Asianet News MalayalamAsianet News Malayalam

തിരുത്തിക്കാൻ ഉറപ്പിച്ച് പിജെ, വൈദേഹം പരാതിക്കാരൻ പറഞ്ഞത്! പ്രധാനമന്ത്രിയുടെ ആശങ്ക, ക്രിസ്മസ് ആഘോഷം; 10 വാർത്ത

പാർട്ടിയിലെ തെറ്റായ പ്രവണതകൾക്കെതിരെ പൊതുവവേദിയിലും മുന്നറിയിപ്പുമായി പി ജയരാജൻ രംഗത്തെത്തി എന്നതാണ് പ്രധാനപ്പെട്ട സംഭവം, വടകരയിലെ വ്യാപാരിയുടെ കൊലപാതകമാണ് ക്രിസ്മസ് ദിനത്തിൽ കേരളത്തെ ഞെട്ടിച്ച സംഭവം

Today 25-12-2022 Top Malayalam News Headlines and Latest Malayalam News 
Author
First Published Dec 25, 2022, 6:54 PM IST

തിരുവനന്തപുരം: സി പി എം ഉന്നത നേതാവും ഇടത് മുന്നണി കൺവീനറുമായ ഇ പി ജയരാജനെതിരായ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളാണ് ഇന്നത്തെ പ്രധാനവാർത്ത. പാർട്ടിയിലെ തെറ്റായ പ്രവണതകൾക്കെതിരെ പൊതുവവേദിയിലും മുന്നറിയിപ്പുമായി പി ജയരാജൻ രംഗത്തെത്തി എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. വിദേശത്തെ കൊവിഡ് വ്യാപനത്തിൽ ആശങ്കയറിയിച്ച  പ്രധാനമന്ത്രി നരേന്ദ്രമോദി, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം നൽകിയതാണ് മറ്റൊരു വാർത്ത. ക്രിസ്മസ് ആഘോഷ ദിവസത്തിന്‍റെ വാർത്തകളും ഇന്നുണ്ടായി. സഭാവിശ്വാസികളോട് മാപ്പ് പറഞ്ഞ് മാനന്തവാടി രൂപതാ ബിഷപ്പ് രംഗത്തെത്തിയതും ഇന്ന് ശ്രദ്ധ നേടിയ വാർത്തയാണ്. സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി ഇന്ന് ആറ് മരണം സംഭവിച്ചു എന്നത് ഏവർക്കും വേദനയായി. ബംഗ്ലാദേശിനെ തൂത്തുവാരിയ ജയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ലോട്ടറിയാകുമെന്നതാണ് കായിക ലോകത്ത് നിന്നുള്ള പ്രധാനവാർത്ത.

1 പാര്‍ട്ടി നയങ്ങളിൽ നിന്നും വ്യതിചലിക്കുന്നവരെ തിരുത്തുമെന്ന് പി.ജയരാജൻ: ഇല്ലെങ്കിൽ സ്ഥാനം പാര്‍ട്ടിക്ക് പുറത്ത്

ഇപി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന പരാതിക്ക് പിന്നാലെ പാർട്ടിയിലെ തെറ്റായ പ്രവണതകൾക്കെതിരെ പൊതുവവേദിയിലും മുന്നറിയിപ്പുമായി പി ജയരാജൻ രംഗത്തെത്തി. കാഞ്ഞങ്ങാട് നടന്ന  പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആണ് വ്യക്തിതാത്പര്യങ്ങൾക്ക് വേണ്ടി പാർട്ടി താത്പര്യം ബലി കഴിപ്പിക്കുന്ന പ്രവണതയെ തിരുത്തുമെന്ന് പി ജയരാജൻ പറഞ്ഞത്. തിരുത്താത്തവർ പാർട്ടിയിൽ ഉണ്ടാകില്ലെന്നുമുള്ള പി ജയരാജന്‍റെ മുന്നറിയിപ്പ് ഇ പി ജയരാജനെ ലക്ഷ്യമിട്ടാണെന്ന വ്യാഖ്യാനം ശക്തമാണ്.

2 മൊറാഴയിലെ റിസോർട്ട്; മകൻ സ്ഥാപക ഡയറക്ടർ, ഇ പി ജയരാജന്‍റെ വാദങ്ങൾ പൊളിയുന്നു

മൊറാഴയിലെ ആയുർവേദ റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന ഇ പി ജയരാജന്റെ വാദം പൊളിയുന്നു. തലശേരി സ്വദേശി കെ പി രമേഷ് കുമാറാണ് റിസോർട് ഉടമയെന്നായിരുന്നു ഇ പി ആരോപണം ഉയർന്നതിന് പിന്നാലെ പറഞ്ഞത്. എന്നാൽ ഇ പി ജയരാജന്റെ മകൻ ജെയ്സൺ റിസോർട്ടിന്റെ സ്ഥാപക ഡയറക്ടറാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. കമ്പനി രജിസ്ട്രേഷൻ രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മെമ്മോറാണ്ടം ഓഫ് അസോസിയേഷന്റെ വിശദാംശങ്ങൾ പുറത്തുവന്നു. ഇ പിയുടെ മകൻ ജെയ്സണും വ്യവസായി കെ പി രമേശ് കുമാറും ചേർന്നുള്ള സംരംഭമാണ് ഇതെന്ന് വ്യക്തമാക്കുന്നതാണ് രേഖകൾ. 2014 ൽ രജിസ്റ്റർ ചെയ്യുമ്പോൾ ഈ രണ്ടുപേർ മാത്രമാണ് കമ്പനിയുടെ ഡയറക്ടർമാരായിരുന്നത്. വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിർണായകമാവും.

3 ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് ആരോപണം, സിപിഎം കേന്ദ്ര നേതൃത്വം വിവരം തേടി

ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ സി പി എം കേന്ദ്ര നേതൃത്വം വിവരം തേടിയെന്നതാണ് മറ്റൊരു വാർത്ത. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രനേതൃത്വം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് വിവരം തേടിയത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ സംസ്ഥാന ഘടകം ഉന്നയിച്ചാൽ വിഷയം ചർച്ച ചെയ്യും. ത്രിപുര തെരഞ്ഞെടുപ്പ് ഒരുക്കമാണ് പി ബിയുടെ പ്രധാന അജണ്ട. അതിനാൽ വിശദമായ ചർച്ച തല്ക്കാലം ഉണ്ടാവില്ല. കേന്ദ്രകമ്മിറ്റി അംഗമായതിനാൽ ഇ പി ജയരാജനെതിരെ അന്വേഷണത്തിന് പൊളിറ്റ് ബ്യൂറോയുടെ അനുമതി വേണമെന്നും നേതാക്കൾ സൂചിപ്പിച്ചു.

4 'പ്രതിഷേധമുണ്ടായിട്ടും മൊറാഴയിലെ റിസോർട്ടിന് അനുകൂല റിപ്പോർട്ട് നൽകിയത് തഹസിൽദാർ': പരാതിക്കാരൻ സജിൻ

ഇ പി ജയരാജനുമായി ബന്ധപ്പെട്ട മൊറാഴയിലെ വൈദേഹം ആയുർവേദ റിസോട്ടിനെതിരെ പ്രദേശത്ത് പ്രതിഷേധമില്ലെന്ന് തഹസിൽദാർ തെറ്റായ റിപ്പോർട്ട് കളക്ടർക്ക് നൽകുകയായിരുന്നുവെന്ന് റിസോർട്ടിനെതിരെ കളക്ടർക്ക് പരാതി നൽകിയ സിപിഎം മുൻ അംഗവും ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് സെക്രട്ടറിയുമായ സജിൻ വെളിപ്പെടുത്തി. റിസോർട്ട് നിർമ്മാണത്തിനായി പ്രദേശത്ത് നിയമലംഘനങ്ങൾ നടക്കുന്നുവെന്ന് മനസിലായതോടെയാണ് പ്രശ്നത്തിൽ പരിഷത്ത് ആദ്യമായി ഇടപെട്ടതെന്ന് സജിൻ വിശദീകരിച്ചു. പരിഷത്ത് റിസോർട്ടിനെതിരെ സമരം ചെയ്തെങ്കിലും മൊറാഴയിലെ ആയുർവേദ റിസോട്ടിന് സഹായകരമായ നിലപാടാണ് തഹസിൽദാർ സ്വീകരിച്ചത്. റിസോർട്ടിനെതിരെ പ്രദേശത്ത് പ്രതിഷേധമില്ലെന്ന് തഹസിൽദാർ കളക്ടർക്ക് തെറ്റായ റിപ്പോർട്ട് നൽകിയെന്നും സജിൻ പറഞ്ഞു.

5 സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി ആറ് മരണം

ക്രിസ്മസ് ദിനത്തിൽ സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി ആറ് മരണമാണ് സംഭവിച്ചത്. കൊല്ലം കുണ്ടറയിലും കോഴിക്കോട് കാട്ടിലെ പീടികയിലുമായി നാല് യുവാക്കൾ അപകടത്തില് മരിച്ചു. കണ്ണൂരിൽ ബൈക്ക് മറിഞ്ഞ് യുവതിയും ഇടുക്കിയിൽ ജീപ്പ് മറിഞ്ഞ് പത്തൊമ്പതുകാരനും മരിച്ചു. കുണ്ടറ പെരുമ്പുഴ സൊസൈറ്റി മുക്കിൽ നിയന്ത്രണം വിട്ട് അമിതവേഗത്തിലെത്തിയ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് യുവാക്കൾ മരിച്ചത്. ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് വരികയായിരുന്ന സുഹൃത്തുക്കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് യുവാക്കൾ മരിച്ചത്. കോഴിക്കോട് - കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലാണ് അപകടം.  കണ്ണൂർ കുടിയാന്‍മലയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് യുവതി മരിച്ചത്. ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം വാളാടിയിൽ ജീപ്പ് മറിഞ്ഞാണ് ഒരാൾ മരിച്ചത്.

6 'ഹീന പ്രവണതകൾ ലജ്ജാകരം'; സഭാവിശ്വാസികളോട് മാപ്പ് പറഞ്ഞ് മാനന്തവാടി രൂപതാ ബിഷപ്പ്

സഭാവിശ്വാസികളോട് മാപ്പ് പറഞ്ഞ് മാനന്തവാടി രൂപതാ ബിഷപ്പ് രംഗത്തെത്തിയതാണ് മറ്റൊരു പ്രധാന സംഭവം. സഭയിൽ നടമാടുന്ന ഹീന പ്രവണതകൾ ലജ്ജാകരമാണ്. അത്തരം സംഭവങ്ങളിൽ വിശ്വാസികൾക്കുണ്ടായ ദുഃഖത്തിന് താൻ മാപ്പ് ചോദിക്കുന്നുവെന്നും മാനന്തവാടി രൂപത ബിഷപ്പ്  മാർ. ജോസ് പൊരുന്നേടം പറഞ്ഞു. മാനന്തവാടി കണിയാരം കത്തീഡ്രലിൽ നടന്ന പാതിര കുർബാനയിൽ ക്രിസ്മസ് സന്ദേശം നൽകുന്നതിന് ഇടയിലായിരുന്നു ബിഷപ്പിന്‍റെ മാപ്പ് പറച്ചിൽ.

7 ഫിഷറീസ് സർവകലാശാല വിസി നിയമനം : ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

കേരള ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു എന്നതാണ് മറ്റൊരു പ്രധാന സംഭവം. കുഫോസ് വിസി തെരഞ്ഞെടുപ്പിന് യുജിസി ചട്ടങ്ങള്‍ ബാധകമല്ലെന്നും, സംസ്ഥാന നിയമസഭ പാസാക്കിയ നിയമമാണ് പ്രധാനമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിരിക്കുന്നത്. ഭരണഘടനയുടെ ഏഴാം പട്ടികയിലെ ലിസ്റ്റ് രണ്ട് പ്രകാരം കാര്‍ഷിക വിദ്യാഭ്യാസവും, ഗവേഷണവും സംസ്ഥാന വിഷയമാണ്. അതിനാല്‍ ഫിഷറീസ് സര്‍വകാലാശാലക്ക് യുജിസി ചട്ടം ബാധകമെല്ലെന്നാണ് വാദം. 2010 ല്‍ സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിലും കുഫോസ് വിസി നിയമനത്തെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഒരു നിയമവും പാര്‍ലമെന്‍റ് പാസാക്കിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

8 നീല ഷർട്ട്‌ ധരിച്ചൊരാളെ കടയിൽ കണ്ടു, അയാൾ രാജനൊപ്പമുണ്ടായിരുന്നു; വ്യാപാരിയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തൽ

വടകരയിലെ വ്യാപാരിയുടെ കൊലപാതകമാണ് ക്രിസ്മസ് ദിനത്തിൽ കേരളത്തെ ഞെട്ടിച്ച സംഭവം. ഈ കൊലപാതകത്തിൽ പിന്നീട് നിർണായക വിവരങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ട രാജനൊപ്പം ഒരാൾ രാത്രിയിൽ കടയിലുണ്ടായിരുന്നുവെന്ന് സമീപത്തെ കടയുടമ അശോകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നീല ഷർട്ട്‌ ധരിച്ചയാളാണ് രാജനൊപ്പം കടയിൽ ഉണ്ടായിരുന്നത്. ഇയാളുടെ മുഖം വ്യക്തമായിരുന്നില്ല. രാത്രി വൈകി കടപൂട്ടുന്ന സമയത്ത് രാജൻ വാഹനവുമായി പുറത്തേക്ക് പോകാനിറങ്ങി. കടയടക്കാൻ പോകുകയാണോയെന്ന് ഈ സമയത്ത് രാജനോട് ചോദിച്ചപ്പോൾ പുറത്ത് പോയി ഉടൻ മടങ്ങി വരുമെന്നാണ് മറുപടി നൽകിയതെന്നും അശോകൻ വിശദീകരിച്ചു. രാജൻ പുറത്തേക്കു പോയ സമയത്തും ഇയാൾ കടക്കുള്ളിൽ ഉണ്ടായിരുന്നുവെന്നും പിന്നീടെന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് വ്യക്തതയില്ലെന്നും അശോകൻ വിശദീകരിച്ചു.  

9 വിദേശത്തെ കൊവിഡ് വ്യാപനത്തിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

കൊവിഡിനെതിരെ ജാഗ്രത വേണമെന്ന് ആവശ്യപ്പെട്ട് ഇന്ന് പ്രധാനമന്ത്രി രംഗത്തെത്തി. ചില രാജ്യങ്ങളിൽ കേസുകൾ കൂടുന്നതിൽ  പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി മോദി ആശങ്ക വ്യക്തമാക്കിയത്. ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളിലേക്ക് ജനങ്ങൾ കടന്നത് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ ജാഗ്രത നിർദ്ദേശം. എല്ലാവരും മാസ്ക് ധരിക്കണം. ശുചിത്വം പാലിക്കണം. സൂക്ഷിച്ചാൽ സുരക്ഷിതരാകാം. ജാഗ്രത കുറവ് മറ്റൊരു ഉത്സവ കാലത്തിൻറെ സന്തോഷമില്ലാതാക്കാൻ ഇടവരുത്തരുതെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി.

10 ബംഗ്ലാദേശിനെ തൂത്തുവാരിയ ജയം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ലോട്ടറിയടിച്ച് ടീം ഇന്ത്യ

ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ തൂത്തുവാരി. ഇതോടെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ രണ്ടാംസ്ഥാനം ടീം ഇന്ത്യ നിലനിര്‍ത്തി. ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ പരമ്പര ജയം ഇന്ത്യക്ക് അനിവാര്യമായിരുന്നു. ബംഗ്ലാദേശ്-ഇന്ത്യ രണ്ടാം ടെസ്റ്റിന് ശേഷമുള്ള പുതുക്കിയ പട്ടിക പ്രകാരം ഓസ്‌ട്രേലിയ തന്നെയാണ് തലപ്പത്ത്. 13 മത്സരങ്ങളില്‍ 120 പോയിന്‍റും 76.92 പോയിന്‍റ് ശരാശരിയുമാണ്(PCT-Points percentage system) ഓസീസിന്‍റെ സമ്പാദ്യം. രണ്ടാമതുള്ള ഇന്ത്യക്കുള്ളത് 14 കളിയില്‍ 87 പോയിന്‍റും 58.93 പോയിന്‍റ് ശരാശരിയും. ദക്ഷിണാഫ്രിക്കയാണ് മൂന്നാമത്. ധാക്കയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ മൂന്ന് വിക്കറ്റിന്‍റെ ജയമാണ് സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റ് 188 റണ്‍സിന് വിജയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios