
നിസാമബാദ്: വിവാഹം മുടങ്ങാന്‍ പല കാരണങ്ങളുമുണ്ട്. എന്നാൽ ഭക്ഷണത്തിലെ ഒരു വിഭവത്തേച്ചൊല്ലിയുള്ള തർക്കം ഒരു വിവാഹം മുടങ്ങാന്‍ കാരണമാവുന്നതിനാണ് തെലങ്കാനയിലെ നിസാമാബാദിലെ ഒരു കല്യാണ വീട് സാക്ഷിയായത്. ഗംഭീരമായ ഒരുക്കങ്ങൾക്ക് ശേഷം വധുവിന്റെ വീട്ടിൽ വച്ച് നടന്ന വിവാഹ നിശ്ചയത്തിലാണ് മട്ടണ്‍ കറിയിലെ മജ്ജ കല്ലുകടിയായത്. ആട്ടിറച്ചിയിൽ മജ്ജ ഇല്ലെന്ന് കാണിച്ച് വരന്റെ വീട്ടുകാർ പരാതി പറഞ്ഞതോടെയാണ് സംഭവം.
ജഗ്തിയാൽ ജില്ലയില്‍ നിന്നാണ് വരനും ബന്ധുക്കളും നിസാമബാദിലെ വധൂഗ്രഹത്തിലെത്തിയത്. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണമായിരുന്നു വിരുന്നിന് ഒരുക്കിയിരുന്നത്. എന്നാൽ ചടങ്ങുകൾ ഭംഗിയായി കഴിഞ്ഞ് ഭക്ഷണം കഴിക്കുന്നതിനിടെയാണ് വിരുന്നുകാരിലൊരാൾ ആട്ടിറച്ചിയിൽ മജ്ജയില്ലെന്ന് പരാതിപ്പെട്ടത്. കറിയിൽ മജ്ജ ഉപയോഗിച്ചിട്ടില്ലെന്ന് വധുവിന്റെ വീട്ടുകാർ വിശദമാക്കിയെങ്കിലും അത് അംഗീകരിക്കാന്‍ വരന്റെ ബന്ധുക്കൾ തയ്യാറാകാതെ വന്നതോടെയാണ് വാക്ക് തർക്കം ആരംഭിച്ചത്. അടുത്ത ബന്ധുക്കൾ സമാധാനിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളൊക്കെ പാളിയതോടെ വാക്കേറ്റം കയ്യേറ്റമായി.
ഇതിന് പിന്നാലെയാണ് ആട്ടിറച്ചിയിൽ മജ്ജ നൽകാതെ പെണ്‍വീട്ടുകാർ അപമാനിച്ചെന്ന് കാണിച്ച് വരനും വീട്ടുകാരും വിവാഹത്തിൽ നിന്ന് പിന്മാറിയത്. സംഭവത്തിൽ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ വച്ച് നടന്ന സമവായ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. ആട്ടിറച്ചി കൊണ്ടുള്ള കറിയിൽ മജ്ജ ഇല്ലെന്ന് വധുവിന്റെ വീട്ടുകാർ നേരത്തെ അറിയിച്ചില്ലെന്നും ഇത് അപമാനിക്കുന്നതിനാണെന്നുമാണ് വരന്റെ വീട്ടുകാർ വിശദമാക്കുന്നത്. പൊലീസ് ഇടപെടലിലെ സമാവായ ശ്രമങ്ങൾ കൂടി പാളിയതോടെ വരന്റെ വീട്ടുകാർ വീട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam