
ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്നാഗിൽ ഭീകരർ നടത്തിയ ഗ്രനേഡാക്രമണത്തിൽ പതിനാലു പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അനന്ത്നാഗിൽ ഇന്ന് രാവിലെയായിരുന്നു ഭീകരാക്രമണം. ബൈക്കിലെത്തിയ ഭീകരർ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന് പുറത്തെ പൊലീസ് പട്രോൾ വാഹനത്തിനു നേരെ ഗ്രനേഡ് എറിയുകയും എന്നാൽ, ലക്ഷ്യം തെറ്റി ഗ്രനേഡ് റോഡിൽ വീഴുകയുമായിരുന്നു.
ഒരു ട്രാഫിസ് പൊലീസ് ഉദ്യോഗസ്ഥനും പ്രാദേശിക മാധ്യമപ്രവർത്തകനും ഉൾപ്പടെ പതിനാലു പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഒരാളൊഴികെയുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ജമ്മുകശ്മീരിൽ പാക് സേനയുടെ പിന്തുണയോടെ നുഴഞ്ഞുകയറ്റത്തിന് എല്ലാ ദിവസവും ഭീകരർ ശ്രമിക്കുന്നതിന്റെ തെളിവ് ഇന്ത്യ പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിൽ ആക്രമണത്തിന് പങ്കില്ലെന്ന് തെളിയിക്കുന്നതിനായി ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തിരുന്നു. പാക് അധീന കശ്മീരിലുള്ളവർ നിയന്ത്രണരേഖ കടക്കരുത് എന്നാണ് ഇമ്രാന്റെ ട്വീറ്റ്. ഇസ്ലാമിക ഭീകരവാദമായി ചിത്രീകരിച്ച് ഇന്ത്യ ജമ്മുകശ്മീരിലെ നടപടികൾക്ക് ഇത് മറയാക്കുമെന്നും ഇമ്രാൻ പറയുന്നു.
അതേസമയം, ജമ്മുകശ്മീരിൽ രാജ്യാന്തര രംഗത്ത് പാകിസ്ഥാൻ വൻ ചർച്ചയാക്കുമ്പോൾ സൗദി അറേബ്യയെ ഒപ്പം നിറുത്താനുള്ള നീക്കം ഇന്ത്യ തുടങ്ങി. ഈ മാസം ഇരുപത്തൊമ്പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിൽ എത്തും. കിരീടവകാശി മെഹാമ്മദ് ബിൻ സൽമാനുമായി മോദി നടത്തുന്ന ചർച്ചയിൽ കശ്മീരിലെ നടപടി വിശദീകരിക്കും. സൗദി നിക്ഷേപ സംഗമത്തിന് ഇതേസമയം ഇമ്രാനും റിയാദിൽ എത്തുമെന്നാണ് സൂചന. അടുത്തയാഴ്ച മഹാബലിപുരത്ത് നടക്കുന്ന നരേന്ദ്ര മോദി, ഷി ജിൻപിങ്ങ് അനൗപചാരിക കൂടിക്കാഴ്ചയിലും കശ്മീർ വിഷയം ചർച്ചയാവും. പാക് അനുകൂല നിലപാട് ഉപേക്ഷിക്കും എന്ന പ്രതീക്ഷയില്ലെങ്കിലും അന്താരാഷ്ട്ര വേദികളിൽ കടുത്ത നീക്കങ്ങളിൽ നിന്ന് ചൈനയെ പിന്തിരിപ്പിക്കാനാകും ഇന്ത്യയുടെ ശ്രമം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam