
ദില്ലി: നീറ്റ് പരീക്ഷയിൽ 80 ശതമാനം എസ്‍സി, എസ്‍എടി, ഒബിസി വിദ്യാർഥികൾ ജനറൽ വിഭാഗത്തിലെ വിദ്യാർഥികൾക്ക് നിർണയിച്ച കട്ട്-ഓഫ് മാർക്ക് മറികടന്ന് വിജയം നേടിയതായി റിപ്പോർട്ട്. വ്യാഴാഴ്ച്ച ടെലഗ്രാഫ് പത്രമാണ് കണക്കുകൾ പുറത്തു വിട്ടത്. ബുധനാഴ്ച്ചയാണ് നീറ്റ് പരീക്ഷാ ഫലം പുറത്ത് വന്നത്.
50 ശതമാനം മാർക്കാണ് പൊതു വിഭാഗം വിദ്യാർഥികൾക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിർണയിച്ച കട്ട്-ഓഫ് മാർക്ക്. ഒബിസി വിഭാഗത്തിൽ നിന്ന് പരീക്ഷ എഴുതി യോഗ്യത നേടിയ 3.76 ലക്ഷം വിദ്യാർഥികളിൽ 3.12 ലക്ഷം അതായത് 80 ശതമാനം വിദ്യാർഥികളും ജനറൽ വിഭാഗം വിദ്യാർഥികൾക്ക് അടിസ്ഥാനപ്പെടുത്തിയ കട്ട്-ഓഫ് മാർക്ക് മറികടന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പട്ടിക ജാതി വിഭാഗത്തിൽ നിന്ന് പരീക്ഷ എഴുതിയ 99,890 വിദ്യാർഥികളിൽ 79,881 പേരും, പട്ടിക വർഗ വിഭാഗത്തിൽ നിന്ന് പരീക്ഷ എഴുതി യോഗ്യത നേടിയ 35,272 വിദ്യാർഥികളിൽ 26,817 പേരും 50 ശതമാനം കട്ട്-ഓഫ് മാർക്കിന് മുകളിൽ നേടിയവരാണ്.
അതേസമയം സംവരണ വിഭാഗത്തിൽ പെട്ടവർക്ക് 40 ശതമാനം മാർക്കായിരുന്നു നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിശ്ചയിച്ച കട്ട്-ഓഫ്. അത് പ്രകാരം ഒബിസി വിഭാഗത്തിൽ നിന്ന് 63,789 പേരും പട്ടിക ജാതി വിഭാഗത്തിൽ നിന്ന് 20,009 പേരും പട്ടിക വർഗ വിഭാഗത്തിൽ നിന്ന് 8,455 പേരും പരീക്ഷയിൽ യോഗ്യത നേടി.
286,245 പേരാണ് പൊതു വിഭാഗത്തിൽ നിന്ന് യോഗ്യത നേടിയത്. മെയ് 5, 20 എന്നീ തീയ്യതികളിലായാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി മെഡിക്കൽ-ഡെന്റൽ കോഴ്‌സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷ നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam