'ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കാൻ തീരുമാനമില്ല' കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോകസഭയിൽ

By Web TeamFirst Published Feb 4, 2020, 4:02 PM IST
Highlights

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കാൻ തീരുമാനമെടുത്തിട്ടില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായാണ് ലോക്സഭയിൽ വ്യക്തമാക്കിയത്

ദില്ലി: ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കാൻ തീരുമാനമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്സഭയെ അറിയിച്ചു. ലോക്സഭയിലെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കാൻ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയത്. പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു. ഇതേചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിശദീകരണം.

ഗാന്ധിജിക്കെതിരെ ഹെഗ്ഡേ നടത്തിയ പരാമര്‍ശത്തിലും പൗരത്വ ഭേദഗതി വിഷയത്തിലും പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പ്രക്ഷുബ്ധമായി. ഗാന്ധിജിയെ അപമാനിച്ചവര്‍ രാവണന്‍റെ സന്തതികളാണെന്ന് കോണ്‍ഗ്രസ് കക്ഷിനേതാവ് അതിര്‍ രഞ്ജൻ ചൗധരി ആരോപിച്ചു. രാഷ്ട്രത്തിന്‍റെ പിതാവിനെ അപമാനിച്ചതിന് ബിജെപി എം പി അനന്ത് കുമാര്‍ ഹെഗ്ഡേ മാപ്പുപറയണമെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യം.

സ്വാതന്ത്ര്യ സമരം ഒത്തുകളിയാണെന്നും ഗാന്ധിജിയെ മഹാത്മാവ് എന്നിവിളിക്കുമ്പോൾ രക്തം തിളക്കുന്നു എന്നുമായിരുന്നു ഹെഗ്ഡേയുടെ പരാമര്‍ശം. ബിജെപിയാണ് യഥാര്‍ത്ഥ ഗാന്ധി ഭക്തരെന്നായിരുന്നു അതിന് പാര്‍ലമെന്‍ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷിയുടെ മറുപടി. കോൺഗ്രസ് നേതാക്കൾ സോണിയാഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും അനുയായികൾ മാത്രമാണെന്ന് പ്രഹ്ലാദ് ജോഷി പ്രസ്താവിച്ചു.

സര്‍ക്കാര്‍ നിലപാടിൽ പ്രതിഷേധിച്ച പ്രതിപക്ഷം ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പൗരത്വ പ്രതിഷേധത്തിൽ  രാവിലെ ലോക്സഭ ഒരുതവണ തടസ്സപ്പെട്ടു. രാജ്യസഭയിൽ ബഹളത്തിനിടെ കൊറോണ വൈറസ് വിഷയത്തിൽ ഹ്രസ്വ ചര്‍ച്ച നടന്നു.

click me!