
മുംബൈ: യുക്രൈനിൽ (Ukraine) നിന്ന് റൊമേനിയ അതിർത്തി കടന്ന മലയാളി വിദ്യാർത്ഥികൾ അടക്കമുള്ള ആദ്യ സംഘം ഇന്ത്യയിലെത്തി. 219 പേരുടെ ആദ്യ സംഘം മുംബൈയിലാണ് (Mumbai) വിമാനമിറങ്ങിയത്. ഈ സംഘത്തിൽ 27 പേർ മലയാളികളാണ്. മുംബെ മേയർ വിദ്യാർഥികളെ സ്വീകരിച്ചു. എല്ലാവരെയും തിരികെ എത്തിക്കും വരെ ദൗത്യം നിർത്തില്ലെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. യുക്രൈൻ രക്ഷാദൗത്യത്തിന് 'ഓപ്പറേഷൻ ഗംഗ' എന്നാണ് കേന്ദ്രസർക്കാർ പേര് നൽകിയിരിക്കുന്നത്.
ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തിൽ എത്തിയത്. ഭക്ഷണവും വെള്ളവും ഇന്ത്യന്‍ എംബസി അധികൃതർ നല്‍കി. റൊമാനിയൻ അംബാസഡർ രാഹുൽ ശ്രീവാസ്തവയാണ് ആദ്യ സംഘത്തെ യാത്രയാക്കിയത്.
രണ്ടാമത്തെ വിമാനം റൊമേനിയയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ദില്ലിയിലേക്കാണ് ഇവരെ കൊണ്ടുവരുന്നത്. പതിനേഴ് മലയാളികളാണ് ഈ സംഘത്തിലുള്ളത്. ഇവർക്കുള്ള താമസം കേരളഹൗസിൽ ഒരുക്കിയിട്ടുണ്ട്. മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നാട്ടിലേക്ക് സൗജന്യയാത്ര ഏര്‍പ്പടുത്തും. തിരുവന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാകും ഇവരെ എത്തിക്കുക.
നരേന്ദ്ര മോദി വ്ളാദിമിർ സെലൻസ്കിയെ വിളിച്ചു; വേദന അറിയിച്ച് ഇന്ത്യ, രാഷ്ട്രീയ പിന്തുണ തേടി യുക്രൈൻ
യുക്രൈൻ പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്ളാദിമിർ സെലൻസ്കിയെ ഫോണിൽ വിളിച്ച് വേദന അറിയിച്ചെന്ന് ഇന്ത്യ. അക്രമം ഉടൻ അവസാനിപ്പിച്ച് ചർച്ച തുടങ്ങണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് മോദി പറഞ്ഞു. യുക്രൈനിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മോദി യുക്രൈൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.
നരേന്ദ്ര മോദിയോട് രാഷ്ട്രീയ പിന്തുണ തേടിയെന്ന് സെലൻസ്കി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒരു ലക്ഷം കടന്നുകയറ്റക്കാർ യുക്രൈനിലുണ്ടന്ന് സെലൻസ്കി മോദിയെ അറിയിച്ചു.
അതിനിടെ, ദില്ലിയിലെ യുക്രൈൻ എംബസിക്ക് മുന്നിൽ ഇന്ത്യയിലുള്ള യുക്രൈനുകാർ എത്തി. മുഴുവൻ ഇന്ത്യക്കാരും ഒപ്പം നിൽക്കണമെന്ന് യുക്രൈൻ പൗരൻ ആവശ്യപ്പെട്ടു. ഐക്യദാർഢ്യം വാക്കുകളിൽ ഒതുങ്ങരുത്. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയും ആവശ്യപ്പെടണം എന്നും അവർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam