
ദില്ലി: രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർക്ക് കർശന മാർഗനിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്ന അടുക്കള സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കണമെന്നാണ് പ്രധാന നിർദേശം.
ഭക്ഷണം ഉണ്ടാക്കാനായി ഫുഡ് ഗ്രേഡ് നിലവാരമുള്ളതും തുരുമ്പെടുക്കാത്തതുമായ കത്തികളും ബ്ലേഡുകളും മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദേശം. കത്തികൾ, ബ്ലേഡുകൾ മറ്റ് കട്ടിങ് ഉപകരണങ്ങൾ തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കണമെന്നും ഇക്കാര്യം ഉറപ്പാക്കാനായി സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർമാർ പരിശോധന നടത്തണമെന്നും എഫ്എസ്എസ്എഐ നിർദേശിച്ചു. തുരുമ്പ് പിടിച്ചതും കേട് പറ്റിയതും പെയ്ൻ്റ് ചെയ്തതുമായ കത്തികളും ബ്ലേഡുകളും മറ്റ് കട്ടിങ് ഉപകരണങ്ങളും ചിലർ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് എഫ്എസ്എസ്എഐയുടെ ഇടപെടൽ.
ഭക്ഷണം മലിനമാകാതിരിക്കാനായി ഫുഡ് ഗ്രേഡ് നിലവാരമുള്ളതും വിഷാംശമില്ലാത്തതും തുരുമ്പെടുക്കാത്തതുമായ സാമഗ്രികൾ ഉപയോഗിക്കണമെന്നും ഇവ വൃത്തിയായ സാഹചര്യത്തിൽ കൈകാര്യം ചെയ്യണമെന്നും എഫ്എസ്എസ്എഐ നിർദേശിച്ചു. ഭക്ഷണം പാകം ചെയ്യുന്നതിനും അവ സൂക്ഷിച്ചുവെക്കുന്നതിനും ഉപയോഗിക്കുന്ന പാത്രങ്ങൾ പൂർണമായും തുരുമ്പ് രഹിതവും വിഷാംശം ഇല്ലാത്തതുമായിരിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. കൂടാതെ, പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളും മറ്റ് ഉപകരണങ്ങളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കി അണുവിമുക്തമാക്കണം. ഹോട്ടലുകൾ, തട്ടുകടകൾ, കാറ്ററിങ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർക്കും ഈ നിർദ്ദേശം ബാധകമാണെന്നും മാർഗനിർദേശത്തിലുണ്ട്.
തുരുമ്പ് പിടിച്ചതും കേട് പറ്റിയതും പെയ്ൻ്റ് ചെയ്തതുമായ കത്തികളും ബ്ലേഡുകളും മറ്റ് കട്ടിങ് ഉപകരണങ്ങളും ഉപയോഗിക്കുന്നത് ഭക്ഷണം മലിനമാകാൻ കാരണമാകുമെന്ന് എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടി. 2011ലെ ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേർഡ് റെഗുലേഷൻസ് പ്രകാരം, ഭക്ഷണം ഉണ്ടാക്കാനായി ഉപയോഗിക്കുന്ന മുഴുവൻ സാമഗ്രികളും ഫുഡ് ഗ്രേഡ് നിലവാരത്തിൽ നിർമിച്ചവയാകണം. മാർഗനിർദേശങ്ങളുമായി സഹകരിക്കാത്ത ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർക്കെതിരെ 2006ലെ ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരം നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയ എഫ്എസ്എസ്എഐ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർമാർ പരിശോധന നടത്തി ഇക്കാര്യം ഉറപ്പുവരുത്തണമെന്നും നിർദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam