അഖിലേഷിന് വലിയ സമ്മാനവുമായി 'അങ്കിൾ' എത്തും, ഓംപ്രകാശിന്‍റെ കരുനീക്കം വിജയിക്കുമോ? ഇപി ജയരാജൻ എവിടെ?

By Web TeamFirst Published Dec 25, 2022, 9:53 PM IST
Highlights

ഇ പി ജയരാജന്‍ രാഷ്ട്രീയം വിട്ടോ? അദ്ദേഹം ചികിത്സയിലാണോ, എങ്കില്‍ എന്താണ് അസുഖം ,ചികിത്സയിലാണെങ്കില്‍ തൃശൂരില്‍ നടന്ന കിസന്‍സഭാ ദേശീയ സമ്മേളനത്തില്‍ 5 ദിവസം അദ്ദേഹം നിറഞ്ഞ് നിന്നതെങ്ങനെ, അപ്പോള്‍ അസുഖത്തിന് കുറവുണ്ടോ?

അഖിലേഷിന് പുതുവർഷ സമ്മാനവുമായി 'അങ്കിൾ' വരും!

അഖിലേഷ് യാദവും ശിവ്പാൽ യാദവുമായുള്ള പ്രശ്നങ്ങൾ തുടങ്ങിയിട്ട് കാലങ്ങളായി. അഖിലേഷ് യു പി മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ തുടങ്ങിയ പ്രശ്നങ്ങൾക്കിടയിൽ ഇടയ്ക്ക് മഞ്ഞുരുകാറുണ്ടെങ്കിലും കഴിഞ്ഞ കുറേ നാളുകളായി ഇരുവരും തമ്മിൽ അകൽച്ചയിലായിരുന്നു. പുതുവർഷത്തിലേക്ക് കടക്കുമ്പോൾ അഖിലേഷിന് സന്തോഷ വാർത്ത എത്തുമെന്നാണ് സൂചന. പാർട്ടിയിലെ അധികാരത്തിന്‍റെ പേരിൽ തെറ്റിപ്പിരിഞ്ഞു നിൽക്കുന്ന യു പി രാഷ്ട്രീയത്തിലെ കരുത്തനായ 'അങ്കിൾ' പുതുവർഷ സമ്മാനവുമായെത്തുമെന്ന പ്രതീക്ഷയിലാണ് അഖിലേഷ്. കാര്യങ്ങളെല്ലാം നല്ല വഴിക്കാണ് പോകുന്നതെന്ന് അഖിലേഷ് പ്രതികരിക്കുകയും ചെയ്തിരുന്നു. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ മെയിൻപുരി ലോക്‌സഭാ സീറ്റിൽ നിന്ന് അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവ് റെക്കോർഡ് വിജയം സ്വന്തമാക്കിയതിന് പിന്നാലെ ശിവ്പാൽ കൂടി മടങ്ങിയെത്തിയാൽ അത് സമാജ് വാദി പാർട്ടിക്ക് ഗുണമാകുമെന്നാണ് പ്രതീക്ഷ.

മെയിൻപുരിയിലെ തെരഞ്ഞെടുപ്പിൽ ശിവ്പാലിന്‍റെ സഹായം അഖിലേഷിനും ഡിംപിളിനും പാർട്ടിക്കും ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പരസ്യമായി നന്ദി അറിയിച്ച അഖിലേഷ് അനുഗ്രവും വാങ്ങി ശിവ്പാലിനെ പാർട്ടിയിലേക്ക് വീണ്ടും ക്ഷണിച്ചിരുന്നു. ഇതിന് ശേഷം അഖിലേഷിനെ വിമർശിക്കുന്നതും പരിഹസിക്കുന്നതും ശിവ്പാൽ അവസാനിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മടങ്ങിവരവ് അധികം വൈകില്ലെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകൾ. മുലായം സിംഗ് യാദവിന്‍റെ സഹോദരനായ ശിവ്‌പാൽ പാർട്ടിയിലെ കരുത്തുറ്റ മുഖമായിരുന്നു. അഖിലേഷിനെ പാർട്ടിയിലേക്ക് ഉയർത്തികൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളിൽ മുലായത്തോടുപോലും ശിവ്പാൽ പോരാടിയിട്ടുണ്ട്. പിന്നീട് പാർട്ടിക്ക് പുറത്തുപോയ ശിവ്പാൽ ഇടയ്ക്ക് അഖിലേഷുമായി സഹകരിക്കുകയും ചെയ്തിട്ടുണ്ട്. ശിവ്പാലിന്‍റെ മടങ്ങിവരവ് 2024 ലെ പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ എസ് പിക്ക് എത്രത്തോളം ഗുണമാകും എന്നതാണ് കണ്ടറിയേണ്ടത്.

ഇര വിഴുങ്ങുമോ വീഴുമോ?

രാഷ്ട്രീയ ചതുരംഗ പോരാട്ടത്തിൽ കരുനീക്കങ്ങൾ എന്നും ഏറെ പ്രധാനമാണ്. പലപ്പോഴും ആ കരുനീക്കം വിജയകരമായി തെളിയിച്ച നേതാക്കളിൽ ഒരാളാണ് യു പിയിലെ 'പാർട്ടി ഹോപ്പർ' എന്നറിയുന്ന ഓം പ്രകാശ് രാജ്ഭർ. തന്‍റെ പഴയ പാർട്ടിയായ ബി ജെ പിയേല്ക്ക് മടങ്ങാനൊരുങ്ങുകയാണ് ഇപ്പോൾ ഓം പ്രകാശ്. ദീർഘ കാല ലക്ഷ്യങ്ങൾ ഏറെ മനസിൽ കണ്ടാണ് എന്നും ഓം പ്രകാശ് കരുനീക്കങ്ങൾ നടത്തിയിട്ടുള്ളത്. ഒരിക്കൽ തനിക്ക് കാബിനറ്റ് മന്ത്രിസ്ഥാനം വരെ തന്ന ബിജെപിയുമായി അടുക്കുകയാണ് വീണ്ടും ഓം പ്രകാശ്. അതിന്റെ തുടക്കം എന്നോണമാണ് അടൽ ബിഹാരി വാജ്‌പേയി ഫൗണ്ടേഷന്റെ കോ-ചെയർമാന്റെ കസേരയിൽ അദ്ദേഹം സ്ഥാനമുറപ്പിച്ചതെന്നും വിലയിരുത്തൽ.

എന്നാൽ ഇതൊരു ഇടക്കാല കാത്തിരിപ്പാണെന്നാണ് രാഷ്ട്രീയ നിരീക്ഷരുടെ വിലയിരുത്തൽ. എതിർ കക്ഷിയുടെ ശ്രദ്ധയിലേക്കെത്തി, ആ ക്യാമ്പിന്റെ വാതിലുകൾ തുറക്കുന്ന ഓം പ്രകാശ് തന്ത്രം ഒരിക്കൽ കൂടി വിജയിച്ചുവെന്നാണ് വിലയിരുത്തലുകൾ. തനിക്ക് ആവശ്യമായ സ്ഥാനം ലഭിക്കുന്നില്ലെന്ന് തോന്നുന്ന സമയം മുതൽ അദ്ദേഹം നേതാക്കൾക്കെതിരെ അമ്പെയ്തു തുടങ്ങും. മുമ്പ് ബിജെപി മന്ത്രിസഭയിലിരിക്കുമ്പോഴും ഇതേ രീതിയിൽ സ്വന്തം മുന്നണി നേതാക്കൾക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇനി 2024-ൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വമ്പൻമാരെ വീഴ്ത്താൻ സ്വയം ഒരു ഇരയായി കാത്തിരിക്കുകയാണ് ഓം പ്രകാശ്. ആര് ആരെ വീഴ്ത്തുമെന്ന് കാത്തിരുന്ന് തന്നെ അറിയാം.

ബാബ എന്ന പേരിൽ!

സർക്കാർ സംവിധാനങ്ങളിൽ ഞെട്ടലുണ്ടാക്കുന്ന ഒരു പേര് രാജസ്ഥാനിലുണ്ട്. ബാബ എന്ന് വിളിക്കുന്ന ഈ നേതാവ് ഏത് രാഷ്ട്രീയ കോട്ടകളെയും കീഴടക്കാൻ കഴിവുള്ളവനാണ്. അദ്ദേഹത്തിന്റെ മനോഭാവം അത്തരത്തിലുള്ളതാണ്. ഏത് പദ്ധതികളും അദ്ദേഹത്തിന്റെ പ്രകോപനം ഒന്ന് കൊണ്ട് മാത്രം കീഴ്മേൽ മറിയും. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ബാബയുടെ ഇടപെടൽ ഭയന്ന് മാത്രം അശോക് ഗെഹ്‌ലോട്ട് സർക്കാർ റോഡ് വികസനത്തിനും ക്യാമറകൾ സ്ഥാപിക്കാനും കെട്ടിടങ്ങൾ നന്നാക്കാനും മറ്റുമായി 20 ലക്ഷം രൂപ ചെലവഴിച്ചുവത്രെ. ജോഡോ യാത്രയ്ക്ക് ദൗസയിലൂടെ സുഗമമായി കടന്നുപോകാൻ ഇത് കൊണ്ടായി. യാത്രയുടെ അവസാന മൂന്ന് ദിവസങ്ങളിൽ ബാബയുടെ സാന്നിദ്ധ്യം അൽവാറിലെ സ്ഥിതിഗതികളെ ഇളക്കിമറിക്കുകയുണ്ടായി എന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ സംസാരം.

നാരീ - ശക്തി

ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെത്തിയപ്പോൾ അവളുടെ സാന്നിധ്യം പലര്‍ക്കും അത്ര പിടിച്ചിട്ടില്ല. തന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പ്രതിച്ഛായ പുനർനിർമ്മിക്കാനുള്ള ദൗത്യത്തിലായിരുന്നു അവൾ. ഈ ദൗത്യവുമായി രാഹുൽ ഗാന്ധിയുടെ അടുത്ത് അഞ്ച് തവണയാണ് അവളെത്തിയത്. സോണിയാഗാന്ധിയ്‌ക്കൊപ്പം ഒരു സെൽഫിയും എടുത്തു. അവടെ രാഷ്ട്രീയ കരുനീക്കങ്ങൾ പല പ്രമുഖരെയും മറികടക്കുമെന്നും ഭാവിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പോലും അവർ പരിഗണിക്കപ്പെടുമെന്നും അഭ്യൂഹങ്ങളുണ്ട്. പക്ഷേ കോൺഗ്രസിന് ഒരു കുഴപ്പമുണ്ട്, വരം കൊടുക്കുന്ന കൈകൊണ്ട് തന്നെ അത് തട്ടിത്തെറിപ്പിക്കപ്പെടാമെന്നും പലതവണ കോൺഗ്രസിൽ തെളിഞ്ഞതാണ്. 

ഇ‌ പി ജയരാജന്‍ എവിടെ?

ഇ പി ജയരാജന്‍ രാഷ്ട്രീയം വിട്ടോ? അദ്ദേഹം ചികിത്സയിലാണോ, എങ്കില്‍ എന്താണ് അസുഖം ,ചികിത്സയിലാണെങ്കില്‍ തൃശൂരില്‍ നടന്ന കിസന്‍സഭാ ദേശീയ സമ്മേളനത്തില്‍ 5 ദിവസം അദ്ദേഹം നിറഞ്ഞ് നിന്നതെങ്ങനെ, അപ്പോള്‍ അസുഖത്തിന് കുറവുണ്ടോ? ഏറ്റവുമൊടുവില്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമിതിയോഗത്തിലും കാണാതായതോടെ സിപിഎം അണികള്‍ ചോദ്യങ്ങള്‍ തുടരുകയാണ്.

പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗവും കണ്ണൂരിലെ പ്രമുഖ നേതാവും സിപിഎമ്മിലെ ശക്തനായ നേതാവുമായ ഇപി ജയരാജന്‍റെ വിട്ടുനില്‍ക്കല്‍ സിപിഎം  കേന്ദ്രങ്ങളില്‍ ചര്‍ച്ചയായത് നവംബര്‍ 25 മുതലാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ഇപി ജയരാജന്‍  എല്‍ഡിഎഫ് സമീപകാലത്ത് സംഘടിപ്പിച്ച ഏറ്റവും വലിയ രാഷ്ട്രീയ സമരത്തില്‍ നിന്ന് വിട്ട് നിന്നത് വലിയ വാര്‍ത്തയായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അങ്ങ് ദില്ലിയില്‍ നിന്ന് പറന്നിറങ്ങി സമരം ഉദ്ഘാടനം ചെയ്തപ്പോള്‍ എൽ ഡി എഫ് കണ്‍വീനര്‍ കണ്ണൂരിലെ വീട്ടിലിരുന്ന് ടിവി കാണുകയായിരുന്നു.

അതേ ദിവസം തന്നെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് ജില്ലാകേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് സമരം നടത്തിയിരുന്നു. കണ്ണൂരില്‍ സമരം ഉദ്ഘാടനം ചെയ്തത് പിബി അംഗം എംഎ ബേബി. അതായത് എല്‍ഡിഎഫ് കണ്‍വീനര്‍ തൊട്ടടുത്തിരുന്ന് ടിവി കാണുമ്പോഴാണ് തിരുവനന്തപുരത്ത് നിന്ന് ബേബി സഖാവിന് കണ്ണൂരിലെത്തി പരിപാടി ഉദ്ഘാടനം  ചെയ്യേണ്ടി വന്നത്.

രണ്ട് ദിവസം മുന്‍പ് കാറില്‍ കാസർകോഡ് പോയി മറ്റൊരു പരിപാടിയില്‍ ഇപി ജയരാജന്‍ പങ്കെടുത്തിരുന്നു.ആരോഗ്യകാരണങ്ങളാല്‍ വിശ്രമിക്കുകയാണെന്ന വാദം തെറ്റാണെന്ന് മനസിലായതോടെ കാര്യമെന്തെന്ന് എല്ലാവരും ആഞ്ഞ് തിരക്കി.

എംവി ഗോവിന്ദന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനവും പിബി അംഗത്വവും കിട്ടിയത് ജയരാജന്‍ സഖാവിന് ദഹിച്ചിട്ടില്ലെന്നാണ് അണിയറ വര്‍ത്തമാനം. പാര്‍ട്ടിയില്‍ തന്നേക്കാള്‍ ജൂനിയറാണ് എംവി ഗോവിന്ദന്‍. മാത്രമല്ല പാര്‍ട്ടി വിഭാഗീയക്കാലത്ത് പിണറായി വിജയന് വേണ്ടി രാപകലില്ലാതെ കഷ്ടപ്പെട്ട തനിക്ക് അര്‍ഹമായ പ്രാതിനിധ്യം പിണറായി നല്‍കുന്നില്ലെന്നാണ് ജയരാജന്‍റെ പരാതി. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനമുണ്ടെങ്കിലും ഭരണമുള്ള കാലത്ത് വലിയ പ്രാധാന്യമുള്ള പോസ്റ്റായി ആരുമതിനെ കാണുന്നില്ല. കോടിയേരിക്ക് അസുഖമായ സമയം മുതല്‍ പാര്‍ട്ടി സെന്‍റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചതും ഇ പി യാണ്. സ്വാഭാവികമായി സെക്രട്ടറി സ്ഥാനം അദ്ദേഹം ആഗ്രഹിച്ചു.പക്ഷേ കിട്ടിയില്ല. ഉടന്‍ ലീവെടുത്തു. ഇനി പഴയപോലെ നിറഞ്ഞ് നില്‍ക്കാനില്ലെന്ന് അടുപ്പക്കാരോട് ഇപി പറഞ്ഞുകഴിഞ്ഞു. അങ്ങിനെയെങ്കില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവക്കേണ്ടതല്ലേ എന്ന ചോദ്യം പ്രസക്തമാണ്.

പാര്‍ട്ടിയും മുന്നണിയും ലോക്സാഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്നു കഴിഞ്ഞ സാഹചര്യത്തില്‍ എത്ര നാള്‍ ഇപി ക്ക് ഇങ്ങനെ അവധിയില്‍ തുടരാനാകുമെന്നാണ് പാര്‍ട്ടി അണികള്‍ ചോദിക്കുന്നത്.

തിരുത്തിക്കാൻ ഉറപ്പിച്ച് പിജെ, വൈദേഹം പരാതിക്കാരൻ പറഞ്ഞത്! പ്രധാനമന്ത്രിയുടെ ആശങ്ക, ക്രിസ്മസ് ആഘോഷം; 10 വാർത്ത

click me!