കോയമ്പത്തൂർ: സേലത്ത് നീറ്റ് (NEET Examination Result) പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ ആത്മഹത്യ. തമിഴ്സനാട് സേലം ജില്ലയിലെ വടഗുമരായ് സ്വദേശി 20- കാരനായ സുഭാഷ് ചന്ദ്രബോസ് ആണ് ആത്മഹത്യ ചെയ്തത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന നീറ്റ് പരീക്ഷ ഫലത്തിൽ പ്രതീക്ഷിച്ചതിലും കുറച്ച് മാർക്ക് ലഭിച്ചതോടെ നിരാശയിലായിരുന്നു സുഭാഷ്.
രാത്രിയിൽ കിടന്നുറങ്ങുന്നതിനിടെ സുഭാഷ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില വഷളായതോടെ വിദഗ്ധ ചികിത്സയ്ക്കായി സേലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ശനിയാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. സംസ്ഥാനത്ത് സമാന കാരണത്താൽ വിദ്യാർത്ഥികൾ ജീവനൊടുക്കിയിരുന്നു.
നീറ്റ് ഫലം:. 870074 പേർ യോഗ്യത നേടി
ഈ വർഷം 16,14,777 വിദ്യാർത്ഥികളാണ് നീറ്റ് പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിദ്യാർത്ഥികളുടെ എണ്ണത്തിൽ 1.09 വർദ്ധനവുണ്ടെന്ന് പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി പറഞ്ഞു. ഇവരിൽ 15,44,275 പേർ പരീക്ഷക്ക് ഹാജരായി. 870074 പേർ യോഗ്യത നേടി. യോഗ്യത നേടാനുള്ള മിനിമം മാർക്ക് ഈ വർഷം വളരെ കുറവായിരുന്നു.
മൂന്ന് വിദ്യാർത്ഥികൾ പരീക്ഷയിലെ മുഴുവൻ മാർക്കും നേടി 720 ആണ് ആകെ മാർക്ക്. തെലങ്കാനയിൽ നിന്നുള്ള മൃണാൾ കുത്തേരി, ദില്ലിയിൽ നിന്നുള്ള തൻമയ് ഗുപ്ത, മഹാരാഷ്ട്രയിൽ നിന്നുള്ള കാർത്തിക നായർ എന്നിവരാണ് 720 മാർക്കും നേടി ഒന്നാം റാങ്ക് പങ്കിട്ടെടുത്തത്. neet.nta nic.in, ntaresults.ac.in എന്നീ വെബ്സൈറ്റുകളിൽ സ്കോർ കാർഡ് ലഭ്യമാണ്.
ഓഗസ്റ്റ് ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. പിന്നീട് സെപ്റ്റം ബർ 12നാണ് നീറ്റ് പരീക്ഷ നടത്തിയത്. ഒ എം ആർ ഷീറ്റ് ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത്. ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ താത്ക്കാലിക ഉത്തര സൂചിക പുറത്തു വിട്ടിരുന്നു.
NEET exam topper| ഹോബികളൊന്നും മാറ്റിവെച്ചില്ല, അത് പഠനത്തെ കൂടുതല്‍ ഏകാഗ്രമാക്കി; തന്മയ് ഗുപ്ത
ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പരീക്ഷതട്ടിപ്പ് നടത്തിയ സംഘങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പരീക്ഷ നീതിയുക്തവും സുതാര്യവുമായ രീതിയിലല്ല നടന്നതെന്ന് ചൂണ്ടിക്കാണിച്ച് ചില ഉദ്യോഗാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പരീക്ഷ അസാധുവാക്കി വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ഹർജി പരിഗണിച്ചില്ല. ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയിരിക്കുന്നതെന്നും അത് റദ്ദാക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.