
ബംഗളുരു: മൈസൂരുവിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന നാല് പേരെ വാഹനം തടഞ്ഞ് വെട്ടിപ്പരിക്കേൽപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. നഗരത്തിലെ തിരക്കേറിയ അഗ്രഹാര മേഖലയിലെ റാമനുജ റോഡിലായിരുന്നു സംഭവം. രാജണ്ണ എന്ന യുവാവിന്റെ പ്രണയ ബന്ധത്തെച്ചൊല്ലിയായിരുന്നു പ്രശ്നങ്ങളെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രാജണ്ണയ്ക്കും കുടുംബാംഗങ്ങൾക്കുമാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി നടന്ന സംഭവം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
കറുത്ത നിറത്തിലുള്ള ഒരു കാർ ഓട്ടോറിക്ഷയെ പിന്തുടർന്ന് എത്തുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. രാത്രി 9:18 ഓടെ രാമനുജ റോഡിലെ12-ാം ക്രോസിനടുത്തുവെച്ച് കാർ ഓട്ടോയെ തടഞ്ഞു. സ്ത്രീ ഉൾപ്പെടെ നാല് പേർ കാറിൽ നിന്നിറങ്ങി വാളുകളുമായി ഓട്ടോറിക്ഷയുടെ അടുത്തേക്ക് ചെന്നു. തുടർന്നായിരുന്നു ക്രൂരമായ ആക്രമണം. രാമു, ഇയാളുടെ ഭാര്യ സൗമ്യ, അബ്ബയ്യ, പ്രസാദ് എന്നിവരാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഓട്ടോറിക്ഷയുടെ അകത്തിട്ട് തന്നെ ആക്രമിച്ചു. ഈ സമയം ഓട്ടോ ഡ്രൈവർ സീറ്റിൽ നിന്നിറങ്ങി അൽപം അകലേക്ക് മാറിനിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മിനിറ്റുകളോളം ആക്രമണം തുടരുന്നു. ഈ സമയം സമീപത്തുണ്ടായിരുന്നവർ നോക്കി നിൽക്കുകയായിരുന്നു. രാജരാജണ്ണയും ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഇയാളുടെ കുടുംബാംഗങ്ങളായ കുമുദ, വിശാലാക്ഷി, രേണുകമ്മ എന്നിവരെയും ക്രൂരമായി വെട്ടി പരിക്കേൽപ്പിച്ചു. ഇവരിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ആക്രമിക്കാനെത്തിയവരുടെ കുടുംബത്തിലെ ഒരു പെൺകുട്ടിയുയി രാജണ്ണ പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്. ഇരുവരും ഒളിച്ചോടിയതിന് പിന്നാലെ പെൺകുട്ടിയെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകി. എന്നാൽ ഈ കുട്ടിയ്ക്ക് പ്രായപൂർത്തിയാവാത്തതിനാൽ രാജണ്ണക്കെതിരെ നേരത്തെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
പിന്നീട് പെൺകുട്ടിക്ക് 18 വയസായപ്പോൾ അവർ പൊലീസ് സ്റ്റേഷനിൽ എത്തുകയും താൻ രാജണ്ണയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിലാണെന്ന് പെൺകുട്ടി അറിയിക്കുകയും ചെയ്തു. ഇത് പെൺകുട്ടിയുടെ കുടുംബത്തെ പ്രകോപിപ്പിക്കുകയും അവർ ആക്രമണം നടത്താൻ തീരുമാനിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. രാജണ്ണ ഇതിനോടകം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam