ശ്രീനഗർ: ജമ്മു കശ്മീരിന്‍റെ തലസ്ഥാനമായ ശ്രീനഗറിലെ സിവിൽ ലൈൻ മേഖലയിലെ ഒരു പ്രദേശമാണ് രാജ് ഭാഗ്. തിങ്കളാഴ്ച ജമ്മു കശ്മീരിലെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘം തലസ്ഥാനഗരിയിലെങ്ങും സഞ്ചരിച്ചു. കർശനമായ നിയന്ത്രണങ്ങളാണ് ജമ്മു കശ്മീരിലെങ്ങും. മൊബൈൽ ഡാറ്റാ സംവിധാനം പൂർണമായും വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്. ഏറെ ബുദ്ധിമുട്ടിയാണ് അവിടെ നിന്നുള്ള ദൃശ്യങ്ങൾ അയക്കാൻ ഞങ്ങൾക്കാകുന്നത്. 

ഞങ്ങളുടെ സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പ്രശാന്ത് രഘുവംശം അടക്കമുള്ളവരുടെ മൊബൈലുകളിൽ ഡാറ്റാ സംവിധാനമില്ല. പകരം പ്രാദേശികമായി ലഭ്യമായ ചെറു സംവിധാനങ്ങൾ വഴി, ചെറിയ റിപ്പോർട്ടുകൾ നൽകുകയാണ് ഞങ്ങൾ. അതെല്ലാം ചേർത്തു വച്ച് വേണം പൂർണമായ റിപ്പോർട്ട് തയ്യാറാക്കാൻ. പൂർണമായ ഒരു റിപ്പോർട്ട് ഒരുമിച്ച് അയക്കാനുള്ള സംവിധാനമടക്കം ജമ്മു കശ്മീരിൽ വിച്ഛേദിക്കപ്പെട്ട നിലയിലാണ്. 

ഈ സാഹചര്യത്തിലാണ് മാധ്യമങ്ങൾക്ക് മേലുള്ള ഇത്തരം കർശന നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധാ ബാസിൻ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി  അടിയന്തരമായി കേൾക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. വിവരങ്ങൾ സുപ്രീം കോടതി രജിസ്‌സ്ട്രിക്ക് കൈമാറാൻ ജസ്റ്റിസ് അരുൺ മിശ്ര നിർദേശം നൽകി. 

നിയന്ത്രണങ്ങളുടെ എട്ടാം ദിവസം

ആഗസ്റ്റ് നാലാം തീയതി അർദ്ധരാത്രിയായിരുന്നു ജമ്മു കശ്മീരിൽ കടുത്ത നിയന്ത്രണങ്ങൾ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്. എല്ലാ വാർത്താ വിനിമയ സംവിധാനങ്ങളും വിച്ഛേദിക്കപ്പെട്ടു. കശ്മീരിലെ മുൻ നിര പത്രമായ ഗ്രേറ്റർ കശ്മീരിന്‍റെ വെബ്‍സൈറ്റ് അപ്‍ഡേറ്റ് ചെയ്യപ്പെട്ടിട്ട് എട്ട് ദിവസം തികയുന്നു. വിവരങ്ങൾ ജമ്മു കശ്മീരിൽ നിന്ന് കൃത്യമായി പുറത്തേയ്ക്ക് വരുന്നില്ല. 

നേതാക്കൾ എല്ലാവരും ഇപ്പോഴും വീട്ടു തടങ്കലിൽത്തന്നെ തുടരുകയാണ്. ഇന്നലത്തെ ഈദ് ആഘോഷം ശാന്തമായാണ് കടന്നുപോയത്. ഈദ് ഗാഹുകൾ നടക്കുന്ന പള്ളികൾക്ക് മുകളിലൂടെ ഹെലികോപ്റ്ററുകളും ഡ്രോണുകളും പറക്കുന്ന ദൃശ്യങ്ങൾ ഞങ്ങൾ കണ്ടു. അത് ഞങ്ങൾക്ക് പ്രേക്ഷകരിലേക്ക് എത്തിക്കാനായിട്ടുണ്ട്. ജനങ്ങൾക്കിടയിൽ വലിയ അതൃപ്തി നിലനിൽക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. ഇത് സുരക്ഷാസേനയെയും ജമ്മു കശ്മീർ ഭരണകൂടത്തെയും ആശങ്കയിലാക്കുന്നുമുണ്ട്.

തുടരുന്ന പ്രതിഷേധങ്ങൾ

സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധങ്ങൾ തുടരുകയാണ്. എന്നാലിതെല്ലാം ഒറ്റപ്പെട്ട പ്രാദേശിക പ്രതിഷേധങ്ങളാണെന്ന് സുരക്ഷാ സേന വ്യക്തമാക്കുന്നു. ഇരുപതോ ഇരുപത്തിയഞ്ചോ പേർ മാത്രമാണ് ഇതിൽ പങ്കെടുക്കുന്നതെന്നും സുരക്ഷാ സേന പറയുന്നു.

അതല്ലാതെയുള്ള ദൃശ്യങ്ങളും എന്നാൽ പുറത്തുവരുന്നുണ്ട്. അത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനാണ് ഇപ്പോൾ സുരക്ഷാ സേന തീരുമാനിച്ചിരിക്കുന്നത്. 

ചില സ്ഥലങ്ങളിൽ പ്രതിഷേധക്കാർ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. പരിക്കേറ്റ ചില പ്രതിഷേധക്കാർ ആശുപത്രികളിൽ ചികിത്സയിലാണ്. എത്ര നാൾ ഈ നിയന്ത്രണങ്ങൾ തുടരുമെന്ന കാര്യത്തിൽ ഒരു വിശദീകരണവും ഭരണകൂടം നൽകുന്നില്ല. കുറച്ചുകാലം നിയന്ത്രണങ്ങൾ തുടരുമെന്ന് തന്നെയാണ് സൂചനകൾ. സ്വാതന്ത്ര്യദിനത്തിന് ശേഷം സർക്കാർ എന്തെങ്കിലും ഇളവുകൾ നിയന്ത്രണങ്ങളിൽ പ്രഖ്യാപിക്കുമോ എന്നാണ് ജമ്മു കശ്മീരുകാർ ഉറ്റുനോക്കുന്നത്.

പരമ്പരയുടെ ഒന്നാം ഭാഗം ഇവിടെ: കശ്മീരില്‍ കടുത്ത നിയന്ത്രണത്തില്‍ ഈദ് ആഘോഷം; കശ്മീരില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘം

ജമ്മു കശ്മീരിൽ നിന്ന് ക്യാമറാമാൻ പി വടിവേലിനൊപ്പം, ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പ്രശാന്ത് രഘുവംശം തയ്യാറാക്കിയ റിപ്പോർട്ട് കാണാം: