സവാരിക്കെന്ന് പറഞ്ഞ് ടാക്സി വിളിക്കും, ശേഷം ഡ്രൈവർമാരോട് കൊടുംക്രൂരത; 24 വർഷങ്ങൾക്ക് ശേഷം സീരിയൽ കില്ലർ പിടിയിൽ

Published : Jul 07, 2025, 12:19 AM IST
serial killer Delhi

Synopsis

ടാക്സി ഡ്രൈവർമാരെ കൊലപ്പെടുത്തി കാറുകൾ മോഷ്ടിച്ചിരുന്ന അജയ് ലാമ്പ 24 വർഷത്തെ ഒളിവ് ജീവിതത്തിനു ശേഷം ദില്ലി പൊലീസിന്റെ പിടിയിലായി. 

ദില്ലി: ദില്ലിയിൽ സീരിയൽ കില്ലർ 24 വർഷങ്ങൾക്ക് ശേഷം പിടിയിൽ. ടാക്സി ഡ്രൈവർമാരെ കൊലപ്പെടുത്തി കാറുകൾ മോഷ്ടിച്ചിരുന്ന അജയ് ലാമ്പയാണ് ദില്ലി പൊലീസിന്റെ പിടിയിലായത്. അജയുടെ രണ്ടു കൂട്ടാളികളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

രണ്ടു പതിറ്റാണ്ടിലേറെയായുള്ള ഒളിവ് ജീവിതം. ഈ കാലയളവിൽ രാജ്യത്തിന് പുറത്തും അകത്തുമായി പലയിടങ്ങളിൽ താമസം. ഒടുവിൽ പൊലീസിന്റെ വലയിലായി. 24 വർഷങ്ങൾ അജയ് ലാമ്പ എന്ന 48 കാരൻ പൊലീസിന്റെ പിടിയിൽ നിന്നും മുങ്ങി നടന്നത് അതിവിദഗ്ധമായാണ്.

2001 ലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടക്കുന്നത്. അജയ് ലാമ്പയും കൂട്ടാളികളായ ധീരേന്ദ്രനും ദിലീപ് നേഗിയും ചേർന്ന് കൊലപ്പെടുത്തിയത് 4 പേരെയാണ്. ഉത്തരാഖണ്ഡിലേക്ക് സവാരി പോകാനായി ടാക്സികൾ വിളിക്കും. യാത്രയ്ക്കിടെ ഡ്രൈവർമാരെ ബോധം കെടുത്തി ശ്വാസംമുട്ടിച്ചു കൊല്ലും. മൃതദേഹം മലയോരങ്ങളിൽ എവിടെയെങ്കിലും മറവ് ചെയ്യും. ടാക്സി കാറുകൾ അതിർത്തി കടത്തി നേപ്പാളിൽ എത്തിച്ച് വിൽക്കും.

20 വർഷത്തിലധികമായി അജയ് ലാമ്പ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. 2008 മുതൽ 2018 വരെ നേപ്പാളിൽ താമസിച്ചു. പിന്നീട് 2018ൽ കുടുംബസമേതം ഡെറാഡൂണിൽ എത്തി. 2021 ദില്ലിയിൽ വെച്ച് ലഹരി കടത്തു കേസിൽ പിടിയിലായി. 2024ൽ ഒഡീഷയിൽ സ്വർണ്ണക്കട കൊള്ളയടിച്ച കേസിലും അജയ് പ്രതിയാണ്. അജയ് ലാമ്പയുടെ കൂട്ടാളികളായ ധീരേന്ദ്രനും ദിലീപും പൊലീസിന്റെ പിടിയിലായതോടെയാണ് കൊലപാതകങ്ങളുടെ വിവരങ്ങൾ പൊലീസ് അറിയുന്നത്. പിന്നീട് അജയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

അജയ് കൊലപ്പെടുത്തിയ നാല് ഡ്രൈവർമാരിൽ ഒരാളുടെ മൃതദേഹം മാത്രം കണ്ടെടുക്കാനേ പൊലീസിന് സാധിച്ചുള്ളൂ. മറ്റുള്ളവരെ കുറിച്ച് യാതൊരു വിവരവും ഇല്ല. നാലിൽ അധികം ഡ്രൈവർമാർ അജയുടെ ഇരയായിട്ടുണ്ടാവാം എന്നാണ് പൊലീസിന്‍റെ നിഗമനം. ചോദ്യം ചെയ്യലിൽ കൂടുതൽ കൊലപാതകങ്ങളുടെ ചുരുളഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ദില്ലി പൊലീസ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

400 കി.മീ ദൂരത്തേക്ക് കുതിച്ച് പായും, 12015 കോടി അനുവദിച്ച് കേന്ദ്രം, പുതിയ 13 സ്റ്റേഷനുകളടക്കം; 3 വർഷത്തിൽ ദില്ലി മെട്രോ അത്ഭുതപ്പെടുത്തും!
ഹണിമൂൺ കഴിഞ്ഞെത്തിയതിന് പിന്നാലെ നവവധുവിന്റെ ആത്മഹത്യാ ശ്രമം; സംഭവം ബെം​ഗളൂരുവിൽ