
മുംബൈ: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിയായ ശ്രീകാന്ത് പങ്കാർക്കർ ജൽന മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ഇയാൾ മത്സരിച്ചത്. ബിജെപിയുടെയും മറ്റ് പാർട്ടികളുടെയും സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയ ഇയാൾ 2,621 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 13 വാർഡിൽ വിജയിക്കുകയായിരുന്നു. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വാർഡിൽ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസ് വിചാരണ നേരിടവെയാണ് പങ്കാർക്കറുടെ വിജയം.
തനിക്കെതിരെ ഇതുവരെ ഒരു കുറ്റവും ചുമത്തിയിട്ടില്ലെന്നും നിയമനടപടികൾ ഇപ്പോഴും പുരോഗമിക്കുകയാണെന്നും ഇയാൾ വിജയിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഫലം വന്നയുടനെ പങ്കാർക്കർ അനുയായികൾക്കൊപ്പം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചു.
2017 സെപ്റ്റംബർ 5 ന് കർണാടകയിലെ ബെംഗളൂരുവിലെ വീടിന് പുറത്ത് വെച്ച് പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. കൊലപാതകം രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായി. കേസിൽ പങ്കാർക്കറെ പ്രതിയാക്കി. 2024 സെപ്റ്റംബർ 4 ന് കർണാടക ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. 2001 നും 2006 നും ഇടയിൽ അവിഭക്ത ശിവസേനയിൽ നിന്ന് ജൽന മുനിസിപ്പൽ കൗൺസിലിൽ കോർപ്പറേറ്ററായി പങ്കാർക്കർ മുമ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2011 ൽ ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് അദ്ദേഹം വലതുപക്ഷ ഹിന്ദു ജൻജാഗൃതി സമിതിയിൽ ചേർന്നു. 2018 ഓഗസ്റ്റിൽ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്രൂഡ് ബോംബുകളും ആയുധങ്ങളും പിടിച്ചെടുത്തതിനെ തുടർന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇയാളെ അറസ്റ്റ് ചെയ്തു. 2024 നവംബറിലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പങ്കാർക്കർ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നു. വ്യാപകമായ വിമർശനങ്ങളെത്തുടർന്ന്, ഷിൻഡെ ഇയാളെ പുറത്താക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam