
ദില്ലി: പ്രമുഖ ഉറുദു കവി മുനവര്‍ റാണയുടെ മകളും സാമൂഹ്യപ്രവർത്തകയുമായ സുമയ്യ റാണയോട് വിദ്വേഷ പരാമർശവുമായി ബിജെപി എംപി സതീഷ് ഗൗതം. ഇന്നത്തെ ഇന്ത്യയിൽ ശ്വാസംമുട്ടുന്നുണ്ട് എങ്കിൽ പാകിസ്താനിലേക്ക് പൊയ്ക്കൊള്ളൂ എന്നാണ് ബിജെപി എംപിയുടെ വിദ്വേഷ വാക്കുകൾ. അലിഗഡ് എംപിയാണ് സതീഷ് ഗൗതം. പൗരത്വ നിയമ ഭേദഗതിക്കെതിരെ അലിഗഡിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കവേ സുമയ്യ നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് ബിജെപി എംപി രംഗത്ത് വന്നത്.
വളരെ കഠിനമായ നടപടികളാണ് ഉത്തർപ്രദേശ് പൊലീസ് പൗരത്വനിയമ ഭേദഗതിക്കെതിരം സമരം ചെയ്യുന്നവർക്ക് മേൽ പ്രയോഗിക്കുന്നതെന്നും അത്തരം നടപടികളും മുൻകരുതലുകളും ജനങ്ങളെ വീർപ്പുമുട്ടിക്കുന്നതാണെന്നും ആയിരുന്നു സുമയ്യയുടെ വാക്കുകൾ. എന്നാൽ ഇന്നത്തെ ഇന്ത്യയിൽ സുമയ്യയ്ക്ക് വീർപ്പുമുട്ടൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ പാകിസ്താനിലേക്ക് പൊക്കോളൂ എന്നായിരുന്നു സതീഷ് ഗൗതമിന്റെ വിദ്വേഷ വാക്കുകൾ.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്ന അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സതീഷ് ഗൗതം താക്കീത് നൽകി. 'ഇപ്പോഴും പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന 150 വിദ്യാർത്ഥികളുണ്ട്. മറ്റുള്ളവർ ക്ലാസ്സുകളിലേക്ക് മടങ്ങിപ്പോയി. ഇവരെയല്ലാം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അടുത്ത അധ്യയന വർഷം അവർ ക്യാംപസിലുണ്ടായിരിക്കില്ല.' ബിജെപി എംപി പറഞ്ഞു. അലിഗഡിലെ ഈദ്ഗാഹ് കോംപ്ലക്സിൽ കഴിഞ്ഞ 12 ദിവസമായി പ്രതിഷേധം നടത്തുന്ന കുട്ടികളെ സന്ദർശിക്കാനാണ് സുമയ്യ റാണ പോയത്. വളരെ ശാന്തമായും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് സ്ത്രീകൾ സമരം ചെയ്യുന്നതെന്ന് സുമയ്യ റാണ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam