
ഹൈദരാബാദ്: തെലങ്കാനയിൽ മന്ത്രി കെ താരകറാവുവിന്റെ (KTR) ജന്മദിനാഘോഷത്തിൽ (Birth day Party) പങ്കെടുക്കാത്തതിനെ തുടർന്ന് നാല് സർക്കാർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി റിപ്പോർട്ട്. തെലങ്കാനയിലെ ബെല്ലംപള്ളി മുനിസിപ്പൽ കമ്മീഷനിലെ നാല് ജീവനക്കാർരെയാണ് സസ്പെൻഡ് ചെയ്തതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ജൂലൈ 24നാണ് മന്ത്രിയുടെ ജന്മദിനാഘോഷം നടന്നത്. ബെല്ലംപള്ളി സർക്കാർ ആശുപത്രിയിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ പങ്കെടുക്കാത്തതിനെ തുടർന്ന് പിറ്റേ ദിവസം മുനിസിപ്പൽ കമ്മീഷണർ നാല് ജീവനക്കാർക്കും നോട്ടീസ് നൽകി. 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നും ഇല്ലെങ്കിൽ അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. വിശദീകരണം നൽകാൻ അവസരം നൽകാതെയാണ് പിരിച്ചുവിട്ടതെന്ന് ജീവനക്കാർ ആരോപിച്ചു. മന്ത്രിയുടെ ജന്മദിനം തങ്ങളുടെ ജോലിയുടെ ഭാഗമാക്കുന്നത് എന്തിനാണെന്നും ഇവർ ചോദിച്ചു.
സംഭവത്തിൽ ടിആർഎസിനെതിരെ ബിജെപി രംഗത്തെത്തി. കെടിആറിനെ 'രാജകുമാരൻ' എന്ന് ബിജെപി വിശേഷിപ്പിച്ചു. തെലങ്കാനയിൽ കെസിആർ കുടുംബത്തിന്റെ (KCR Family) രാജവാഴ്ചയാണ് നടക്കുന്നതെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ (Amit Malavya) ട്വീറ്റ് ചെയ്തു. അതേസമയം, മന്ത്രി കെ ടി രാമറാവുവിനു വേണ്ടി സർക്കാർ ആശുപത്രിയിൽ ജന്മദിന ആഘോഷം നടത്തിയെന്ന വാർത്ത ടിആർഎസ് നിഷേധിച്ചു. സംസ്ഥാനത്ത് കനത്ത നാശമുണ്ടാക്കിയ വെള്ളപ്പൊക്കമുണ്ടായ പശ്ചാത്തലത്തിൽ തന്റെ ജന്മദിനം ആഘോഷിക്കരുതെന്ന് കെടിആർ പാർട്ടി അണികളോടും ആഹ്വാനം ചെയ്തിരുന്നെന്നും അതുകൊണ്ടുതന്നെ ജന്മദിനാഘോഷം നടന്നിട്ടില്ലെന്നും ടിആർഎസ് പറഞ്ഞു.
സംസ്ഥാനം ഹരിതവത്കരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്ലാന്റേഷൻ പരിപാടിയിൽ പങ്കെടുക്കാത്തവർക്കെതിരെയുള്ള നടപടിയുടെ നോട്ടീസാണ് ബിജെപി പ്രചരിപ്പിക്കുന്നതെന്നും സംഭവം രാഷ്ട്രീയവത്കരിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും ടിആർഎസ് ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam