
കൊൽക്കത്ത: ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ എൽപിജി പ്ലാന്‍റിൽ പ്രതിഷേധം. ഡ്രൈവർമാരുടെയും പോർട്ടർമാരുടെയും സമരമാണ് അക്രമാസക്തമായത്. മൂന്ന് വർഷത്തെ കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
പശ്ചിമ ബംഗാളിലെ ബുഡ്ജ് ബുഡ്ജിലുള്ള പ്ലാന്‍റിലാണ് സംഭവം. പ്രതിഷേധക്കാർ വാഹനങ്ങൾ തകർക്കുകയും ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിടുകയും റോഡുകളിൽ ഇന്ധനം ഒഴിക്കുകയും ചെയ്തു. ഈ സംഭവത്തിൽ 40-ൽ അധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു.
കുടിശ്ശിക തീർപ്പാക്കാത്തതിനെ ചൊല്ലി ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിന് പിന്നാലെയാണ് സംഘർഷം ആരംഭിച്ചത്. ഡയമണ്ട് ഹാർബർ എംപിയും തൃണമൂൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയുമായി അടുപ്പമുള്ള ജഹാംഗീർ ഖാൻ ആണ് യോഗത്തിന് മുൻകൈ എടുത്തത്. യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ഡ്രൈവർമാർക്ക് നേരെ ചില സാമൂഹ്യ വിരുദ്ധർ ആക്രമണം അഴിച്ചുവിട്ടെന്നാണ് പരാതി.
വിവരമറിഞ്ഞ് ബുഡ്ജ് ബുഡ്ജ് പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസ് സംഘം സ്ഥലത്തെത്തി. അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് അംലാൻ കുസും ഘോഷിന്റെ നേതൃത്വത്തിലാണ് വൻ പൊലീസ് സംഘം എത്തിയത്. റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും വിന്യസിച്ചിരുന്നു.
"ഞങ്ങൾക്ക് കൂലിക്കായി പ്രതിഷേധിക്കേണ്ടി വന്നു. ഞങ്ങൾ വല്ലാത്ത അവസ്ഥയിലാണ്. തെരുവിലിറങ്ങാൻ ഞങ്ങൾ നിർബന്ധിതരായി. ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് യോഗങ്ങൾ നടന്നെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ല. ഞങ്ങൾ ഇവിടെ 300 ഡ്രൈവർമാരും 300 സഹായികളും ജോലി ചെയ്യുന്നുണ്ട്. ഓരോ ഡ്രൈവർക്കും ഒരു ലക്ഷം രൂപയിൽ കൂടുതൽ കുടിശ്ശികയായി കിട്ടാനുണ്ട്. ഞങ്ങളുടെ കുടിശ്ശികയുടെ 40 ശതമാനം മാത്രം തീർക്കുമെന്നാണ് അവർ പറയുന്നത്. ഞങ്ങൾ അത് അംഗീകരിക്കില്ല"- ഡ്രൈവർമാർ പറഞ്ഞു.
ഗ്യാസ് ഒഴുക്കിവിട്ടതോടെ ഒരു ചെറിയ തീപ്പൊരി പോലും വലിയ തീപിടിത്തത്തിന് കാരണമാകുന്ന സ്ഥിതിയിലായിരുന്നുവെന്ന് ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. അത് ബുഡ്ജ് ബുഡ്ജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ജഗന്നാഥ് ഗുപ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ഹോസ്പിറ്റൽ, ചുറ്റുമുള്ള പ്രദേശങ്ങൾ എന്നിവയെല്ലാം വിഴുങ്ങാൻ പര്യാപ്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.