സമരം ചെയ്യുന്ന കര്‍ഷകരെ സന്ദര്‍ശിച്ച് മഹാത്മാ ഗാന്ധിയുടെ ചെറുമകള്‍

By Web TeamFirst Published Feb 14, 2021, 10:21 AM IST
Highlights

കര്‍ഷകര്‍ക്ക് ഗുണമുണ്ടാകണം. കര്‍ഷകരുടെ ബുദ്ധിമുട്ടിനേക്കുറിച്ച് ആര്‍ക്കും അറിയില്ല. കര്‍ഷകര്‍ക്ക് ഗുണമുണ്ടാകുന്നത് രാജ്യത്തിന് തന്നെയാണ് ഗുണമായി ഭവിക്കുന്നതെന്നും താരാ ഗാന്ധി ഭട്ടാചാര്‍ജി

ഗാസിപൂരിലെത്തി കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ സന്ദര്‍ശിച്ച് മഹാത്മാ ഗാന്ധിയുടെ ചെറുമകള്‍. മഹാത്മാ ഗാന്ധിയുടെ ചെറുമകളും 84കാരിയുമായ താരാ ഗാന്ധി ഭട്ടാചാര്‍ജിയാണ് ശനിയാഴ്ച കര്‍ഷക സമരത്തിന് പിന്തുണയുമായി എത്തിയത്. കര്‍ഷകരോട് സമാധാനപരമായി സമരം തുടരണമെന്ന് ആവശ്യപ്പെട്ട താരാ ഗാന്ധി കര്‍ഷക സമരത്തിന് പരിഹാരം കണ്ടെത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

ഒരു രാഷ്ട്രീയ പരിപാടിയുടെ ഭാഗമായല്ല താന്‍ കര്‍ഷകരെ സന്ദര്‍ശിച്ചതെന്നും അവര്‍ പറഞ്ഞു. ഇത്രയും കാലം എനിക്ക് ഭക്ഷണം തന്ന കര്‍ഷകരെ കാണാനെത്തിയതാണെന്നും താരാ ഗാന്ധി വ്യക്തമാക്കി. എന്ത് സംഭവിച്ചാലും കര്‍ഷകര്‍ക്ക് ഗുണമുണ്ടാകണം. കര്‍ഷകരുടെ ബുദ്ധിമുട്ടിനേക്കുറിച്ച് ആര്‍ക്കും അറിയില്ല. കര്‍ഷകര്‍ക്ക് ഗുണമുണ്ടാകുന്നത് രാജ്യത്തിന് തന്നെയാണ് ഗുണമായി ഭവിക്കുന്നതെന്നും അവര്‍ പറഞ്ഞു. 1857ല്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രതിഷേധം ആരംഭിച്ചത് മീററ്റില്‍ നിന്നാണെന്നും അവര്‍ കര്‍ഷകരുമായി സംവദിക്കുന്നതിനിടെ ഓര്‍മ്മിച്ചു. 

ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായതുമായി അവര്‍ വേദി പങ്കിട്ടു. ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ രാമചന്ദ്ര രാഹി, ഓള്‍ ഇന്ത്യ സര്‍വ്വ് സേവാ സംഘ് മാനേജിംഗ് ട്രസ്റ്റി അശോക് സരണ്‍ എന്നിവരടക്കം നിരവധിപേരാണ് താരാ ഗാന്ധിയെ അനുഗമിച്ചത്. രണ്ട് മാസത്തിലേറെയായി ആയിരക്കണക്കിന് കര്‍ഷകരാണ് ദില്ലിയുടെ അതിര്‍ത്തിയില്‍ സമരം ചെയ്യുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ക്കൊപ്പം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

click me!