
അഹമ്മദാബാദ്: കള്ളക്കടത്ത് സ്വര്‍ണം കൊള്ളയടിച്ച് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ രണ്ട് പേര്‍. ദുബൈയിൽ നിന്ന് കാപ്സ്യൂള്‍ രൂപത്തില്‍ യുവാവ് കൊണ്ടുവന്ന 50 ലക്ഷത്തിന്‍റെ സ്വര്‍ണമാണ് എടിഎസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ രണ്ട് പേര്‍ കൊള്ളയടിച്ചത്. അഹമ്മദാബാദ് വിമാനത്താവളത്തിലാണ് സംഭവം.
ഒക്‌ടോബർ ഒമ്പതിന് വഡോദരയിലെ പരിചയക്കാരന്റെ നിർദേശ പ്രകാരം ദുബൈയിലേക്ക് വിമാനം കയറിയെന്നാണ് ഡാനിഷ് ഷെയ്ഖ് എന്നയാള്‍ പൊലീസിനോട് പറഞ്ഞത്. ടിക്കറ്റും താമസ സൗകര്യവും ലഭിച്ചു. സ്വർണം കടത്താൻ 20,000 രൂപ കിട്ടിയെന്നും ഡാനിഷ് ഷെയ്ഖ് പൊലീസിനെ അറിയിച്ചു. രണ്ട് സ്വർണ ഗുളികകൾ മലദ്വാരത്തില്‍ ഒളിപ്പിച്ച് ഒക്‌ടോബർ 28ന് പുലർച്ചെ ഡാനിഷ് ഷെയ്ഖ് അഹമ്മദാബാദ് വിമാനത്താവളത്തിൽ ഇറങ്ങി. വിമാനത്താവളത്തിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഡാനിഷ് പുറത്തിറങ്ങി. വഡോദരയിലേക്ക് പോകാന്‍ പരിചയക്കാരന്‍ അയച്ച വാനില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ രണ്ട് പേര്‍ സമീപിച്ചു. എടിഎസ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ടു.
സ്വര്‍ണ കള്ളക്കടത്തിനെ കുറിച്ച് എല്ലാം അറിയാമെന്ന് അവര്‍ പറഞ്ഞു. എടിഎസ് ഓഫീസിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. വാന്‍ ഒറ്റപ്പെട്ട സ്ഥലത്ത് എത്തിയപ്പോള്‍ മറ്റൊരു കാറില്‍ കയറ്റി. കാർ ഒരു ബഹുനില കെട്ടിടത്തിന് മുന്‍പിലാണ് നിര്‍ത്തിയത്. പത്താം നിലയിലെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയി തന്നെ മര്‍ദിച്ചെന്ന് ഡാനിഷ് പറഞ്ഞു. മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം എടുക്കാനും അവര്‍ ആവശ്യപ്പെട്ടു.
850 ഗ്രാം സ്വര്‍മാണ് ഉണ്ടായിരുന്നത്. ഏകദേശം 50 ലക്ഷം രൂപ വില വരും. തന്‍റെ കയ്യിലുണ്ടായിരുന്ന കുറച്ച് പണവും ഇരുവരും തട്ടിയെടുത്തെന്ന് ഡാനിഷ് പറഞ്ഞു. കവർച്ച, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, ആള്‍മാറാട്ടം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം അജ്ഞാതർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസിനെ സമീപിക്കാന്‍ ഡാനിഷിന് ഭയമായിരുന്നു. കുറച്ച് ദിവസത്തിന് ശേഷമാണ് ഇയാള്‍ പരാതി നല്‍കിയത്. അന്വേഷണം നടക്കുകയാണെന്ന് സബ് ഇൻസ്‌പെക്ടർ ആർ എച്ച് പാണ്ഡവ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam