ഇരട്ടക്കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഗുണ്ടാ തലവന് ജയിലില്‍ വിവാഹം

By Web TeamFirst Published Oct 31, 2019, 1:26 PM IST
Highlights

വിവാഹത്തിന് ഒരുമാസം പരോള്‍ അനുവദിക്കണമെന്ന്  മന്‍ദീപ് കോടതിയോട്  ആവശ്യപ്പെട്ടെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്നാണ് ജയിലിലെ വിവാഹത്തിന് സാധ്യത തേടിയത്. പവന്‍ദീപ് കൗര്‍ എന്ന യുവതിയാണ് വധു.

നാഭ(പഞ്ചാബ്): ഇരട്ടക്കൊലപാതക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഗുണ്ടാ തലവന് ജയിലില്‍ വിവാഹം. പഞ്ചാബിലെ നാഭ ജയിലാണ് നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ശിക്ഷ അനുഭവിക്കുന്ന മന്‍ദീപ് സിംഗ് എന്നയാളാണ് വിവാഹിതനായത്. മതപരമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. 

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് അധികൃതര്‍ വിവാഹം ജയിലില്‍ നടത്താന്‍ സമ്മതിച്ചത്. വിവാഹത്തിന് ഒരുമാസം പരോള്‍ അനുവദിക്കണമെന്ന് മന്‍ദീപ് കോടതിയോട്  ആവശ്യപ്പെട്ടെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്നാണ് ജയിലിലെ വിവാഹത്തിന് സാധ്യത തേടിയത്. പവന്‍ദീപ് കൗര്‍ എന്ന യുവതിയാണ് വധു. ഗുരുതര കുറ്റകൃത്യം ചെയ്ത ഇയാള്‍ക്ക് പരോള്‍ അനുവദിക്കുന്നത് അപകടമാണെന്ന പൊലീസ് റിപ്പോട്ടിനെ തുടര്‍ന്നാണ് പരോള്‍ നിഷേധിച്ചത്. എന്നാല്‍, വിവാഹത്തിനുള്ള സൗകര്യം ഒരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കനത്ത സുരക്ഷയിലായിരുന്നു വിവാഹ ചടങ്ങുകള്‍.  

നാഭ ജയിലിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സാണ് വിവാഹ ചടങ്ങുകള്‍ക്ക് വേദിയായത്. വരന്‍റെയും വധുവിന്‍റെയും ബന്ധുക്കള്‍ പങ്കെടുത്തു. ആറ് മണിക്കൂര്‍ ചടങ്ങുകള്‍ നീണ്ടു. ജയിലിനുള്ളിലെ ഗുരുദ്വാരയില്‍, സിഖ് മതാചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. പുതുവസ്ത്രങ്ങള്‍ ധരിച്ചായിരുന്നു വധൂവരന്മാര്‍ എത്തിയത്.

ഗ്രാമത്തലവനെയും അദ്ദേഹത്തിന്‍റെ അംഗരക്ഷകനെയും കൊലപ്പെടുത്തിയ കേസിലാണ് മന്‍ദീപ് സിംഗ് ശിക്ഷ അനുഭവിക്കുന്നത്. മോഗയാണ് മന്‍ദീപിന്‍റെ സ്വദേശം. മന്‍ദീപിന്‍റെ ജയില്‍വാസം 10 വര്‍ഷം പിന്നിട്ടപ്പോഴാണ് വിവാഹം നടന്നത്. ഇയാളുടെ പിതാവ് മരിച്ചു. സഹോദരിയും സഹോദരനും വിദേശത്താണ്. ബന്ധുക്കളോടൊപ്പമാണ് അമ്മ താമസിക്കുന്നത്.  വധുവിന്‍റെ അമ്മയും സഹോദരനും വിവാഹത്തില്‍ പങ്കെടുത്തു. 


 

click me!