
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അഞ്ചു പതിറ്റാണ്ടായി നിലനിന്നിരുന്ന ദ്രാവിഡ രാഷ്ട്രീയ സമവാക്യങ്ങളെ തകർത്തെറിഞ്ഞുകൊണ്ട് നടൻ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) നേടിയത് ചരിത്രവിജയം. 234 മണ്ഡലങ്ങളിലേക്കും നടന്ന വാശിയേറിയ പോരാട്ടത്തിൽ 108 സീറ്റുകൾ കരസ്ഥമാക്കി ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. ഇതോടെ സംസ്ഥാനത്തെ അടുത്ത സർക്കാർ രൂപീകരണത്തിൽ ടിവികെ നിർണ്ണായക പങ്കുവഹിക്കും. ഭരണകക്ഷിയായ ഡിഎംകെ 59 സീറ്റുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ 47 സീറ്റുകൾ നേടിയ എഐഎഡിഎംകെ മൂന്നാം സ്ഥാനത്തായി. കോൺഗ്രസ് 5 സീറ്റുകളിലും പിഎംകെ 4 സീറ്റുകളിലുമാണ് വിജയിച്ചത്.
തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ഏറ്റവും അമ്പരപ്പിച്ചത് തിരുപ്പത്തൂർ മണ്ഡലത്തിലെ ഫലമാണ്. കേവലം ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഡിഎംകെ മന്ത്രി കെ ആർ പെരിയറുപ്പൻ പരാജയപ്പെട്ടത്. ടിവികെ സ്ഥാനാർത്ഥി ശ്രീനിവാസ സേതുപതിയാണ് നാടകീയമായ വിജയത്തിലൂടെ തമിഴ് രാഷ്ട്രീയത്തെ ഞെട്ടിച്ചത്. സേതുപതി 83,375 വോട്ടുകൾ നേടിയപ്പോൾ മന്ത്രിക്ക് 83,374 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. ജനാധിപത്യത്തിൽ ഓരോ വോട്ടും എത്രത്തോളം വിലപ്പെട്ടതാണെന്ന് അടിവരയിടുന്നതായിരുന്നു ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന തിരുപ്പത്തൂരിലെ വോട്ടെണ്ണൽ.
അധികാരത്തിലിരുന്ന ഡിഎംകെയ്ക്ക് കനത്ത പ്രഹരമാണ് ഈ തെരഞ്ഞെടുപ്പ് നൽകിയത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾക്ക് സ്വന്തം തട്ടകങ്ങളിൽ പരാജയം രുചിക്കേണ്ടി വന്നു. കൊളത്തൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർത്ഥി വി എസ് ബാബുവിനോടാണ് സ്റ്റാലിൻ പരാജയപ്പെട്ടത്. ഭരണവിരുദ്ധ വികാരത്തിനൊപ്പം പുതുതലമുറ വോട്ടർമാരെയും യുവാക്കളെയും ആകർഷിക്കാൻ വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തിന് സാധിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. ചെന്നൈ നഗരമേഖലകളിൽ ഉൾപ്പെടെ ഡിഎംകെയുടെ കോട്ടകൾ തകർക്കാൻ ടിവികെക്ക് കഴിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam