'കൊലപാതകത്തില്‍ തന്‍റെ പേര് വലിച്ചിഴക്കുന്നത് കേരളീയര്‍'; പ്രതാപ് ചന്ദ്ര സാരംഗി

By Web TeamFirst Published Jun 9, 2019, 3:31 PM IST
Highlights

1999-ല്‍ ഒഡിഷയിലെ ഗ്രഹാം സ്റ്റെയിൻസ് എന്ന ക്രിസ്ത്യൻ മിഷനറിയെയും കുട്ടികളെയുമാണ് 'ആൾക്കൂട്ടം' പച്ചയ്ക്ക് കത്തിച്ചുകൊന്നത്. മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് അവരെ കൊന്നവർക്ക് നേതൃത്വം നൽകിയത് തീവ്രഹിന്ദു സംഘടനാ പ്രവർത്തകരാണെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ.

തിരുവനന്തപുരം: ഒഡീഷയില്‍ ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിന്‍റെ കൊലപാതകത്തില്‍ തന്‍റെ പേര് വലിച്ചിഴക്കുന്നത് കേരളീയരാണെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. കൊലപാതകത്തില്‍ തനിക്ക് ബന്ധമുണ്ടെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും സാരംഗി വെളിപ്പെടുത്തി. ഒരു സ്വകാര്യ ചാനലിലാണ് സാരംഗി പ്രതികരണം അറിയിച്ചത്.

1999-ല്‍ ഒഡിഷയിലെ ഗ്രഹാം സ്റ്റെയിൻസ് എന്ന ക്രിസ്ത്യൻ മിഷനറിയെയും കുട്ടികളെയുമാണ് 'ആൾക്കൂട്ടം' പച്ചയ്ക്ക് കത്തിച്ചുകൊന്നത്. മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് അവരെ കൊന്നവർക്ക് നേതൃത്വം നൽകിയത് തീവ്രഹിന്ദു സംഘടനാ പ്രവർത്തകരാണെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ. ബജ്‍രംഗദൾ പ്രവർത്തകനായ ദാരാസിംഗായിരുന്നു കൊലപാതകത്തിന്‍റെ സൂത്രധാരൻ. അന്ന് ബജ്‍രംഗദളിന്‍റെ ഒഡിഷയിൽ നിന്നുള്ള പ്രമുഖ നേതാവായിരുന്നു പ്രതാപ് ചന്ദ്ര സാരംഗി.

പന്ത്രണ്ട് പേരാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. ബജ്‍രം​ഗ് ദളുമായി ബന്ധമുണ്ടായിരുന്ന ദാരാ സിം​ഗിന് വിചാരണ കോടതി വധശിക്ഷ വിധിച്ചുവെങ്കിലും 2003-ൽ ഒഡിഷ ​ഹൈക്കോടതി ഇത് റദ്ദാക്കുകയും മറ്റ് 11 പേരെ വെറുതേ വിടുകയും ചെയ്തു.  ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ പലപ്പോഴും വിദ്വേഷപ്രചരണം നടത്തിയതിന് ഇപ്പോഴും ക്രിമിനൽ കേസ് നേരിടുന്നയാളാണ് സാരംഗി. ദാരാ സിംഗിനെ പ്രതി ചേർത്തതിൽ പ്രതിഷേധിച്ച് 2002-ൽ ഒഡിഷ നിയമസഭയിലേക്ക് ഇരച്ചു കയറി 'ജയ് ശ്രീറാം' വിളിക്കുകയും വസ്തുക്കൾ തല്ലിത്തകർക്കുകയു, ചെയ്തതിന് സാരംഗിക്കും അഞ്ഞൂറോളം വരുന്ന ബജ് രംഗദൾ പ്രവർത്തകർക്കുമെതിരെ ക്രിമിനൽ കേസുകളുണ്ട്.

click me!