
ഫുകേത്: ഗോവയിലെ നിശാ ക്ലബ്ബിലുണ്ടായ അഗ്നിബാധയിൽ 25 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ തായ്ലാൻഡിലേക്ക് മുങ്ങിയ ക്ലബ്ബ് ഉടമകൾ പിടിയിൽ. അഞ്ച് ദിവസത്തെ ഒളിവ് ജീവിതത്തിന് പിന്നാലെയാണ് സൗരഭ് ലുത്രയും സഹോദരൻ ഗൗരഭ് ലൂത്രയും തായ്ലാൻഡിലെ ഫുകേതിൽ അറസ്റ്റിലായത്. നോർത്ത് ഗോവയിൽ ബിർച്ച് ബൈ റോമിയോ ലേൻ എന്ന നിശാക്ലബ്ബിൽ ശനിയാഴ്ചയാണ് വലിയ അഗ്നിബാധയുണ്ടായത്. അഗ്നിബാധയുണ്ടായി അഞ്ച് മണിക്കൂറിനുള്ളിൽ ക്ലബ്ബിന്റെ ഉടമകൾ രാജ്യം വിട്ടിരുന്നു. ദില്ലിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ഇവർ തായ്ലാൻഡിലേക്ക് കടന്നത്. പിന്നാലെ ഇന്റർപോൾ സഹായത്തോടെ ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ലൂത്ര സഹോദരങ്ങളെ തിരിച്ച് രാജ്യത്തെത്തിക്കാൻ ഗോവയിൽ നിന്ന് പൊലീസ് സംഘം തായ്ലാൻഡിലേക്ക് പുറപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യവ്യാപകമായി ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കപ്പെടുന്നതിന് ഇടയിൽ ടിക്കറ്റ് സംഘടിപ്പിക്കാൻ സഹോദരങ്ങൾക്ക് സാധിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ഉയരുന്ന ആരോപണം.
ഡിസംബർ 7 ന് രാത്രി 1.17നാണ് സഹോദരങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ക്ലബ്ബിലെ അഗ്നിബാധ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങൾ ഏറെ പാടുപെടുമ്പോഴാണ് നിശാ ക്ലബ്ബ് ഉടമകൾ രാജ്യം വിട്ടത്. അറസ്റ്റ് ഭയന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ സഹോദരങ്ങൾ വിസമ്മതിച്ചിരുന്നു. ഇതിനിടെ ദില്ലിയിലെ രോഹിണിയെ കോടതിയിൽ ഇവർ ജാമ്യാപേക്ഷ നൽകിയിരുന്നു. നിശാ ക്ലബ്ബിൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ചകളാണ് അഗ്നിബാധയെ രൂക്ഷമാക്കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
അഗ്നിനിയന്ത്രിക്കാനുള്ള ഉപകരണങ്ങളോ, എമർജൻസി എക്സിറ്റ്, വിശാലമായ വാതിൽ അടക്കമുള്ള സജ്ജീകരണങ്ങൾ ക്ലബ്ബിലുണ്ടായിരുന്നില്ല. ഇവരുടെ ഉടമസ്ഥതയിൽ തന്നെയുള്ള മറ്റൊരു ഭക്ഷണശാല ഗോവ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ പൊളിച്ച് മാറ്റിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച ചൂണ്ടിക്കാണിച്ചായിരുന്നു ഈ നടപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam