രാജ്ഭവനിൽ നിന്ന് കത്ത്, കോടതിയിൽ ഇരുവിഭാഗത്തിന്‍റെയും ഉറപ്പ്; ഒടുവിൽ ഗവർണർ-തെലങ്കാന സർക്കാർ പോര് ഒത്തുതീർന്നു

By Web TeamFirst Published Jan 30, 2023, 5:09 PM IST
Highlights

ഭരണഘടനാപരമായ എല്ലാ ചട്ടങ്ങളും പാലിക്കപ്പെടുമെന്ന് ഇരുവിഭാഗവും കോടതിയിൽ ഉറപ്പ് നൽകിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്

ഹൈദരാബാദ്: കോടതി കയറിയ ഗവർണർ - തെലങ്കാന സർക്കാർ പോര് ഒത്തുതീർപ്പിൽ. ഭരണഘടനാപരമായ എല്ലാ ചട്ടങ്ങളും പാലിക്കപ്പെടുമെന്ന് ഇരുവിഭാഗവും കോടതിയിൽ ഉറപ്പ് നൽകിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. ഇതിന് പിന്നാലെ ഗവർണർക്കെതിരെ നൽകിയ ഹർജി സംസ്ഥാനസർക്കാർ പിൻവലിച്ചു. ഫെബ്രുവരി 3 - ന് ഗവർണർ നടത്താനിരിക്കുന്ന നയപ്രഖ്യാപനപ്രസംഗത്തിന് ഒരുക്കങ്ങളായോ എന്ന് ചോദിച്ച് രാജ്ഭവനിൽ നിന്ന് സർക്കാരിന് കത്ത് കിട്ടി. ഫെബ്രുവരി 3 - ന് അവതരിപ്പിക്കേണ്ട ബജറ്റിന് ഗവർണർ ഇതുവരെ അനുമതി നൽകിയില്ലെന്ന് കാട്ടിയാണ് സർക്കാർ ആദ്യം കോടതിയെ സമീപിച്ചത്. സർക്കാർ കോടതി കയറിയതിന് പിന്നാലെ നയപ്രഖ്യാപനപ്രസംഗത്തിന് ഒരുക്കങ്ങളായോ എന്ന് ചോദിച്ച് രാജ്ഭവൻ, സർക്കാരിന് കത്തയക്കുകയായിരുന്നു. ഗവർണറുടെ കത്ത് കിട്ടിയതിന് പിന്നാലെ സർക്കാർ ഗവർണർക്കെതിരെ റിട്ട് ഹർജി പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.

കേരള 'ആപ്പ്' ഇനിയെന്ത്? ഗവ‍ർണർ ബോസിന്‍റെ ഭാവി? ബിജെപി എംപിയെ കേന്ദ്രമന്ത്രിയാക്കാൻ കോൺഗ്രസ് പ്രാർത്ഥിക്കുമോ?

ബജറ്റ് അവതരണത്തിന് ഗവർണറുടെ അനുമതി ലഭിക്കാതിരിക്കുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും സർക്കാർ വാദിച്ചിരുന്നു. എന്നാൽ ഭരണഘടനാപരമായ എല്ലാ ചട്ടങ്ങളും പാലിക്കുമെന്ന് ഗവർണർ കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഫെബ്രുവരി 3 - ന് ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം മുടക്കം കൂടാതെ നടക്കും എന്നുറപ്പായത്.

click me!