കുട്ടികളെ പിടിക്കണം, സർക്കാർ സ്കൂളിൽ എത്തിച്ചാൽ പ്രിൻസിപ്പൽമാർക്ക് വിദേശ യാത്ര; വമ്പൻ വാഗ്ദാനങ്ങളുമായി കർണാടക സർക്കാർ

Published : Nov 20, 2025, 09:07 AM IST
school assembly

Synopsis

കർണാടകയിലെ സർക്കാർ സ്കൂളുകളിൽ കുട്ടികളുടെ പ്രവേശനം വർദ്ധിപ്പിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് പുതിയ പദ്ധതി പ്രഖ്യാപിച്ചു. സ്കൂൾ മേധാവികൾക്കും ഉദ്യോഗസ്ഥർക്കും വിദേശ പഠന യാത്രകൾ ഉൾപ്പെടെയുള്ള പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്യുന്നതാണ് ഈ പദ്ധതി.

ബംഗളൂരു: കർണാടകയിലെ സർക്കാർ സ്കൂളുകളിലെ കുട്ടികളുടെ പ്രവേശനം വർദ്ധിപ്പിക്കുന്നതിനായി സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് പുതിയ പദ്ധതി പ്രഖ്യാപിച്ചു. പ്രവേശനത്തിൽ ഗണ്യമായ നേട്ടമുണ്ടാക്കുന്ന സ്കൂൾ മേധാവികൾക്കും വകുപ്പുതല ഉദ്യോഗസ്ഥർക്കും വിദേശ പഠന യാത്രകളാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. 2026–27 അധ്യയന വർഷത്തിൽ, മുൻവർഷത്തെ അപേക്ഷിച്ച് സർക്കാർ സ്കൂളുകളിലും പി യു കോളേജുകളിലും പ്രവേശനം കുറഞ്ഞത് 15 ശതമാനമെങ്കിലും വർദ്ധിപ്പിക്കണമെന്നതാണ് ലക്ഷ്യം.

കർണാടക പബ്ലിക് സ്കൂളുകൾ, പി എം. ശ്രീ സ്കൂളുകൾ എന്നിവിടങ്ങളിൽ ഇത് 25 ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്. ഈ ലക്ഷ്യം കൈവരിക്കുന്ന അഞ്ച് വീതം ഡെപ്യൂട്ടി ഡയറക്ടർമാർ, ഫീൽഡ് എജ്യുക്കേഷൻ ഓഫീസർമാർ, പ്രൈമറി-ഹൈസ്കൂൾ പ്രധാനാധ്യാപകർ, പ്രീ-യൂണിവേഴ്സിറ്റി പ്രിൻസിപ്പൽമാർ എന്നിവരെയാണ് ആഗോളതലത്തിലെ മികച്ച രീതികൾ പഠിക്കുന്നതിനായുള്ള വിദേശ സന്ദർശനത്തിന് തിരഞ്ഞെടുക്കുക. ഇതിനായുള്ള ബോധവൽക്കരണ കാമ്പയിൻ നവംബർ 14-ന് തുടങ്ങി 2026 ജൂൺ വരെ നീണ്ടുനിൽക്കും.

2026 ഏപ്രിലിൽ സ്കൂളുകൾ പ്രവേശന റാലികൾ സംഘടിപ്പിക്കുകയും സർക്കാർ സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ വിശദീകരിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്യുകയും വേണം. സൗജന്യ പാഠപുസ്തകങ്ങൾ, യൂണിഫോം, ഉച്ചഭക്ഷണം, സ്കോളർഷിപ്പുകൾ, യാത്രാ സൗകര്യങ്ങൾ തുടങ്ങിയവയെക്കുറിച്ച് ജനങ്ങളെ അറിയിക്കണം. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഉദ്യോഗസ്ഥർ വിശദമായ സർവേ നടത്തി സ്കൂളിൽ നിന്ന് കൊഴിഞ്ഞുപോയവരെയും അർഹതയുള്ളവരെയും കണ്ടെത്തണം. ബാലവേല ചെയ്യുന്ന കുട്ടികളുടെ രക്ഷിതാക്കളുമായി നേരിട്ട് സംസാരിച്ച് കുട്ടികളെ സ്കൂളിൽ തിരിച്ചെത്തിക്കാൻ സ്കൂൾ മേധാവികൾ ശ്രമിക്കണം.

ഓരോ ജില്ലയിലും ഒരു വിദ്യാഭ്യാസ അംബാസഡർ

ചവറ് പെറുക്കുന്ന കുട്ടികൾ, അനാഥർ, കുടിയേറ്റ തൊഴിലാളികളുടെ കുട്ടികൾ തുടങ്ങിയവരെ നേതാജി ആവാസ്യ വിദ്യാലയങ്ങളിലോ മറ്റ് റെസിഡൻഷ്യൽ സ്കൂളുകളിലോ പ്രവേശിപ്പിക്കും. പ്രചാരണത്തിനായി കഥകൾ, പാട്ടുകൾ, യക്ഷഗാനം, തെരുവ് നാടകങ്ങൾ എന്നിവയും റേഡിയോ, ടിവി മാധ്യമങ്ങളും ഉപയോഗിക്കും. ഓരോ ജില്ലയിലും ഇതിനായി ഒരു വിദ്യാഭ്യാസ അംബാസഡറെ നിയമിക്കും. സ്കൂൾ വികസന സമിതികൾ കൃത്യമായി യോഗം ചേരുകയും ഭരണഘടനാ ദിനം, ഭിന്നശേഷി ദിനം തുടങ്ങിയവ ആചരിക്കുകയും വേണം. സർക്കാർ സ്കൂളുകളുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടാൻ ഡിസംബർ 26-ന് മോക്ക് പാർലമെന്‍റ് നടത്തും.

പ്രവേശന ലക്ഷ്യം കൈവരിക്കുന്നതിന് പുറമേ, പരിശീലന പരിപാടികൾ പൂർത്തിയാക്കുക, സ്കൂളിലെ സാഹചര്യം മെച്ചപ്പെടുത്തുക, കൊഴിഞ്ഞുപോക്ക് കുറയ്ക്കുക തുടങ്ങിയ കാര്യങ്ങൾക്കും അധ്യാപകർക്ക് പാരിതോഷികങ്ങൾ നൽകുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി രശ്മി മഹേഷ് അറിയിച്ചു. അധ്യാപകർക്ക് ഇഷ്ടമുള്ള സ്കൂൾ തിരഞ്ഞെടുക്കാനും, സ്ഥലം മാറ്റമില്ലാതെ ഒരേ സ്കൂളിൽ തുടരാനും, വിദേശത്തോ മറ്റ് സംസ്ഥാനങ്ങളിലോ പഠന യാത്രകൾ നടത്താനും അവസരം നൽകുന്നതടക്കമുള്ള വിവിധ ആനുകൂല്യങ്ങളിൽ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള അവസരവും വകുപ്പ് ഒരുക്കുന്നുണ്ട്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒരുമിച്ച് ജീവിക്കണമെന്ന് കൗമാരക്കാർ, ഭീഷണിയുമായി പെൺകുട്ടിയുടെ കുടുംബം, പയ്യന് 21 വയസ്സാകട്ടെയെന്ന് സർക്കാർ, കോടതി പറഞ്ഞത്
പറക്കാതെ വിമാനങ്ങൾ, പതറി യാത്രക്കാർ; എന്താണ് ഇൻഡി​ഗോയിൽ സംഭവിക്കുന്നത്?