
ദില്ലി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്വന്തമാക്കിയ തകർപ്പൻ വിജയം വികസനം, ക്ഷേമം, സാമൂഹിക നീതി എന്നിവയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് തെളിയിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒരു രാഷ്ട്രീയ സന്ദേശം കൂടിയായാണ് വിജയത്തെ അദ്ദേഹം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ ഉന്നത നേതാക്കളുമായി ചർച്ച നടത്തിയ അദ്ദേഹം, ഇന്നു മുതൽ ബംഗാളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദ്ദേശം നൽകി.
ബിഹാറിലെ വിധി 'ചരിത്രപരവും അഭൂതപൂർവവുമാണ്' എന്ന് വിശേഷിപ്പിച്ച മോദി, എൻഡിഎയുടെ ഭരണ മാതൃകയ്ക്ക് ജനം അംഗീകാരം നൽകിയെന്നും, സംസ്ഥാനത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ സഖ്യത്തിന് വീണ്ടും അധികാരം നൽകിയെന്നും പറഞ്ഞു. 243 സീറ്റുകളിൽ 202 സീറ്റുകളിൽ എൻഡിഎ മുന്നിട്ട് നിൽക്കുകയും പ്രതിപക്ഷ മഹാസഖ്യം വെറും 33 സീറ്റുകളിൽ ഒതുങ്ങുകയും ചെയ്തതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ഇന്നത്തെ വിജയം കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ബിജെപി പ്രവർത്തകരിൽ വലിയ ഊർജ്ജം നിറയ്ക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസിനെ ലക്ഷ്യമിട്ട്, 'ഗംഗ നദി ബിഹാറിൽ നിന്ന് ബംഗാളിലേക്ക് ഒഴുകുന്നതുപോലെ, ബിഹാര്‍ ബംഗാളിൽ ബിജെപിയുടെ വിജയത്തിന് വഴി തുറന്നിരിക്കുന്നു എന്ന് മോദി പ്രഖ്യാപിച്ചു. പശ്ചിമ ബംഗാളിൽ നിന്ന് 'ജംഗിൾ രാജ്' പിഴുതെറിയുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി നിതീഷ് കുമാർ, സഖ്യകക്ഷികളായ ചിരാഗ് പാസ്വാൻ, ജിതൻ റാം മാഞ്ചി, ഉപേന്ദ്ര കുശ്വാഹ എന്നിവരെയും മോദി അഭിനന്ദിച്ചു. ഇത് എൻഡിഎയുടെ ഐക്യം വിളിച്ചോതുന്ന കാഴ്ചയായി. അടുത്ത ഘട്ട ഭരണത്തിൽ അടിസ്ഥാന സൗകര്യങ്ങൾ, സാംസ്കാരിക സ്വത്വം, യുവജനങ്ങൾക്കും സ്ത്രീകൾക്കും വിപുലമായ അവസരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. അതേസമയം, കോൺഗ്രസ് പാർലമെൻ്റ് സമ്മേളനത്തിന് മുമ്പ് പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിക്കാൻ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.