
ശ്രീനഗർ:രാജ്യത്തെ നടുക്കി വീണ്ടും സ്ഫോടനം. ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 9 പേർ മരിച്ചു. പൊലീസ് - റവന്യു ഉദ്യോഗസ്ഥർ അടക്കം 32 പേർക്ക് പരിക്കേറ്റു. ചെങ്കോട്ട സ്ഫോടനം നടത്തിയ സംഘത്തിൽനിന്നും പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളാണ് പരിശോധനക്കിടെ പൊട്ടിത്തെറിച്ചത്. സ്ഫോടനം അപകടമാണെന്ന് ജമ്മു കാശ്മീർ പോലീസും ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി. കേന്ദ്രമന്ത്രി അമിത് ഷാ നൗഗാം സന്ദർശിച്ചേക്കും.
ചെങ്കോട്ട സ്ഫോടനത്തിന്റെ ആഘാതത്തിൽനിന്നും രാജ്യം മുക്തമാകും മുൻപേയാണ് അടുത്ത സ്ഫോടനം. ചെങ്കോട്ട സ്ഫോടനം നടത്തിയ ഭീകര സംഘം ഒളിപ്പിച്ചിരുന്ന സ്ഫോടക വസ്തുക്കൾ ഈമാസം 9 നും പത്തിനും ഫരീദാബാദിൽനിന്നടക്കം പിടിച്ചെടുത്തിരുന്നു. ഈ സ്ഫോടക വസ്തുക്കൾ ജമ്മുകശ്മീരിലെത്തിച്ച് നൗഗാം സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. നൗഗാം സ്റ്റേഷൻ അതിർത്തിയിൽ ജയിഷ് എ മുഹമ്മദിന് അനുകൂലമായ പോസ്റ്ററുകൾ കണ്ടതിനെ തുടർന്നുള്ള അന്വേഷണമാണ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കുന്നതിലേക്ക് നയിച്ചത്.
രണ്ട് ദിവസമായി ഫോറൻസിക് സംഘം അടക്കം ഈ സ്ഫോടക വസ്തുക്കളുടെ പരിശോധന നടത്തി വരികയായിരുന്നു. ഇന്നലെ രാത്രി 11.20 ഓടെയാണ് തുറസ്സായ സ്ഥലത്ത് സൂക്ഷിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചത്. ഉഗ്രസ്ഫോടനത്തിൽ നൗഗാം പോലീസ് സ്റ്റേഷടനും സമീപത്തെ കെട്ടിടങ്ങളും തകർന്നു. വൻ ശബ്ദത്തോടെ നടന്ന സ്ഫോടനം ഏറെ പരിഭ്രാന്തിക്കിടയാക്കി. 3 ഫോറൻസിക് ഉദ്യോഗസ്ഥർ, 2 റവന്യൂ ഉദ്യോഗസ്ഥർ, 2 ഫോട്ടോഗ്രാഫർമാർ, 1 അന്വേഷണ ഉദ്യോഗസ്ഥൻ, 1 സഹായി എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ 27 പേർ പോലീസ് ഉദ്യോഗസ്ഥരും, 2 റവന്യൂ ഉദ്യോഗസ്ഥരും 3 നാട്ടുകാരും ഉൾപ്പെടുന്നു. അപകടകാരണം കണ്ടെത്താൻ ശ്രമം തുടരുകയാണ്. ജമ്മു കാശ്മീർ ലഫ് ഗവർണർ അന്വേഷണത്തിന് ഉത്തരവിട്ടു.
വളരെ ജാഗ്രതയോടെയാണ് സ്ഫോടക വസ്തുക്കൾ ജമ്മു കാശ്മീരിലേക്ക് എത്തിച്ചതെന്നും വിദഗ്ധരുടെ അടക്കം സാന്നിധ്യത്തിലാണ് നടപടികൾ പൂർത്തിയാക്കിയതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. സ്ഫോടനത്തെ കുറിച്ച് മറ്റു വ്യാഖ്യാനങ്ങൾ വേണ്ടെന്നും അധികൃതർ പറയുന്നു.
സ്ഫോടനത്തിൻറെ ഉത്തരവാദിത്തം ഏറ്റെടുത്ത് പി എ എഫ് എഫ് എന്ന സംഘടന ചില മാധ്യമങ്ങൾക്ക് സന്ദേശം നല്കിയിരുന്നു. ജയിഷ് എ മുഹമ്മദുമായി ബന്ധമുള്ള സംഘടനയാണിത്. സ്ഫോടക വസ്കുക്കൾ സൂക്ഷിച്ച സ്ഥലത്ത് ഐഇഡി സ്ഥാപിക്കുന്നതടതക്കം അട്ടിമറി നടന്നോ എന്ന സംശയം ഇതുണ്ടാക്കി. ഈ സാഹചര്യത്തിലാണ് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.
സ്ഫോടനം നടന്ന നൗഗാം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശിക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ ബന്ധുക്കളെയും ഷാ കണ്ടേക്കും. പൊലീസ് പിടിയിലായ ഭീകര നെറ്റ്വർക്ക് എത്ര വലിയ ആക്രമണം ആണ് ആസുത്രണം ചെയ്തതത് എന്നതിന് തെളിവാണ് നൗഗാമിലെ ഈ വൻ പൊട്ടിത്തെറി.