
ലഖ്നൗ: വിചിത്രമായ വ്യവസ്ഥയിൽ ബലാത്സംഗ കേസിലെ പ്രതിക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മോചിതനായാൽ മൂന്ന് മാസത്തിനുള്ളിൽ ഇരയെ വിവാഹം കഴിക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ നേരത്തെ ക്രിമിനൽ കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാലാണ് നിർദ്ദേശമെന്ന് കോടതി പറഞ്ഞു. വിവാഹത്തെ ജാമ്യത്തിനുള്ള വ്യവസ്ഥകളിൽ ഒന്നാക്കി ബെഞ്ച് നിർദേശിച്ചു. കേസ് പരിഗണിച്ച ഹൈക്കോടതിയിലെ ജസ്റ്റിസ് കൃഷൻ പഹൽ, പ്രതിക്ക് ജാമ്യം നിഷേധിക്കാൻ ആവശ്യമായ ഒരു തെളിവും ഉത്തർപ്രദേശ് സർക്കാരിന് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി.
പ്രതിയായ നരേഷ് മീണ എന്ന നർസാറാം മീണ, ഉത്തർപ്രദേശ് പൊലീസിൽ ജോലി നൽകാമെന്ന് വ്യാജ വാഗ്ദാനം നൽകി 26 കാരിയായ പെൺകുട്ടിയെ വശീകരിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. മീണ ഇരയിൽ നിന്ന് 9 ലക്ഷം രൂപ കൈക്കലാക്കിയെന്നും ഇരയുടെ അശ്ലീല വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആഗ്ര പൊലീസ് കേസെടുത്ത് മീണയെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 (ബലാത്സംഗം), സെക്ഷൻ 506 (ക്രിമിനൽ ഭീഷണി), ഐടി ആക്ടിലെ സെക്ഷൻ 67 എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. എന്നാൽ, പ്രതി കുറ്റം നിഷേധിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നാല് മാസത്തെ കാലതാമസം ഉണ്ടായതായും പ്രതി കോടതിയിൽ പറഞ്ഞു.
Read More.... മാലിന്യത്തിൽ തിരഞ്ഞ് തിരഞ്ഞ് പണക്കാരിയായി, രണ്ട് വർഷത്തിൽ ലാഭിച്ചത് 43 ലക്ഷം രൂപ..!
പ്രതിക്കെതിരെ മുമ്പ് ക്രിമിനൽ കേസുകളുടെ ചരിത്രമൊന്നുമില്ലെന്ന് കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇരയെ ഭാര്യ എന്ന നിലയിൽ പരിപാലിക്കാൻ തയ്യാറാണെന്ന് പ്രതി കോടതിയെ അറിയിച്ചു. ഉത്തരവ് പാസാക്കിയ ബെഞ്ച്, ജയിലിൽ നിന്ന് മോചിതനായതിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ അപേക്ഷകൻ ഇരയെ വിവാഹം കഴിക്കണമെന്ന് ഉത്തരവിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam