ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കേന്ദ്രം; ഗംഗാ ആക്ടിവിസ്റ്റ് സ്വാമി ശിവാനന്ദ് നിരാഹാരം അവസാനിപ്പിച്ചു

By Web TeamFirst Published Sep 3, 2020, 10:10 PM IST
Highlights

ഓഗസ്റ്റ് മൂന്നിനാണ് ശിവാനന്ദ സരസ്വതി സമരം ആരംഭിച്ചത്. നാല് ഗ്ലാസ് വെള്ളം കുടിച്ചാണ് അദ്ദേഹം സമരം അവസാനിപ്പിച്ചത്.
 

ദില്ലി: ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഗംഗാ ആക്ടിവിസ്റ്റും ആത്മീയ നേതാവുമായ ശിവാനന്ദ സരസ്വതി നിരാഹാര സമരം അവസാനിപ്പിച്ചു. ശിവാനന്ദ സരസ്വതിയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്തും ക്ലീന്‍ ഗംഗ മിഷന്‍ ഡയറക്ടര്‍ രാജീവ് രഞ്ജനും ഉറപ്പ് നല്‍കി. ഒരുമാസത്തെ സമരത്തിന് ശേഷമാണ് ശിവാനന്ദ സരസ്വതി നിരാഹാരം അവസാനിപ്പിക്കുന്നത്.

ഗംഗാ വിചാര്‍ മഞ്ചിന്റെ നേതൃത്വത്തിലാണ് സമരം നടത്തിയത്. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കുന്ന കേന്ദ്ര സര്‍ക്കാറിന്റെ കത്ത് ക്ലീന്‍ ഗംഗ മിഷന്‍ ഡയറക്ടര്‍ കൈമാറി. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയെന്ന് ശിവാനന്ദ സരസ്വതി പറഞ്ഞു. ഗംഗയിലെയും പോഷക നദികളിലെയും ജല വൈദ്യുതി  പദ്ധതികള്‍ ഉപേക്ഷിക്കാമെന്നും ഗംഗാ പരിസരത്തെ ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാമെന്നും കേന്ദ്രം ഉറപ്പ് നല്‍കി. ഗംഗാ നിയമം പാസാക്കണമെന്നും കരട് കമ്മിറ്റിയില്‍ ഗംഗാ ആക്ടിവിസ്റ്റുകളെ ഉള്‍പ്പെടുത്താമെന്നും കേന്ദ്രം ഉറപ്പ് നല്‍കി. 

ശിവാനന്ദ സരസ്വതിയുടെ ആരോഗ്യസ്ഥിതി മന്ത്രി ദിനവും അന്വേഷിക്കാറുണ്ടെന്ന് ഗംഗാ വിചാര്‍ മഞ്ച് സ്ഥാപകന്‍ ഭാരത് പഥക് പറഞ്ഞു. ഓഗസ്റ്റ് മൂന്നിനാണ് ശിവാനന്ദ സരസ്വതി സമരം ആരംഭിച്ചത്. നാല് ഗ്ലാസ് വെള്ളം കുടിച്ചാണ് അദ്ദേഹം സമരം അവസാനിപ്പിച്ചത്. സര്‍ക്കാര്‍ ഗംഗാ സംരക്ഷണത്തില്‍ സര്‍ക്കാറും ബന്ധപ്പെട്ട വകുപ്പുകളും ഉടനടി പ്രവര്‍ത്തിക്കേണ്ട സമയമായെന്ന് മഗ്‌സസെ പുരസ്‌കാര ജേതാവ് രാജേന്ദ്ര സിംഗ് പറഞ്ഞു. നേരത്തെ, സ്വാമി നിഗമാനന്ദയുടെ നേതൃത്വത്തിലായിരുന്നു സമരം.  സ്വാമി നിഗമാനന്ദ അന്തരിച്ചതിനെ തുടര്‍ന്നാണ് ശിവാനന്ദ സമരമേറ്റെടുത്തത്. 

click me!