ഗ്രെറ്റ തൻബർഗിന്റെ ടൂൾകിറ്റ്: വിശദാംശങ്ങൾ തേടി ദില്ലി പൊലീസ്, ഗൂഗിളിന് കത്ത് നൽകി

By Web TeamFirst Published Feb 5, 2021, 8:27 AM IST
Highlights

എങ്ങനെ സമരം ചെയ്യണമെന്നത് വിശദീകരിച്ചുകൊണ്ടുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ലിങ്കിനെ ടൂൾകിറ്റ് എന്ന് വിശേഷിപ്പിച്ച് ഗ്രെറ്റ ആദ്യം ട്വീറ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു. 

ദില്ലി: ഗ്രെറ്റ തൻബർഗ് ട്വീറ്റ് ചെയ്ത ടൂൾകിറ്റിന്‍റെ വിശദാംശം തേടി ദില്ലി പൊലീസ്. കേസെടുത്തതിനു പിന്നാലെ ദില്ലി പൊലീസ് ഗൂഗിളിന് കത്ത് നൽകി.കാനഡയിലെ ഖാലിസ്ഥാൻ സംഘടനയാണ് ഈ ടൂൾകിറ്റ് നിർദ്ദേശങ്ങൾക്ക് പിന്നിലെന്നാണ് ദില്ലി പൊലീസിന്‍റെ പ്രാഥമിക നിഗമനം. എങ്ങനെ സമരം ചെയ്യണമെന്നത് വിശദീകരിച്ചുകൊണ്ടുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ലിങ്കിനെ ടൂൾകിറ്റ് എന്ന് വിശേഷിപ്പിച്ച് ഗ്രെറ്റ ആദ്യം ട്വീറ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു. 

സാമൂഹിക മാധ്യമങ്ങളിൽ സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാക്പോര് തുടരുകയാണ്.അതിനിടെ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ലോക്സഭയിൽ ഇന്നും തുടരാനാണ് പ്രതിപക്ഷ തീരുമാനം. നടുത്തളത്തിലിറങ്ങിയുള്ള പ്രതിപക്ഷ പ്രതിഷേധം കാരണം ഇതുവരെ നന്ദിപ്രമേയ ചർച്ച ലോക്സഭയിൽ തുടങ്ങാനായിട്ടില്ല. രാജ്യസഭയിൽ ഒന്പതു മണിക്കൂർ ചർച്ച പൂർത്തിയായി. തിങ്കളാഴ്ച പ്രധാനമന്ത്രി ചർച്ചയ്ക്ക് മറുപടി നൽകാനാണ് സാധ്യത. അതിർത്തിയിൽ ഇന്നലെ എത്തിയ എംപിമാരെ തടഞ്ഞതിനെതിരെ പ്രതിപക്ഷം സ്പീക്കർക്ക് പരാതി നൽകി.

 

 

click me!