
റിയാദ്: ഭീകരതയ്ക്ക് നൽകുന്ന സഹായം ഇറാനെതിരെ അന്താരാഷ്ട്ര സമൂഹം കർശന നടപടികൾ കൈക്കൊള്ളണമെന്ന് ജിസിസി അറബ് ഉച്ചകോടി. ഭീകരരെ സഹായിക്കുന്നത് ഇറാൻ ഉടനടി നിർത്തണമെന്നും ഉച്ചകോടിയിൽ അറബ് നേതാക്കൾ ആവശ്യപ്പെട്ടു. സുരക്ഷ തകർക്കാനും ഗൾഫ് മേഖലയെ അസ്ഥിരപ്പെടുത്താനും ശ്രമിക്കുന്ന ഇറാന്‍റെ നടപടികളെ അറബ് - മുസ്ലിം രാഷ്ട്രത്തലവന്മാർ ശക്തമായി അപലപിച്ചു.
ഖത്തർ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘവും ഉച്ചകോടിയിൽ പങ്കെടുക്കാനെത്തി. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ നാസിർ ബിൻ ഖലീഫ അൽഥാനിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ഉച്ചകോടിക്കായി മക്കയിലെത്തിയത്. രണ്ടു വർഷം മുൻപ് സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്റ്റും ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതിന് ശേഷം ഇതാദ്യമായാണ് ഉന്നതതല ഖത്തർ സംഘം സൗദിയിലെത്തുന്നത്. ഇന്നലെ നടന്ന ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയിലും അറബ് ഉച്ചകോടിയിലും ഖത്തർ സംഘം പങ്കെടുത്തു. ഇന്ന് നടക്കുന്ന 56 ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഉച്ചകോടിയിലും ഖത്തർ സംഘം പങ്കെടുക്കും. ഈ ഉച്ചകോടിയിലും ഇറാൻ തന്നെയാകും പ്രധാന ചർച്ചാവിഷയം.
ഇസ്ലാമിക ഉച്ചകോടിയ്ക്കും അറബ് ഉച്ചകോടിയ്ക്കും പുറമെയാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഗൾഫ് മേഘലയിലെ അടിയന്തര സാഹചര്യം ചർച്ച ചെയ്യാനായി ജിസിസി രാഷ്ട്രങ്ങളുടെ അടിയന്തര ഉച്ചകോടി വിളിച്ചുചേർത്തത്. ഉച്ചകോടികളുടെ പശ്ചാത്തലത്തിൽ മക്കയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചകോടികൾ സമാപിക്കുംവരെ ഉംറ സർവീസ് കമ്പനികളുടെ വാഹനങ്ങളും ഹറാമിന്‍റെ സമീപ പ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്നു ഹജ്ജ്- ഉംറ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam