
വിവിധ സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് അവസാനിക്കുന്നതോടെ രാജ്യത്ത് ഇന്ധനവിലയില്‍ വന്‍ വര്‍ധനവിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം പെട്രോളിനും ഡീസലിനും ലിറ്ററിന് 25 രൂപ മുതല്‍ 28 രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് മുന്നറിയിപ്പ് നല്‍കുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്.
നിലവില്‍ രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 104 ഡോളര്‍ എന്ന നിലയിലാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസപ്പെട്ടതാണ് ഇതിന് പ്രധാന കാരണം. ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും നടക്കുന്നത് ഈ പാതയിലൂടെയാണ്. ഹോര്‍മുസ് കടലിടുക്കിലൂടെ പോയ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ക്കുകയും രണ്ട് കപ്പലുകള്‍ പിടിച്ചെടുക്കുകയും ചെയ്തതോടെ ഈ വഴിയുള്ള എണ്ണനീക്കം പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്.
അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയിട്ടും ഇന്ത്യയില്‍ നിലവില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് സര്‍ക്കാര്‍ വില വര്‍ധന തടഞ്ഞുവെച്ചിരിക്കുന്നത്. എന്നാല്‍ ഏപ്രില്‍ 29-ന് അവസാന ഘട്ട വോട്ടെടുപ്പ് കൂടി കഴിയുന്നതോടെ വില വര്‍ധന നടപ്പിലാക്കാന്‍ കമ്പനികള്‍ക്ക് അനുമതി ലഭിച്ചേക്കും. പശ്ചിമേഷ്യയിലെ സംഘര്‍ഷം അയഞ്ഞില്ലെങ്കില്‍, വോട്ടെടുപ്പ് അവസാനിച്ചാലുടന്‍ ലിറ്ററിന് 25-28 രൂപ വരെ വില വര്‍ധിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത് എന്ന് കോട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് റിപ്പോര്‍ട്ട് പറയുന്നു.
കമ്പനികള്‍ നേരിടുന്നത് വന്‍ നഷ്ടം
എണ്ണവില വര്‍ധന മൂലം ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്ക് പ്രതിമാസം ഏതാണ്ട് 27,000 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലേക്ക് ഇന്ത്യ വാങ്ങിയ ക്രൂഡ് ഓയിലിന്റെ വിലയില്‍ വലിയ വര്‍ധനവുണ്ടായി. ഇറക്കുമതി ചെലവ് പ്രതിദിനം 190-210 ദശലക്ഷം ഡോളര്‍ വരെ വര്‍ധിച്ചിട്ടും രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത് കമ്പനികളുടെ നഷ്ടം ഇരട്ടിയാക്കുന്നുണ്ട്. നിലവില്‍ സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ 10 രൂപ കുറച്ചത് നേരിയ ആശ്വാസം നല്‍കുന്നുണ്ടെങ്കിലും, ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളറിലേക്ക് എത്തുകയാണെങ്കില്‍ വന്‍തോതിലുള്ള വില വർധിപ്പിക്കൽ ഒഴിവാക്കാനാവില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam