നാല് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

Published : Nov 12, 2023, 08:58 AM IST
നാല് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

Synopsis

നാല് വയസുകാരിയെ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രലോഭിപ്പിച്ച് ഒരു മുറിയിലേക്ക് വിളിച്ചു വരുത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്നാണ് കേസ്. 

ജയ്പൂര്‍: രാജസ്ഥാനിലെ ദൗസയില്‍ നാല് വയസുകാരിയെ പീഡിപ്പിച്ച പൊലീസ് സബ് ഇന്‍സ്പെക്ടറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കേസില്‍ ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പോക്സോ വകുപ്പുകളും പട്ടികജാതി - പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് ശനിയാഴ്ച ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേസില്‍ പ്രതിയായ സബ് ഇന്‍സ്പെക്ടര്‍ ഭൂപേന്ദ്ര സിങിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ടെര്‍മിനേഷന്‍ ലെറ്റര്‍ ജയ്പൂര്‍ റേഞ്ച് ഐ.ജി ഉമേഷ് ദത്ത നല്‍കിയതായി ഡിജിപി ഉമേഷ് മിശ്ര പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. വെള്ളിയാഴ്ച പ്രതിയെ കസ്റ്റഡിയിലെടുക്കുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ദൗസയിലെ ലാല്‍സോട്ട് എന്ന സ്ഥലത്താണ് സംഭവം നടന്നത്. വിവരം പുറത്തു വന്നതിന് പിന്നാലെ പ്രദേശവാസികള്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞ് പ്രതിഷേധിച്ചിരുന്നു. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ നാട്ടുകാർ മർദ്ദിക്കുകയും ചെയ്തു.  അതിനിടെ സംഭവത്തെ  രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാറിനെതിരെ ഉപയോഗിക്കാനുള്ള നീക്കത്തിലാണ് ബിജെപിയുള്ളത്. രൂക്ഷമായ വിമർശനമാണ് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിനെതിരെ ബിജെപി ഉയർത്തിയത്.

സംഭവത്തെ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര അപലപിച്ചു. സമൂഹത്തിന് ഒന്നടങ്കം അപമാനകരമായ സംഭവമാണിതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം പൊലീസ് മേധവിയോട് ശക്തമായ നടപടി എടുക്കണമെന്നും നിര്‍ദേശിച്ചു. നാല് വയസുകാരിയെ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രലോഭിപ്പിച്ച് ഒരു മുറിയിലേക്ക് വിളിച്ചു വരുത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്നാണ് കേസ്. സംഭവം നടന്ന വെള്ളിയാഴ്ച തന്നെ ഇയാളെ സസ്പെന്‍ഡ് ചെയ്യുകയും തുടര്‍ നടപടിക്കായി റിപ്പോര്‍ട്ട് ജയ്പൂര്‍ റൂറല്‍ ഐ.ജിക്ക് കൈമാറുകയും ചെയ്തിരുന്നു. ശനിയാഴ്ച ഐ.ജി ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചിവിട്ടുകൊണ്ട് ഉത്തരവിട്ടു.

Read also: ആളുകൾ പിന്നാലെയെന്ന് ഭയന്നു, രക്ഷതേടി ജീജിത്ത് ഓടിക്കയറിയത് മരണത്തിലേക്ക്, ദുരന്തമായി കണ്ണൂരിലെ ഡ്രൈവറുടെ മരണം

ലാല്‍സോട്ട് പ്രദേശത്ത് വലിയ തോതിലുള്ള പൊതുജന പ്രക്ഷോഭമാണ് സംഭവത്തിന് ശേഷം നടന്നുവരുന്നത്. പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയ ജനങ്ങള്‍ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ ജനങ്ങള്‍ റോഡിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരുന്നതും ഷൂകളും വടികളും കൊണ്ട് മര്‍ദിക്കുന്നതും വസ്ത്രങ്ങള്‍ വലിച്ചു കീറുന്നതും ഇവിടെ നിന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. കുട്ടിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. കുട്ടിയുടെ പ്രായം കൃത്യമായി നിര്‍ണയിച്ചിട്ടില്ലെങ്കിലും നാലിനും അഞ്ചിനും ഇടയിലാണ് പ്രായമെന്ന് കണക്കാക്കിയിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതി പ്രകാരമാണ് വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. അഡീഷണല്‍ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നതെന്നും കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞതായും ദൗസ എസ്.പി വന്ദിത റാണ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർണ്ണായക നീക്കവുമായി ഇന്ത്യ; ബംഗ്ലാദേശ് നാഷണൽ പാർട്ടിക്ക് പിന്തുണയറിയിച്ച് പ്രധാനമന്ത്രി, താരിഖ് റഹ്‌മാന് കത്ത് കൈമാറി
മരിച്ചെന്ന് എല്ലാവരും വിശ്വസിച്ചു, എസ്ഐആർ രേഖകൾ ശരിയാക്കാൻ 28 വർഷത്തിന് ശേഷം മടങ്ങിവരവ്; മുസാഫർനഗറിൽ വൈകാരിക നിമിഷങ്ങൾ