, വാഹനത്തിന്‍റെ സൈറണ്‍ കേട്ട ഉടനെ തന്നെ ടോള്‍ ഗേറ്റിലെ ജീവനക്കാര്‍ ബാരിക്കേഡുകള്‍ എടുത്ത് മാറ്റുന്നത് വീഡിയോയില്‍ കാണാം.
എന്നാള്‍ ഗേറ്റ് കടക്കുന്നുതിന് മുമ്പ് ആംബുലന്‍സ് നനഞ്ഞ റോഡില്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്‍റെ പിന്‍വാതിലിലൂടെ രോഗിയടക്കം മൂന്ന് പേര്‍ റോഡിലേക്ക് തെറിച്ച് വീണു. ഇവരുടെ മുകളിലൂടെ മറിഞ്ഞ് വീണ ആംബുലന്‍സ് ടോള്‍ ജീവനക്കാരനെയും ഇടിച്ചിടുകയായിരുന്നു.
Read More : ബൈക്കിടിച്ച് പരിക്കേറ്റ വയോധികൻ രക്തം വാർന്ന് മരിച്ചു, നിർത്താതെ പോയ യുവാക്കൾ ഒരു കൊല്ലത്തിന് ശേഷം പിടിയിൽ
പാലക്കാട്: തൃത്താലയില്‍ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിന് വാനിനടിയിൽപ്പെട്ട് ദാരുണാന്ത്യം. മുടവന്നൂരിൽ ആണ് അപകടം നടന്നത്. നേപ്പാൾ സ്വദേശി രാം വിനോദ് (45) ആണ് ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മിനി വാനിനടിയിൽപ്പെട്ട് മരിച്ചത്. ബുധനാഴ്ച കാലത്ത് എട്ടരയോടെ ആയിരുന്നു അപകടം.
മുടവന്നൂർ തലക്കൊട്ട കുന്നിന് മുകളിലേക്ക് സ്വകാര്യ പശു ഫാമിലേക്കാവശ്യമായ പുല്ല് അരിഞ്ഞെടുക്കാൻ ഭാര്യക്കൊപ്പം ഓമ്നി വാനിൽ കുന്നിൻ മുകളിലേക്കെത്തിയ സമയത്തായിരുന്നു അപകടം. ഫാം ഗേറ്റിന് മുൻവശത്തെ കുത്തനെയുള്ള ഇറക്കത്തിൽ വാൻ നിർത്തിയ ശേഷം തൊട്ടടുത്ത വീട്ടിൽ നിന്നും ഫാം ഗേറ്റിൻ്റെ താക്കോൽ വാങ്ങാൻ രാം വിനോദ് ഇറങ്ങിയ സമയം വാൻ താഴേക്ക് തെന്നി ഇറങ്ങുകയായിരുന്നു.
താഴേക്ക് ഇറങ്ങിക്കൊണ്ടിരുന്ന വാനിന് അകത്തുപെട്ട ഭാര്യയെ പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം രാംവിനോദിൻ്റെ ദേഹത്ത് കൂടെ കയറി ഇറങ്ങി. പല തവണ വാഹനം ഇയാളുടെ ദേഹത്ത് കൂടെ കയറി ഇറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. തെന്നി നീങ്ങിയ വാഹനം കുറച്ച് താഴെ മാറി റോഡരികിലെ ഉയരം കുറഞ്ഞ മതിലിലേക്ക് ഇടിച്ച് കയറിയാണ് നിന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam