
ദില്ലി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ബില്ല് (raise the marriage age to 21) ചിലര്‍ക്ക് വേദനയുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi). പ്രഗ്യാരാജില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. വിവാഹപ്രായം സംബന്ധിച്ചുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ സ്ത്രീകള്‍ സന്തോഷത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
'സ്ത്രീകളുടെ ശരിക്കുള്ള ശാക്തീകരണത്തിലാണ് സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമായിരിക്കുന്നത്. ഞങ്ങള്‍ സ്ത്രീകളുടെ വിവാഹപ്രായം 21 വയസ് ആക്കുവാന്‍ പരിശ്രമിക്കുന്നു. അതിലൂടെ സ്ത്രീകള്‍ക്ക് പഠിക്കാനും പുരോഗമിക്കാനും സാധിക്കും. രാജ്യം അതിന്‍റെ പെണ്‍മക്കള്‍ക്കായി എടുത്ത തീരുമാനമാണ് ഇത്. എല്ലാവര്‍ക്കും അറിയാം ആര്‍ക്കാണ് ഇതില്‍ പ്രശ്നം എന്ന്. ചിലര്‍ക്ക് ഇത് വേദനയുണ്ടാക്കുന്നു' - പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ ചില സമാജ്വാദി പാര്‍ട്ടി എംപിമാര്‍ വിവാഹ പ്രായം ഉയര്‍ത്താനുള്ള ബില്ല് എതിര്‍ത്ത കാര്യം സൂചിപ്പിച്ച പ്രധാനമന്ത്രി, അഞ്ച് വര്‍ഷം മുന്‍പ് സംസ്ഥാനത്ത് പിഴുതെറിയപ്പെട്ട മാഫിയ ഭരണം ശരിക്കും സ്ത്രീകളെയും പെണ്‍മക്കളെയുമാണ് ബാധിച്ചത് എന്ന് ആരോപിച്ചു.
'പെണ്‍കുട്ടികള്‍ക്ക് ആക്കാലത്ത് റോട്ടിലൂടെ സ്കൂളിലും കോളേജിലും പോകാന്‍ പറ്റാത്ത അവസ്ഥയായിരുന്നു, എന്നാല്‍ യോഗി ഭരണം വന്നതിന് പിന്നാലെ ഗുണ്ടകളെ അവര്‍ അര്‍ഹിക്കുന്ന സ്ഥാനത്ത് നിര്‍ത്തി'- പ്രധാനമന്ത്രി പറഞ്ഞു. 'സ്ത്രീകള്‍ക്ക് ഇന്നത്തെ നിലയില്‍ ഉത്തര്‍പ്രദേശില്‍ സുരക്ഷയും, അവസരങ്ങളും ഉണ്ട്. ഇവിടുത്തെ അമ്മമാരില്‍ നിന്നും സഹോദരിമാരില്‍ നിന്നും അതിന്‍റെ അനുഗ്രഹം ലഭിക്കുമെന്ന് വിശ്വസമുണ്ട്. വീണ്ടും ആ ഇരുണ്ടകാലത്തിലേക്ക് ഉത്തര്‍പ്രദേശ് പോകാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. പ്രഗ്യാരാജിന്‍റെ ഈ മണ്ണില്‍ നിന്നും ഉത്തര്‍ പ്രദേശ് വികസിക്കണം എന്ന പ്രതിജ്ഞ എടുക്കണം'- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ 16 ലക്ഷത്തോളം സ്വയം തൊഴില്‍ നോക്കുന്ന വനിതകളുടെ അക്കൗണ്ടിലേക്ക് 1,000 കോടിയോളം രൂപ സര്‍ക്കാര്‍ നല്‍കിയതായി മോദി റാലിയില്‍ പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന വഴി ഇതിനകം 25 ലക്ഷത്തോളം വീടുകള്‍ രാജ്യത്ത് വച്ചെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam