
സങ്കറെഡ്ഡി: വിശന്നു പൊരിഞ്ഞ് രാത്രി ഭക്ഷണത്തിനായി ഹോസ്റ്റലിലെ അടുക്കളയിലെത്തിയ വിദ്യാർത്ഥികൾ ആ കാഴ്ച കണ്ട് ഞെട്ടി. ചോറില്ലെന്നതോ ഉള്ള ചോറിൽ ഈച്ചയോ പാറ്റയോ പല്ലിയോ വീണതൊന്നുമല്ല. മറിച്ച് അടുക്കളയിൽ സെക്യൂരിറ്റി ജീവനക്കാരൻ ഉറങ്ങുന്നതാണ്. കാര്യം നിസാരമെന്ന് തോന്നിയെങ്കിൽ തെറ്റി. വിദ്യാർത്ഥികൾക്ക് വിളമ്പാനായി ചോറ് എടുത്ത് വെച്ച പാത്രത്തിലാണ് സെക്യൂരിറ്റി ജീവനക്കാരൻ്റെ ബോധംകെട്ട ഉറക്കം.
തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയിലെ ഇസ്‌മായിൽഖാൻപേട്ടിൽ പ്രവർത്തിക്കുന്ന ഗവൺമെൻ്റ് പോളി ടെക്‌നിക് കോളേജ് ഹോസ്റ്റലിലേതാണ് ഈ സംഭവം. ബുധനാഴ്ച രാത്രിയാണ് ഹോസ്റ്റലിലെ അടുക്കളയിൽ സെക്യൂരിറ്റി ജീവനക്കാരനെ ചോറ് പാത്രത്തിൽ കാലുമിട്ട് ഉറങ്ങുന്ന നിലയിൽ കണ്ടെത്തിയത്.
ഹോസ്റ്റലിലെ വിദ്യാർത്ഥികൾ വിവരം ഉടൻ തന്നെ ഹോസ്റ്റലിൽ ഭക്ഷണം വിതരണം ചെയ്യാൻ കരാറെടുത്തയാളെ അറിയിക്കുകയും തുടർന്ന് വിദ്യാർത്ഥികൾക്കെല്ലാം വേറെ ഭക്ഷണം ഉണ്ടാക്കി നൽകുകയും ചെയ്തു. വിദ്യാർത്ഥികൾ പകർത്തിയ സെക്യൂരിറ്റി ജീവനക്കാരൻ്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വിവരമറിഞ്ഞ ജില്ലാ കളക്ടർ പ്രവീണ്യ സംഭവത്തിൽ കുറ്റക്കാരനായ സെക്യൂരിറ്റി ജീവനക്കാരനെ ഉടൻ ജോലിയിൽ നിന്ന് പുറത്താക്കാൻ നിർദേശം നൽകി.