
ലഖ്നൗ: 2 കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സുഹൃത്തിനെ കാറിൽ ജീവനോടെ കത്തിച്ചുകൊന്ന കേസിൽ ഭർത്താവും ഭാര്യയും അറസ്റ്റിൽ. സുനിൽ സിംഗ് പട്ടേലും ഭാര്യ ഹേമ സിങ് എന്നിവരാണ് പിടിയിലായത്. ഉത്തർപ്രദേശിലെ ചിത്രകൂടിൽ 45 ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെയാണ് ഇരവരും കൊടും ക്രൂരതയ്ക്ക് മുതിര്‍ന്നത്. ഒരു ദക്ഷിണേന്ത്യൻ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവര്‍ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ചതെന്നാണ് പൊലീസിന് നൽകിയ മൊഴി.
കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പിന്റെ കഥ പറയുന്ന കുറുപ്പ് സിനിമയോട് ഏറെ സാമ്യമുള്ളതാണ് ഈ കൊലപാതകത്തിന്റെ ആസൂത്രണവും നടപ്പിലാക്കലും എന്നത് ഏറെ ശ്രദ്ധേയമാണ്. മദ്യപാനിയായ സുഹൃത്തിനെ തന്റെ ആൾട്ടോ കാറിൽ കയറ്റി, കാർ കത്തിച്ച ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഭാര്യ ഹേമ, കത്തിക്കരിഞ്ഞ മൃതദേഹം ഭർത്താവിന്റേതാണെന്ന് വൈകാതെ തിരിച്ചറിയുകയും ചെയ്തു. പിന്നാലെ ഇൻഷുറൻസ് തുക ലഭ്യമാക്കാനുള്ള ശ്രമങ്ങളും തുടങ്ങി.
എന്നാൽ, ഹേമയുടെ അസാധാരണമായ പെരുമാറ്റവും പരസ്പര വിരുദ്ധമായ മൊഴികളും കേട്ട് സംശയം തോന്നിയ പൊലീസ് അന്വേഷണം ഊർജിതമാക്കി. രാജാപൂർ പൊലീസ് സ്റ്റേഷന് സമീപമുള്ള സിക്രി അമൻ ഗ്രാമത്തിനടുത്തായിരുന്നു സംഭവം.ജൂൺ 29-30 രാത്രിയിൽ രാജാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സിക്രി അമന് സമീപം കത്തിക്കരിഞ്ഞ കാറിൽ ഒരു മൃതദേഹം കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച യുവാവിനെ റെവാനിലെ ആനന്ദ്പൂർ ഗ്രാമത്തിലെ സഹോദരീ ഭർത്താവിന്റെ വീട്ടിൽ ജീവനോടെ കണ്ടെത്തിയതോടെയാണ് ഈ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്. ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ രേവ ജില്ലയിലെ ജാവ കാൺപുരയിലെ ഒരു വീട്ടിൽ താമസിക്കുകയായിരുന്നു സുനിൽ സിംഗ് പട്ടേലും ഭാര്യ ഹേമ സിങ്ങും.
പോലീസ് ചോദ്യം ചെയ്യലിൽ, ബ്യൂട്ടി പാർലര്‍ തുടങ്ങാൻ 45 ലക്ഷം രൂപ വായ്പയെടുത്തതായും പിന്നീട് ഒരു കൊയ്ത്തുയന്ത്രം വാങ്ങിയതായും, ഈ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെയാണ് 2 കോടി രൂപയ്ക്ക് സ്വയം ഇൻഷ്വർ ചെയ്യാൻ ഇവർ തീരുമാനിച്ചതെന്നും അവര്‍ മൊഴി നൽകി. ബ്യൂട്ടി പാർലറിന്റെ ലോൺ അടവിൽ മൂന്ന് ഗഡുക്കളും കൊയ്ത്തുയന്ത്രത്തിൻ്റെ ഒരു ഗഡുവും അവർ അടച്ചിരുന്നു. ബാക്കി ഗഡുക്കൾ അടയ്ക്കാൻ പണമില്ലാതായതോടെയാണ് ഭാര്യയും ഭർത്താവും ഈ ഗൂഢാലോചന നടത്തിയത്. വഴികൾ തേടി യൂട്യൂബിൽ തെരയുന്നതിനിടെയാണ് ദക്ഷണേന്ത്യൻ സിനിമാ ക്ലിപ്പുകളും, ചില സംഭവകഥകളും ലഭിച്ചതെന്നും ഇരുവരും മൊഴി നൽകുന്നു.
സിനിമയിലെ രീതിയും, കൊലപാതക രീതിയും യൂട്യൂബിൽ പഠിച്ച ശേഷം, തന്റെ അതേ ശരീര പ്രകൃതിയുള്ള ഒരു യുവാവിനെ പരിചയപ്പെട്ടു. സൗഹൃദം സ്ഥാപിച്ച അയാളെ കാറിൽ കൊണ്ടുനടന്ന് പലവട്ടം മദ്യം കുടിപ്പിച്ചു. ഒടുവിൽ ഒരു ദിവസം മദ്യലഹരിയിൽ ബോധം പോയ ശേഷം ഡ്രൈവിങ് സീറ്റിൽ കിടത്തി ജീവനോടെ തീയിടുകയായിരുന്നു. സംഭവ ശേഷം സുനിൽ ഓടി രക്ഷപ്പെട്ടു. കൊല്ലപ്പെട്ടയാളെ ജൂൺ 28-നാണ് സുനിൽ പരിചയപ്പെടുന്നതെന്നും പൊലീസ് പറയുന്നു.
കാൺപുര ഗ്രാമത്തിൽ താമസിക്കുന്ന മയക്കുമരുന്നിന് അടിമയായ വിനയ് ചൗഹാനെ ഒരു മദ്യശാലയിൽ നിന്ന് സുനിൽ കണ്ടെത്തുകയായിരുന്നു. വിനയ് മരിച്ച ശേഷം ജൂൺ 29-30 രാത്രിയിൽ സിക്രി ഗ്രാമത്തിനടുത്ത് കാര്‍ സ്ഫോടനത്തെ തുടർന്നാണ് സുനിൽ മരിച്ചതെന്ന് പ്രചരിപ്പിച്ചു. ഭർത്താവ് മരിച്ചുവെന്ന് പറഞ്ഞ് ഭാര്യ ഹേമ സിംഗ് മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. കാറിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിന്റെ പിൻ അമർത്തി, വിൻഡോ ഗ്ലാസു കയറ്റി ഡോറടച്ച ശേഷം സുനിൽ പുറത്തിറങ്ങി കര്‍പ്പൂരം വിതറി തീയിട്ടായിരുന്നു കൃത്യം നടപ്പിലാക്കിയത്. അതി വിദഗ്ധമായി കേസ് തെളിയിച്ച അന്വേഷണ സംഘത്തിന് എസ്പി പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam