
ദില്ലി: ഗ്രാമങ്ങളിലെ ജനങ്ങളുടെ ചെലവഴിക്കൽ ശേഷിയിലുണ്ടായ ഇടിവ് വ്യക്തമാക്കുന്ന നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് റിപ്പോര്‍ട്ട് തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. റിപ്പോര്‍ട്ട് പുറത്തിറക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നൽകി. പട്ടിണി പെരുകുന്നു എന്ന് വ്യക്തമാകുന്ന കണക്കുകൾ വലിയ ക്ഷീണമായതോടെ റിപ്പോര്‍ട്ട് തന്നെ പ്രസിദ്ധീകരിക്കേണ്ടെന്നാണ് തീരുമാനം. ഗ്രാമങ്ങളിലെ ജനങ്ങളുടെ ചെലവഴിക്കൽ ശേഷി 2011-2012 വര്‍ഷം പ്രതിമാസം 1501 രൂപയായിരുന്നു. 2017-2018 വര്‍ഷത്തിൽ ഇത് 1446 രൂപയായി കുറഞ്ഞു. അതായത് 3.7 ശതമാനത്തിന്‍റെ കുറവ്. വീട്ടുസാധനങ്ങൾ വാങ്ങുന്നത് ഗ്രാമങ്ങളിലെ ജനങ്ങൾ വെട്ടിക്കുറക്കുകയാണ്.
സാമ്പത്തിക മാന്ദ്യം ഗ്രാമങ്ങളെ അപകടകരമായ രീതിയിൽ ബാധിക്കുന്നു എന്നതിന്‍റെ സൂചനയാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് കണ്ടെത്തിയത്. ദാരിദ്ര്യം പെരുകുന്നു എന്ന സൂചനകൂടി മുന്നോട്ടുവെക്കുന്ന കണക്കുകൾ കഴിഞ്ഞ ദിവസം ഒരു ഇംഗ്ളീഷ് ദിനപത്രം പുറത്തുവിട്ടത് സര്‍ക്കാരിന് വലിയ ക്ഷീണമായി. ഇതോടെയാണ് റിപ്പോര്‍ട്ട് തന്നെ തടഞ്ഞുള്ള സര്‍ക്കാര്‍ നീക്കം. കണക്കുകൾ കൃത്യമല്ലാത്തതിനാൽ റിപ്പോര്‍ട്ട് പുറത്തിറക്കുന്നില്ലെന്നാണ് വിശദീകരണം. 2021-22 വര്‍ഷം പുതിയ സര്‍വ്വേ നടത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങൾ അറിയിച്ചു.
സാമ്പത്തികമേഖലയിലെ ഗുരുതര പ്രതിസന്ധിയാണ് ഉപഭോക്താക്കളുടെ ചെലവഴിക്കൽ ശേഷിയിലുണ്ടാകുന്ന കുറവ്. നഗരങ്ങളിൽ വാങ്ങൽ ശേഷി രണ്ട് ശതമാനം കൂടിയെങ്കിലും മുൻവര്‍ഷങ്ങളെ താരതമ്യം ചെയ്യുമ്പോൾ അതും കുറവാണ്. സാമ്പത്തിക മാന്ദ്യം മറികടക്കാൻ വലിയ ഇളവുകൾ കഴിഞ്ഞ മാസങ്ങളിൽ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ബാങ്ക് വായ്പകളുടെ പലിശ കുറച്ചിരുന്നു. അടുത്ത വര്‍ഷങ്ങളിൽ സാമ്പത്തിക രംഗത്ത് ഇത് മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. എന്നാൽ പെട്ടെന്ന് പരിഹരിക്കാവുന്ന പ്രതിസന്ധിയിലേക്കല്ല രാജ്യം പോകുന്നതെന്നാണ് സാമ്പത്തിക വിദ്ധരുടെ വിലയിരുത്തൽ. ഗ്രാമങ്ങളിലെ തളര്‍ച്ചയുടെ വ്യാപ്‍തി വരുംവര്‍ഷങ്ങളിലും കൂടാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam