'ഇരുട്ടിലാണ്, ഞങ്ങളെ വിശ്വാസത്തിലെടുത്തോ നിങ്ങൾ?' കശ്മീരികൾ ചോദിക്കുന്നു

Published : Aug 13, 2019, 07:07 PM ISTUpdated : Aug 13, 2019, 07:28 PM IST
'ഇരുട്ടിലാണ്, ഞങ്ങളെ വിശ്വാസത്തിലെടുത്തോ നിങ്ങൾ?' കശ്മീരികൾ ചോദിക്കുന്നു

Synopsis

പലയിടത്തും പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. മൊബൈൽ ഫോണും ഇന്‍റർനെറ്റും ഇപ്പോഴും ലഭ്യമല്ല. ഒബി വാനുകൾ ഉപയോഗിച്ച് ചില മാധ്യമങ്ങൾക്ക് റിപ്പോർട്ടുകൾ നൽകാനാകുന്നുണ്ട്. ഞങ്ങളും ഏറെ ബുദ്ധിമുട്ടിയാണ് ദൃശ്യങ്ങളെത്തിക്കുന്നത്. 

ശ്രീനഗർ: ''നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടതിനെക്കുറിച്ച് ഒന്നും ഞങ്ങൾക്കറിയില്ല. എവിടെയാണ് രാഷ്ട്രീയ നേതാക്കൾ, മുൻ മുഖ്യമന്ത്രിമാരെവിടെ, എന്തിന് ... ഞങ്ങളുടെ സഹോദരൻമാരെവിടെ, ബന്ധുക്കളെവിടെ .. ഒന്നുമറിയില്ല. ഞങ്ങൾ ഇരുട്ടിലാണ്'', ശ്രീനഗർ സ്വദേശി ഹാരിസ് മിറിന്‍റെ ശബ്ദത്തിൽ അമർഷമുണ്ട്. 

അൽപം സമാധാനം വേണമെന്ന് പറയുന്നു ഹാരിസ്. സ്ഥിതിഗതികൾ സാധാരണഗതിയിലല്ല. നിർഭയമായി പുറത്തിറങ്ങാനാകുന്നില്ല. എങ്ങോട്ടെങ്കിലും പോകുമ്പോൾ പൊലീസും സുരക്ഷാസേനയും നിർത്തി ചോദ്യം ചെയ്യും. നിലവിലെ അവസ്ഥ സമാധാനപരമേയല്ലെന്ന് ഹാരിസ്. 

ഇന്‍റർനെറ്റില്ല, മൊബൈലില്ല, ഒരു നെറ്റ്‍വർക്കുമില്ല, മാധ്യമങ്ങളില്ല, കേബിൾ വഴി വാർത്തകളെത്തുന്നില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ, ദൂരെയുള്ള ആരെക്കുറിച്ചെങ്കിലും വിവരങ്ങളറിയണമെങ്കിൽ പൊലീസ് സ്റ്റേഷനിൽ പോകേണ്ട അവസ്ഥയാണെന്ന് ഹാരിസ് തുറന്നുപറയുന്നു. 

ജമ്മു കശ്മീരിന്‍റെ വികസനത്തിന് വേണ്ടിയാണ് ഈ നീക്കമെന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഹാരിസിന്‍റെ മറുപടിയിങ്ങനെ: ''വികസനമോ, ഇന്ത്യയോട് ജമ്മു കശ്മീരിനെ സമ്പൂർണമായി കൂട്ടിച്ചേർക്കലോ അങ്ങനെ എന്ത് വേണമെങ്കിലും ഈ നടപടിയെ നിങ്ങൾ വിളിക്കൂ. അത് ജനങ്ങളാണ് ചെയ്യേണ്ടത്. ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ചെയ്യേണ്ടത്. അതില്ലാതെ ഇത്തരത്തിലൊരു നടപടി എളുപ്പമായിരിക്കാം. പക്ഷേ അതിനോട് ജനങ്ങൾക്ക് വിശ്വാസമുണ്ടാകുമോ? നിങ്ങൾക്കെന്താണ് വേണ്ടതെന്ന് ഞങ്ങളോട് ചോദിക്കുന്നുണ്ടോ? പക്ഷേ, ഞങ്ങൾ നിയമം കയ്യിലെടുക്കില്ല''.

തിങ്കളാഴ്ച ജമ്മു കശ്മീരിലെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘം തലസ്ഥാനഗരിയിലെങ്ങും സഞ്ചരിച്ചു. കർശനമായ നിയന്ത്രണങ്ങളാണ് ജമ്മു കശ്മീരിലെങ്ങും. മൊബൈൽ ഡാറ്റാ സംവിധാനം പൂർണമായും വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്. ഏറെ ബുദ്ധിമുട്ടിയാണ് അവിടെ നിന്നുള്ള ദൃശ്യങ്ങൾ അയക്കാൻ ഞങ്ങൾക്കാകുന്നത്. 

ഞങ്ങളുടെ സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പ്രശാന്ത് രഘുവംശം അടക്കമുള്ളവരുടെ മൊബൈലുകളിൽ ഡാറ്റാ സംവിധാനമില്ല. പകരം പ്രാദേശികമായി ലഭ്യമായ ചെറു സംവിധാനങ്ങൾ വഴി, ചെറിയ റിപ്പോർട്ടുകൾ നൽകുകയാണ് ഞങ്ങൾ. അതെല്ലാം ചേർത്തു വച്ച് വേണം പൂർണമായ റിപ്പോർട്ട് തയ്യാറാക്കാൻ. പൂർണമായ ഒരു റിപ്പോർട്ട് ഒരുമിച്ച് അയക്കാനുള്ള സംവിധാനമടക്കം ജമ്മു കശ്മീരിൽ വിച്ഛേദിക്കപ്പെട്ട നിലയിലാണ്. 

ഈ സാഹചര്യത്തിലാണ് മാധ്യമങ്ങൾക്ക് മേലുള്ള ഇത്തരം കർശന നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധാ ബാസിൻ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ മറ്റൊരു ഹർജിയിൽ, തൽക്കാലം ജമ്മു കശ്മീരിലെ സ്ഥിതിഗതികളിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. സർക്കാരിന് അൽപം കൂടി സമയം നൽകണമെന്നാണ് ജസ്റ്റിസ് എ ആർ ഷാ അഭിപ്രായപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട ഹർജി ഇനി രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമേ പരിഗണിക്കൂ. 

പരമ്പരയുടെ ഒന്നാം ഭാഗം ഇവിടെ: കശ്മീരില്‍ കടുത്ത നിയന്ത്രണത്തില്‍ ഈദ് ആഘോഷം; കശ്മീരില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘം

പരമ്പരയുടെ രണ്ടാം ഭാഗം ഇവിടെ: അതൃപ്തിയുടെ താഴ്‍‍വര: പ്രകടനങ്ങളുടെ ചിത്രം പ്രചരിപ്പിച്ചാൽ നടപടി, കശ്മീരിൽ ഏഷ്യാനെറ്റ് ന്യൂസ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം