കിലോക്ക് വെറും 50 പൈസ!, ഉള്ളിയും വെളുത്തുള്ളിയും നദിയിലെറിഞ്ഞും റോഡിലുപേക്ഷിച്ചും കർഷകർ

Published : Aug 27, 2022, 03:13 PM IST
കിലോക്ക് വെറും 50 പൈസ!, ഉള്ളിയും വെളുത്തുള്ളിയും നദിയിലെറിഞ്ഞും റോഡിലുപേക്ഷിച്ചും കർഷകർ

Synopsis

രാജ്യത്തെ ഏറ്റവും വലിയ വെളുത്തുള്ളി വിപണിയായ മന്ദ്‌സൗറിൽ കഴിഞ്ഞയാഴ്ച കർഷകർക്ക് ക്വിന്റലിന് പരമാവധി 6,665 രൂപ മുതൽ കുറഞ്ഞത് 100 രൂപ വരെയാണ് ലഭിച്ചത്. മറ്റ് ചില വിപണികളിൽ കിലോയ്ക്ക് 45-50 പൈസ വരെ എത്തി

ദില്ലി: വെളുത്തുള്ളി, ഉള്ളി എന്നിവയുടെ വില കിലോക്ക് 50 പൈസലിയേക്ക് താഴ്ന്നതോടെ ഉൽപ്പങ്ങൾ ഉപേക്ഷിച്ച് കർഷകർ. മധ്യപ്രദേശിലെ കർഷകരാണ് ഉൽപന്നങ്ങൾ റോഡിൽ ഉപേക്ഷിച്ചത്. വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പ് നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു. കർഷകർ നദികളിൽ വെളുത്തുള്ളി വലിച്ചെറിയുന്നതും വിളകൾ തീയിട്ട് നശിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി, ഉള്ളി, വെളുത്തുള്ളി എന്നിവയുടെ വില മധ്യപ്രദേശിൽ കുത്തനെ കുറയുകയാണെന്നും വ്യാവസായിക ഉൽപന്നങ്ങൾ പോലെ കാർഷികോൽപ്പന്നങ്ങൾക്കും വില നിശ്ചയിച്ചില്ലെങ്കിൽ  ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കുമെന്നും അഗ്രികൾച്ചർ ഇക്കണോമിസ്റ്റും ഗവേഷകനുമായ ദേവീന്ദർ ശർമ്മ അഭിപ്രായപ്പെട്ടു.

രാജ്യത്തെ ഏറ്റവും വലിയ വെളുത്തുള്ളി വിപണിയായ മന്ദ്‌സൗറിൽ കഴിഞ്ഞയാഴ്ച കർഷകർക്ക് ക്വിന്റലിന് പരമാവധി 6,665 രൂപ മുതൽ കുറഞ്ഞത് 100 രൂപ വരെയാണ് ലഭിച്ചത്. മറ്റ് ചില വിപണികളിൽ കിലോയ്ക്ക് 45-50 പൈസ വരെ എത്തി. ഉള്ളി കർഷകർക്ക് ക്വിന്റലിന് പരമാവധി 1,244 രൂപയും കുറഞ്ഞത് 50 രൂപയുമാണ് കർഷകർക്ക് ലഭിച്ചത്. വെളുത്തുള്ളി, ഉള്ളി വിളകളുടെ ഉൽപ്പാദനച്ചെലവ് പോലും ലഭിക്കുന്നില്ലെന്നും കർഷകർ പറഞ്ഞു. ഉൽപ്പാദന ചെലവും വിലയും തമ്മിലുള്ള അന്തരം നികത്താൻ പ​ദ്ധതി ആരംഭിച്ചെങ്കിലും ഇപ്പോൾ നിശ്ചലമാണ്.  2017 മുതൽ കർഷകർ മിനിമം താങ്ങുവിലക്കായി പ്രക്ഷോഭം നടത്തി. വിവിധ പ്രക്ഷോഭങ്ങളിൽ ആറ് കർഷകർ കൊല്ലപ്പെട്ടെങ്കിലും കർഷകരുടെ ആവശ്യം സർക്കാർ പരി​ഗണിച്ചിട്ടില്ല.

രാജ്യത്ത് ഏറ്റവും കൂടുതൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. 2011-12 ൽ 11.50 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 2020-21 ൽ 19.83 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു.  മാൽവ-നിമാദ് മേഖലയിലാണ് ഏറ്റവും കൂടുതൽ വെളുത്തുള്ളി കൃഷിയുള്ളത്. വില കുത്തനെ കുറയുമ്പോൾ കൃത്യമായ സംഭരണ സംവിധാനമില്ലാത്തതിനാൽ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ കർഷകർ നിർബന്ധിതരാകുകയാണ്. ഉൽപാദനം നിയന്ത്രിച്ച് വില ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന്റെ ‘ഒരു ജില്ല ഒരു ഉൽപ്പന്നം’ പദ്ധതിക്ക് കീഴിൽ വെളുത്തുള്ളി തെരഞ്ഞെടുത്തതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചിരുന്നു. രാജ്യാന്തര വിപണിയിലേക്ക് കയറ്റുമതിക്കായി സംസ്ഥാനത്തിന് പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മന്ദ്‌സൗർ വെളുത്തുള്ളിയെ ആഗോള ബ്രാൻഡാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്നും വെളുത്തുള്ളി സംസ്‌കരണത്തിന് ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

കർഷകർ നദികളിൽ വെളുത്തുള്ളി വലിച്ചെറിയുന്നതിന്റെ വീഡിയോ കോൺ​ഗ്രസ് നേതാവ് കമൽനാഥ് പങ്കുവെച്ചു. കർഷകർക്ക് ആശ്വാസം നൽകുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദ്ധാനം ചെയ്തെങ്കിലും ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില പോലും നൽകാൻ കഴിയുന്നില്ലെന്നും കർഷകരെ കടക്കെണിയിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ സിംഗ് ചൗഹാന് കത്തെഴുതി. വിളകൾക്ക് ന്യായവില ഉറപ്പാക്കാൻ നടപടിയെടുക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണെന്ന് സിംഗ് കത്തിൽ പറഞ്ഞു. 

സിപിഎം ഓഫീസ് ആക്രമണം: അന്വേഷണത്തിന് ഒടുവിൽ പൊലീസിന് 'തത്വമസി' എന്ന് എഴുതേണ്ടി വരുമെന്ന് കെ.സുരേന്ദ്രൻ

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു